ശതകോടീശ്വരന്റെ മകൾ, പൊതുജനശ്രദ്ധയിൽപ്പെടാതെ വർഷങ്ങളോളം ജീവിച്ചു: 22-ാം വയസ്സിൽ സംരംഭകയായ ഫേബെ

Mail This Article
ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥപകനുമായ ബിൽഗേറ്റ്സിന്റെ മകൾ എന്നൊരൊറ്റ വിശേഷണം മതി ഫേബെ അഡെൽ ഗേറ്റ്സ് എന്ന സംരംഭകയെ അടയാളപ്പെടുത്താൻ. മുതിരും വരെ പൊതുജന ശ്രദ്ധയിൽ നിന്ന് മാറി നിന്ന ബിൽഗേറ്റ്സിന്റെ മക്കളിലൊരാളായ ഫേബെ ഇപ്പോൾ ഒരു സംരംഭക കൂടിയാണ്. ഉറ്റ സുഹൃത്ത് സോഫിയ കിയാനിയുമായി ചേർന്ന് ഫിയ എന്ന പേരിൽ എഐ പവർഷോഫിങ് ആപ് ആണ് ഫേബെ ആരംഭിച്ചത്.
സെക്കൻഡ്ഹാൻഡ് ഷോപ്പിങ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം തുടങ്ങിയതെന്നാണ് ഫേബെയുടെ വിശദീകരണം. മാലിന്യവും കാർബൺഫൂട്പ്രിന്റ്സും കുറയ്ക്കുക എന്ന ലക്ഷ്യമാണിതിനു പിന്നിലെന്നും അവർ വ്യക്തമാക്കുന്നു. പുതിയ സംരംഭത്തെക്കുറിച്ച് ഫേബെ മാധ്യമങ്ങളോട് വിശദീകരിച്ചതിങ്ങനെ - ‘40,000ത്തിലധികം വെബ്‌സൈറ്റുകളിലെ വസ്ത്രങ്ങളുടെ വിലവിവരങ്ങൾ സമാഹരിച്ച് താരതമ്യം ചെയ്യാനുള്ള അവസരം ഉപയോക്താക്കൾക്ക് നൽകുകയും ഷോപ്പിങ് അനുഭവങ്ങൾ വ്യക്തിഗതമാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന രീതിയിലാണ് ആപ് രൂകൽപന ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഫാഷൻ പ്ലാറ്റ്‌ഫോം എന്ന പ്രത്യേകതയും ഇതിനുണ്ട്.’
ബിൽഗേറ്റ്സിന്റെയും മെലിൻഡ ഗേറ്റ്സിന്റെയും മകളായി 2002 സെപ്റ്റംബർ 14 ന് വാഷിങ്ടണിലെ മെഡീനയിലാണ് ഫേബെ അഡെൽ ഗേറ്റ്സ് ജനിച്ചത്. റോറി ജോൺ ഗേറ്റ്സ്, ജെന്നിഫർ കാതറിൻ എന്നീ മക്കളും ദമ്പതികൾക്കുണ്ട്. ഫേബെയെയും സഹോദരങ്ങളെയും വർഷങ്ങളോളം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയാണ് അവർ വളർത്തിയത്.
ന്യൂയോർക്ക് ആസ്ഥാനമായ പ്രൊഫഷണൽ ചിൽഡ്രൻസ് സ്കൂളിലായിരുന്നു ഫേബെയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനു ശേഷം വിവിധ കലകളും, ബാലെയും സംഗീതവും എഴുത്തുമൊക്കെ പരിശീലിക്കാനായി പ്രശസ്തമായ ജൂലിയാർഡ് സ്കൂളിൽ ചേർന്നു. 2024 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്യൂമൻ ബയോളജിയിൽ സയൻസ് ബിരുദം പൂർത്തിയാക്കിയ ഫേബെ സാങ്കേതികവിദ്യയിൽ തന്റെ പിതാവിന്റെ ഇഷടങ്ങള പിന്തുടരാൻ ആഗ്രഹിക്കുന്നവളാണ്.
അടുത്തിടെ ആരംഭിച്ച ബേൺഔട്ട് എന്ന പോഡ്കാസ്റ്റിലൂട പിതാവായ ബിൽഗേറ്റിനെക്കുറിച്ച് ഫേബെ പറഞ്ഞതിങ്ങനെ- ‘ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിലെ ബിരുദം പൂർത്തിയാക്കാതെയാണ് അദ്ദേഹം പാഷന്റെ പിന്നാലെ പോയത്. പക്ഷേ ഞാൻ ബിരുദം പൂർത്തിയാക്കണമെന്ന് അദ്ദേഹം കർശനമായി പറഞ്ഞിരുന്നു. പല കാര്യങ്ങളിലും ഞങ്ങൾ സമാനത പുലർത്തുന്നവരാണ്.’