ഇന്ത്യയുടെ സാംസ്കാരിക മഹോത്സവം ന്യൂയോർക്കിൽ; എൻഎംഎസിസി ‘ഇന്ത്യാ വീക്കെൻഡ്’ സെപ്റ്റംബർ 12 മുതൽ 14 വരെ

Mail This Article
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം ആഗോള വേദിയിലേയ്ക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് നിത അംബാനി. ന്യൂയോർക്ക് സിറ്റിയിലെ ലിങ്കൺ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സിൽ മൂന്ന് ദിവസങ്ങളിലായി 'നിത അംബാനി കൾച്ചറൽ സെൻ്റർ ഇന്ത്യ വീക്കെൻഡ് ' സംഘടിപ്പിക്കും. സെപ്റ്റംബർ 12 മുതൽ 14 വരെ നടക്കുന്ന പരിപാടി ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകം ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന വേദിയായിരിക്കുമെന്ന് നിത അംബാനി വ്യക്തമാക്കി.
ലോകത്തിനു മുന്നിൽ ഇന്ത്യൻ കലകളെയും കലാകാരന്മാരെയും ഏറ്റവും മഹത്തരമായ രീതിയിൽ അവതരിപ്പിക്കാൻ ലിങ്കൺ സെന്ററിനേക്കാൾ മികച്ച മറ്റൊരു വേദിയില്ലെന്നും നിത അംബാനി അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 12 ന് ഡേവിഡ് എച്ച്. കോഷ് തിയേറ്ററിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാടക നിർമാണമായ 'ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷ'ൻ്റെ യുഎസ് പ്രീമിയറോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ബിസി 5000 മുതൽ 1947ൽ സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള ഇന്ത്യയുടെ യാത്രയാണ് ഇതിൽ വിവരിക്കുന്നത്. നൂറിലധികം കലാകാരന്മാർ, സങ്കീർണമായ സെറ്റുകൾ, ഇന്ത്യയിലെ മുൻനിര പ്രതിഭകളുടെ സാന്നിധ്യം എന്നിവയെല്ലാം ഷോയെ വേറിട്ടതാക്കും.

ഇന്ത്യൻ വീക്കെൻഡിന്റെ ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ' ഗ്രാൻഡ് സ്വാഗത്' ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ പരമ്പരാഗത നെയ്ത്തു വിദ്യയും കരകൗശല വൈദഗ്ധ്യവും ആഘോഷിക്കുന്ന രീതിയിൽ മനീഷ് മൽഹോത്ര ഒരുക്കുന്ന സ്വദേശ് ഫാഷൻ ഷോ, പുരാതനകാലം മുതൽ ആധുനികകാലം വരെയുള്ള ഇന്ത്യൻ പാചകരീതികൾ പരിചയപ്പെടുത്തിക്കൊണ്ട് ഷെഫ് വികാസ് ഖന്നയുടെ പാചകപ്രദർശനം എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.
ഗായകരായ ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, ക്ലാസിക്കൽ സംഗീതജ്ഞൻ ഋഷഭ് ശർമ എന്നിവരുടെ സംഗീത പരിപാടികൾക്ക് പുറമെ ഇന്ത്യൻ ഫാഷൻ, വസ്ത്രങ്ങൾ, രുചികൾ എന്നിവയെല്ലാം കണ്ടറിയാൻ അവസരം ഒരുക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ബസാറും ഇന്ത്യ വീക്കെൻഡിൽ ഒരുങ്ങുന്നു. ഭജനകൾ, മന്ത്രോച്ചാരണങ്ങൾ എന്നിവയോടെയാണ് ഓരോ ദിവസവും പരിപാടികൾ ആരംഭിക്കുന്നത്.

വെൽനസ് വിദഗ്ധൻ എഡ്ഡി സ്റ്റെർണിന്റെ യോഗ സെഷനുകൾ, ക്രിക്കറ്റിനെക്കുറിച്ചുള്ള പാനൽ ചർച്ച, പ്രശസ്ത നൃത്തസംവിധായകൻ ഷിയാമാക് ദാവറിന്റെ ബോളിവുഡ് നൃത്ത വർക്ക്‌ഷോപ്പുകൾ, ഇന്ത്യൻ ഫാഷനും കരകൗശല വസ്തുക്കളും വാങ്ങാൻ അവസരം ഒരുക്കുന്ന സ്വദേശ് പോപ്പ്-അപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളുടെ നീണ്ട നിര തന്നെ തയാറാകുന്നുണ്ട്. സാംസ്കാരിക മഹോത്സവത്തിന്റെ ആദ്യദിവസം താൻ നൃത്തം അവതരിപ്പിക്കുമെന്നും നിതാ അംബാനി വെളിപ്പെടുത്തി.