വിട്ടൊഴിയാത്ത വിവാദങ്ങൾ; പ്രായം തോൽപ്പിക്കാത്ത സൗന്ദര്യം: എന്തുകൊണ്ട് തൃഷ സിംഗിളായി തുടരുന്നു?

Mail This Article
‘തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്രതാരസുന്ദരികൾ വന്നാലും തൃഷ കൃഷ്ണന്റെ തട്ട് താണു തന്നെയിരിക്കും’ . ലേശം അഹങ്കാരം കലർന്ന ആവേശത്തോടെയാണ് ആരാധകർ അവരുടെ പ്രിയ നടിയെക്കുറിച്ച് വാചാലരാകുന്നത്. തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് തൃഷ കൃഷ്ണൻ. ഒരുപാട് താരസുന്ദരികൾ തെന്നിന്ത്യൻ സിനിമാലോകം അടക്കി വാഴുന്നുണ്ടെങ്കിലും അവരൊന്നും തൃഷയ്ക്കു പോന്ന എതിരാളികളല്ലെന്നാണ് ആരാധകരുടെ പക്ഷം. കാരണം രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യയിലെ താരറാണിപ്പട്ടം തൃഷയ്ക്കു സ്വന്തമാണ്. ബ്ലോക്ക് ബസ്റ്ററുകളും ഫ്ലോപ്പുകളുമൊക്കെ കരിയറിൽ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും തമിഴിലെ അഭിനയ കുലപതികളുടെ ചിത്രങ്ങളിലെ നായികാസ്ഥാനം അവർ തൃഷയ്ക്കു വേണ്ടി ഒഴിച്ചിടാറുണ്ട്. 42-ാം വയസ്സിലും താരറാണിയായി തുടരാൻ തൃഷയ്ക്ക് കഴിയുന്നത് അവരുടെ വ്യക്തി പ്രഭാവം കൊണ്ടു കൂടിയാണെന്നും സിനിമോ ലോകത്ത് അടക്കം പറച്ചിലുകളുണ്ട്.
അയ്യങ്കാരു വീട്ടിലെ പെണ്ണ്
കൃഷ്ണൻ അയ്യർ - ഉമ അയ്യർ ദമ്പതികളുടെ മകളായി 1983 മേയ് 4 ന് തമിഴ്നാട്ടിലെ മദ്രാസിലാണ് തൃഷ ജനിച്ചത്. ചെന്നൈയിലെ ചർച്ച് പാർക്കിലുള്ള സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ തൃഷ ചെന്നൈയിലെ എത്തിരാജ് കോളേജ് ഫോർ വിമനിൽ നിന്ന് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിലാണ് ബിരുദം നേടിയത്. കോളജ് പഠനത്തിനു ശേഷം തൃഷ മോഡലിങ് ചെയ്തു. തുടർന്ന് നിരവധി പരസ്യ പ്രൊജക്റ്റുകൾ തൃഷയെത്തേടിയെത്തി. മോഡലിങ്ങിൽ തുടർന്ന തൃഷ നിരവധി സൗന്ദര്യ മൽസരങ്ങളിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 1999 ൽ നടന്ന സൗന്ദര്യ മൽസരത്തിൽ ‘മിസ് സേലം’ ആയി തൃഷ തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ നടന്ന മറ്റൊരു സൗന്ദര്യ മൽസരത്തിൽ ‘മിസ് ചെന്നൈ’ എന്ന ടൈറ്റിലും നേടി. 2001 ൽ നടന്ന മിസ് ഇന്ത്യ മൽസരത്തിലും തൃഷ പങ്കെടുത്തിട്ടുണ്ട്. ആ മൽസരത്തിൽ തൃഷ നേടിയത് ‘ബ്യൂട്ടിഫുൾ സ്മൈൽ’ എന്ന ടൈറ്റിലാണ്.

ആഗ്രഹിച്ചത് ക്രിമിനൽ സൈക്കോളജിസ്റ്റാകാൻ
പരസ്യചിത്രങ്ങളിലൂടെയും മോഡലിങ്ങിലൂടെയും മ്യൂസിക് വിഡിയോയിലൂടെയും പ്രശസ്തിയിലേക്ക് ഉയർന്ന തൃഷയെത്തേടി സിനിമയിൽ നിന്നും അവസരങ്ങൾ വന്നു. എന്നാൽ പഠനം തുടർന്നുകൊണ്ട് സിനിമയിൽ അഭിനയക്കാനായിരുന്നു തൃഷയ്ക്ക് താൽപര്യം. ഉപരി പഠനത്തിനു ശേഷം ഒരു ക്രിമിനൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യാനായിരുന്നു തൃഷ ആഗ്രഹിച്ചത്. പക്ഷേ സിനിമയിൽ തിരക്കേറിയപ്പോൾ ഉപരിപഠനം തടസ്സപ്പെട്ടു. വേനൽക്കാല ക്ലാസുകളിൽ പങ്കെടുത്തുകൊണ്ട് തൃഷ പഠനം തുടരാൻ ശ്രമിച്ചെങ്കിലും തിരക്കേറിയ സിനിമാ ഷെഡ്യൂളുകൾ തൃഷയുടെ പദ്ധതികളെ ആകെ തകിടം മറിച്ചു.
സഹനടിയായി തുടക്കം, പിന്നീട് തെന്നിന്ത്യയിലെ താരറാണി
1999 ൽ ‘ജോഡി’ എന്ന ചിത്രത്തിൽ നടി സിമ്രാന്റെ സുഹൃത്തിന്റെ കഥാപാത്രം ചെയ്തുകൊണ്ടാണ് തൃഷ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം 2002 ൽ പുറത്തിറങ്ങിയ ‘മൗനം പേസിയദേ’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. 2005 ഓടെ തമിഴ് സിനിമാ ലോകത്ത് താരറാണിയായി ഉദയം കൊണ്ട തൃഷ പിന്നീട് 2007 ൽ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു. 2010 ൽ 'ഖട്ട മീത്ത ' എന്ന ഹിന്ദി ചിത്രത്തിലും തൃഷ അഭിനയിച്ചു. 2014 ൽ 'പവർ 'എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിൽ സാന്നിധ്യമറിയിച്ച തൃഷ 2018 ൽ ' ഹേ ജൂഡ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അഭിനയിച്ചു. അഞ്ച് ഫിലിംഫെയർ അവാർഡുകൾ, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് . അഭിയും നാനും, കൊടി, 96 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് യഥാക്രമം തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് , മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ്-തമിഴ് , മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്-തമിഴ് എന്നിവ ലഭിച്ചു. 2023 ൽ അഭിനയിച്ച 'ലിയോ' എന്ന തമിഴ് ചിത്രമാണ് തൃഷയുടെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം.
ഗോസിപ് കോളങ്ങളിൽ നിറഞ്ഞ പേര്, പക്ഷേ ഇപ്പോഴും സിംഗിൾ
സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്നു സംസാരിക്കാത്ത തൃഷയുടെ പേര് പലപ്പോഴും അവരുടെ പ്രണയത്തിന്റെ പേരിൽ ഗോസിപ് കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂപ്പർ താരജോടിയെന്ന് ആരാധകർ സാക്ഷ്യം പറഞ്ഞ വിജയ്-തൃഷ കോംബോയിൽ ഒരുപാട് വിജയ ചിത്രങ്ങൾ പിറന്നിട്ടുണ്ട്. 2004 ൽ ഗില്ലി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. 2004നും 2008നും ഇടയിൽ നാല് ചിത്രങ്ങളിൽ ഇവർ ജോഡികളായി. ദളപതി വിജയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നതോടെ നിരവധി വർഷങ്ങൾ അവർ ഒരുമിച്ചഭിനയിച്ചില്ല. പിന്നീട് 2023 ലെ ലിയോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചത്. ചലച്ചിത്രതാരവും നിർമാതാവും സംരംഭകനുമായ റാണ ദഗുപതിയും തൃഷയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുവെന്നുമുള്ള തരത്തിലുള്ള വാർത്തകളും ഇടക്കാലത്ത് പരന്നിരുന്നു എന്നാൽ തങ്ങൾ ഡേറ്റ് ചെയ്തിരുന്നുവെന്നും പക്ഷേ പ്രണയം വർക്കൗട്ടായില്ലെന്നും പിന്നീട് ഒരു അഭിമുഖത്തിലൂടെ റാണ തുറന്നു പറഞ്ഞിരുന്നു. തങ്ങൾ ദീർഘകാലമായി സുഹൃത്തുക്കളായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. റാണ ദഗുപതിയുമായുള്ള പ്രണയത്തകർച്ചയ്ക്കു ശേഷം തൃഷ വാർത്തകളിൽ നിറഞ്ഞത് അവരുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ടായിരുന്നു. ചെന്നൈയിൽ നിന്നുള്ള ബിസിനസ്സുകാരനായ വരുൺ മണിയനും തൃഷയും തമ്മിലുള്ള വിവാഹനിശ്ചയം 2015 ൽ ആയിരുന്നു. എന്നാൽ ആ വിവാഹത്തിൽ നിന്ന് തൃഷ പിന്നീട് പിന്മാറുകയാണുണ്ടായത്. വിവാഹശേഷം തൃഷ അഭിനയിക്കരുതെന്ന് വരുൺ പറഞ്ഞെന്നും അക്കാരണത്താലാണ് തൃഷ വിവാഹത്തിൽ നിന്ന് പിന്‍മാറിയതെന്നും പറയപ്പെടുന്നു.

പ്രായം തോൽപിക്കാത്ത സൗന്ദര്യം, വിട്ടൊഴിയാത്ത വിവാദം
നാൽപതുകളിലും മോഹിപ്പിക്കുന്ന സൗന്ദര്യവുമായി തൃഷ അഭ്രപാളികളിൽ നിറയുമ്പോൾ തെല്ലസൂയയോടെ അവരുടെ തിരഞ്ഞെടുപ്പിനെ കുറ്റപ്പെടുത്തുകയാണ് ആരാധകരിപ്പോൾ. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ തന്നേക്കാൾ 30 വയസ്സിനു മുതിർന്ന കമൽഹാസന്റെ ജോഡിയായാണ് തൃഷയെത്തുന്നത്. ചിത്രത്തിലെ ട്രെയിലറിൽ കമലിനൊപ്പമുള്ള ചില ഇന്റിമേറ്റ് സീനുകളുടെ പേരിൽ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ് തൃഷ. വിവാദങ്ങൾക്ക് കൃത്യമായ മറുപടിയും തൃഷയുടെ പക്കലുണ്ട്. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രി റിലീസ് അടുത്തിടെ മുംബൈയിൽ നടന്നിരുന്നു.
കമൽ ഹാസനുമായുള്ള സ്‌ക്രീനിലെ കെമിസ്ട്രിയെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്കും സംസാരങ്ങൾക്കും തൃഷ മറുപടി പറഞ്ഞതിങ്ങനെ.-‘ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ ഒപ്പിടുന്നതിന് മുൻപു തന്നെ ഈ ജോഡി സ്‌ക്രീനിൽ മാന്ത്രികത സൃഷ്ടിക്കുമെന്ന് എനിക്കു തോന്നിയിരുന്നു. വിമർശനവും ഞാൻ പ്രതീക്ഷിച്ചിരുന്നു.’ ഇന്റിമേറ്റ് സീനിന്റെ വിവാദം കെട്ടടങ്ങും മുൻപ് ചിത്രത്തിലെ ഷുഗർബേബി എന്ന ഗാനത്തിന്റെ പേരിലും തൃഷ വിവാദത്തിൽപ്പെട്ടു. നാൽപ്പതു കഴിഞ്ഞ നടി ഷുഗർ ബേബി എന്ന ഗാനരംഗത്തിലഭിനയിക്കുന്നത് അനുചിതമണെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. പക്ഷേ വിവാദങ്ങളെയൊന്നും തെല്ലും കൂസാതെ ഒരു ചെറു പുഞ്ചിരിയോടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ആഘോഷിക്കുകയാണ് തൃഷ. ഇപ്പോൾ സിംഗിളാണെങ്കിലും എന്നെങ്കിലും പൂർണമായി മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തിയാൽ വിവാഹിതയാകും എന്ന ഉറപ്പും തൃഷ ആരാധകർക്ക് നൽകുന്നുണ്ട്.