കടുകുപാടങ്ങളിൽ കളിച്ചു വളർന്നു; കർഷക കുടുംബത്തിൽ നിന്നും റാംപിലേക്ക്: നന്ദിനി അണിയുമോ വിശ്വകിരീടം?

Mail This Article
‘എവിടെ നിന്നു വന്നു എന്നതിനല്ല, ലക്ഷ്യത്തിലെത്തുക എന്നതിനാണ് പ്രസക്തി!’ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഈ വാക്കുകൾ നന്ദിനി ഗുപ്ത എന്ന 21 വയസ്സുകാരിയുടേതാണ്. ഹൈദരാബാദിൽ നടക്കുന്ന 72-ാമത് സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് ആ പെൺകുട്ടി. 2025 ലെ മിസ് വേൾഡ് മത്സരാർഥിയായ നന്ദിനി ഗുപ്ത സ്വന്തം നാട്ടിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2025 മെയ് 31 നാണ് മത്സരം.‘
സ്വന്തം മണ്ണിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഭാഗ്യം ലഭിച്ച സുന്ദരി
രാജസ്ഥാനിലെ കോട്ടയിലെ ഒരു കർഷക കുടുംബത്തിലാണ് 2003 ൽ നന്ദിനി ജനിച്ചത്. അച്ഛൻ കർഷകനാണ്. അമ്മ വീട്ടമ്മയും. ഒരു ഇളയ സഹോദരിയും നന്ദിനിക്കുണ്ട്. ഇവരെക്കൂടാതെ ബാൻജോയി എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയും വീട്ടിലുണ്ടെന്ന് നന്ദിനി പറയുന്നു. കടുകും തിനയും കടലയും കൃഷി ചെയ്യുന്ന വയലുകളിൽ കളിച്ചു വളർന്ന നന്ദിനി ജീവിതത്തിലെ 14 വർഷത്തോളം ചെലവഴിച്ചത് കോട്ടയിലാണ്. മാല റോഡിലെ സെന്റ് പോൾസ് സീനിയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിനി മുംബൈയിലെ ലാല ലജ്പത് റായ് കോളജിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും നേടിയിട്ടുണ്ട്. 2023ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടവും നന്ദിനി നേടി.
മെയ് 6 ന് ഹൈദരാബാദിലെ ട്രൈഡന്റിൽ നടന്ന പത്രസമ്മേളനത്തിൽ നന്ദിനി ഗുപ്ത പറഞ്ഞതിങ്ങനെ- ‘സ്വന്തം മണ്ണിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ എനിക്കഭിമാനമുണ്ട്. തെലങ്കാനയുടെ ആകർഷണീയതയും ഊഷ്മളതയും വൈവിധ്യവും ഈ യാത്രയ്ക്ക് അവിസ്മരണീയ പശ്ചാത്തലമൊരുക്കുമെന്ന് ഞാൻ കരുതുന്നു. അത്യധികം ആവേശത്തോടെ ലോകത്തെ ഞാനിവിടേക്ക് സ്വാഗതം ചെയ്യുന്നു. ഒരാൾക്ക് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെന്ന നിശ്ചയദാർഢ്യമുണ്ടെങ്കിൽ, നിങ്ങൾ എവിടെ നിന്നു വന്നു, എവിടേക്ക് പോകുന്നു എന്ന കാര്യങ്ങൾക്കൊന്നും പ്രസക്തിയില്ല എന്നും ഞാൻ വിശ്വസിക്കുന്നു.’
‘ബ്യൂട്ടി വിത്ത് പർപസ്’ എന്ന ആശയമാണ് ഇക്കുറി ലോക സൗന്ദര്യ മത്സരം മുന്നോട്ടു വയ്ക്കുന്നത്. അതിനോട് ഏറെ ചേർന്നു നിൽക്കുന്ന പദ്ധതിയാണ് നന്ദിനി ഗുപ്തയുടെ ഏക്ത. ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ ശ്വാശ്വതവും അർഥപൂർണവുമായ മാറ്റങ്ങൾ കൊണ്ടുവരുക എന്നതാണ് ഏക്ത എന്ന പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യമുള്ള ആളുകളെ സ്വീകരിക്കാനും പരസ്പര ബഹുമാനത്തോടെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്ന തരത്തിലൊരു സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്