‘ഇന്ത്യ എന്റെ വീട്’: സൈന്യം നൽകിയ സംരക്ഷണത്തില്‍ സമാധാനത്തോടെ ഉറങ്ങിയെന്ന് റഷ്യൻ വനിത
Mail This Article
ഇന്ത്യ–പാക് സംഘർഷങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് റഷ്യൻ യുവതിയുടെ ഹൃദയഹാരിയായ വിഡിയോ. ഇന്ത്യ സ്വന്തം വീടാണെന്നാണ് യുവതി വിഡിയോയിൽ പറയുന്നത്. രാജ്യത്തെ സംരക്ഷിച്ചതിന് ഇന്ത്യൻ ആർമിയോട് നന്ദിയുണ്ടെന്നും യുവതി പറയുന്നുണ്ട്. ഗുരുഗ്രാമില്‍ സ്ഥിരതാമസമാക്കിയ റഷ്യൻ യുവതി പൊളൈന അഗർവാളാണ് വിഡിയോയിലുള്ളത്.
‘രാത്രി സമാധാനമായി ഉറങ്ങാൻ ഞങ്ങളെ സഹായിച്ച ഓരോ ഇന്ത്യന്‍ സൈനികനോടും കടപ്പെട്ടിരിക്കുന്നു.’– എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. മാധ്യമങ്ങളിലൂടെ സംഘർഷത്തിന്റെ വാർത്ത കേട്ട മുത്തശ്ശി റഷ്യയിലെ വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടെന്നും പൊളൈന പറയുന്നു. ‘ഏത് വീടെന്ന് ഞാൻ ചോദിച്ചു. ഇന്ത്യയിലെ ഗുരുഗ്രാമിലാണ് ഇപ്പോൾ എന്റെ വീടെന്ന് മുത്തശ്ശിയോട് പറഞ്ഞു.’– പൊളൈന കൂട്ടിച്ചേർത്തു.
‘റഷ്യ നൽകിയ നൂതന സാങ്കേതികവിദ്യയുള്ള ആയുധങ്ങൾ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തിലുണ്ട്. ഡ്രോണുകൾ, ജെറ്റുകൾ, വിമാനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ഇവയ്ക്ക് സാധിക്കും.’– പൊളൈന പറഞ്ഞു. ജീവൻ പണയം വച്ച് സംരക്ഷണമേര്‍പ്പെടുത്തിയ ഇന്ത്യൻ സൈനികരെ പ്രകീർത്തിക്കാനും പൊളൈന മറന്നില്ല. ‘ഇന്ത്യൻ സൈനികരുടെ ആത്മസമർപ്പണവും ഹൃദയവിശാലതയും കാരണമാണ് രാത്രിയിൽ ഞങ്ങൾക്കു സമാധാനമായി ഉറങ്ങാൻ സാധിച്ചത്. അവരുടെ ജീവനു ഭീഷണിയുണ്ടായിട്ടും അവർ ഞങ്ങളുടെ ജീവൻ സംരക്ഷിച്ചു. എന്താണ് യഥാർഥത്തിൽ അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങൾക്കിപ്പോഴും അറിയില്ല. അവരോട് ഞാൻ അത്യന്തം കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ എനിക്ക് സമാധാനമുള്ള വീടാണെന്ന് ഞാൻ പറയും.’– പൊളൈന വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘വളരെ മനോഹരമായി പറഞ്ഞു. നമ്മളെ എല്ലാദിവസവും സംരക്ഷിക്കുന്ന സൈനികരുടെ ധൈര്യവും ആത്മസമർപ്പണവും വളരെ വലുതാണ്. എസ്–400, ആകാശ് പോലെയുള്ള പ്രതിരോധ സംവിധാനങ്ങൾ നമ്മുടെ കരുത്താണ്. നമ്മുടെ സൈനികർക്കിരിക്കട്ടെ സല്യൂട്ട്.’ എന്നാണ് വിഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്. ‘എത്ര മനോഹരവും ശക്തവുമായ സന്ദേശം. എക്കാലവും ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യമാണ് റഷ്യ.’– എന്നിങ്ങനെയും ചില കമന്റുകൾ എത്തി.