വെടിവച്ചു, പാതി ജീവനോടെ കുഴിച്ചിട്ടു; പാക്ക് സ്ത്രീകൾ നേരിടുന്ന ‘കാരോ-കാരി’ എന്ന കൂട്ടക്കുരുതി

Mail This Article
പാക്കിസ്ഥാനിലെ ടിക്ടോക് താരവും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പതിനേഴു വയസ്സുകാരി സനാ യൂസഫ് വെടിയേറ്റു മരിച്ച വാർത്ത ചർച്ചയാകുമ്പോൾ അതൊരു ദുരഭിമാനക്കൊലയാണോയെന്ന് സംശയിക്കുന്നവരും കുറവല്ല. ഇസ്‍ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം. ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കണ്ടന്റുകളിടുന്ന ഊർജ്ജ്വസ്വലയായ പെൺകുട്ടി നാലുലക്ഷത്തിലധികം ഫോളവേഴ്സിനെ നേടിക്കൊണ്ടാണ് ഏറെയിഷ്ടമുള്ള കാര്യങ്ങൾ ചെയ്തിരുന്നത്. ചിത്രാലിൽ നിന്നുള്ള സനയുടെ അച്ഛൻ ഒരു സാമൂഹിക പ്രവർത്തകനായിരുന്നു. യുവത്വത്തെ ശാക്തീകരിക്കാൻ ശേഷിയുള്ള കണ്ടന്റുകളാണ് സനാ പങ്കുവച്ചിരുന്നത്. സാംസ്കാരിക അവബോധം, സ്ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസ സന്ദേശങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് സന കൂടുതലായും സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നത്.
കേവലം വിനോദോപാധിയെന്ന നിലയില്‍ അല്ല സനാ കണ്ടന്റ് ക്രിയേഷനെ കണ്ടത്. മറിച്ച് യുവാക്കളെ പ്രത്യേകിച്ച് പെൺകുട്ടികളെ പ്രചോദിപ്പിക്കാനുള്ള ഉപാധിയായാണ്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് സനായെ ഒരു അക്രമി പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. അയാൾ വീട്ടിൽ കയറി വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. രണ്ട് വെടിയുണ്ടകൾ ഏറ്റ സന തൽക്ഷണം മരിച്ചു. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (പിഐഎംഎസ്) മാറ്റി. ഇസ്‌ലാമാബാദിലെ ജി-13 സെക്ടറിലുള്ള സനായുടെ വീട്ടിൽ വച്ചാണ് അവൾക്ക് വെടിയേറ്റത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതി ഒളിവിലാണ്. ദുരഭിമാനക്കൊലയുടെ സാധ്യത ഉൾപ്പെടെ അധികൃതർ പരിശോധിക്കുന്നുണ്ട്. അക്രമി, കുടുംബത്തിന് പരിചിതനായിരിക്കാമെന്നും ഒരു അതിഥിയായി വീട്ടിൽ പ്രവേശിച്ചിരിക്കാമെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാരോ-കാരി എന്ന പേരിൽ സ്ത്രീകളെ കൊല്ലുന്നു
ദുരഭിമാനക്കൊലയെ കുടുംബത്തിന്റെ അന്തസ്സ് തിരികെ നേടാനുള്ള കുറുക്കുവഴിയായി കാണുന്നവർ പാക്കിസ്ഥാനിലിന്നുമുണ്ട്. കുടുംബത്തിലെ സ്ത്രീകളാണ് മിക്കവാറും ഇതിനിരകളാകുന്നത്. വൈവാഹിക അവിശ്വസ്തത, നിശ്ചയിച്ച വിവാഹത്തിൽ നിന്നുള്ള പിന്മാറ്റം, വിവാഹമോചനം ആവശ്യപ്പെടൽ, പ്രണയം ഇതൊക്കെയാണ് ദുരഭിമാനക്കൊലയ്ക്കുള്ള കാരണങ്ങൾ. 2021-ൽ പാക്കിസ്ഥാനിൽ 470-ലധികം ദുരഭിമാന കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യാവകാശ സംരക്ഷകർ കണക്കാക്കുന്നത് കുടുംബത്തിന്റെ സൽപ്പേര് തിരികെപ്പിടിക്കാനെന്ന പേരിൽ എല്ലാ വർഷവും ഏകദേശം 1000 സ്ത്രീകൾ കൊല്ലപ്പെടുന്നുണ്ടെന്നാണ്. കുടുംബത്തിലെ ഏതെങ്കിലുമൊരു സ്ത്രീ പാക് സമൂഹം കൽപ്പിച്ച രീതികളിൽ നിന്നും മാറിനടന്നാൽ അവരെ കൊല്ലാൻ പദ്ധതിയിടും. കൊലപാതകം നടത്താനായി കുടുംബത്തിലൊരാളെത്തന്നെ ചുമതലപ്പെടുത്തും. കാരോ-കാരി എന്നാണ് ഈ ദുരഭിമാനക്കൊലകൾക്ക് അവർ നൽകിയിരിക്കുന്ന പേര്.

തുടരുന്ന ദുരഭിമാനക്കൊലകൾ
മനുഷ്യാവാകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും എല്ലാവിധത്തിലും ഈ അനീതിയ്ക്ക് തടയിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദുരഭിമാനക്കൊലകൾ ഇവിടെ തുടർന്നുകൊണ്ടേയിരിക്കുന്നു. അധാർമികമായി പെരുമാറി എന്നതിന്റെ പേരിൽ ജീവനെടുക്കപ്പെടുന്ന പലരും കേവലം സംശയത്തിന്റെ പേരിൽ അല്ലെങ്കിൽ ആരോപണത്തിന്റെ പേരിൽ കൊല്ലപ്പെടുന്നവരാണ്. അവരുെട മേൽ ആരോപിക്കുന്ന കുറ്റം ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്നു തെളിയിക്കാനുള്ള സാവകാശം പോലും ആർക്കും ലഭിക്കുന്നില്ല.
ഇഷ്ടപ്പെട്ടയാളിനെ വിവാഹം കഴിച്ചാലും കൊല്ലും
പാക്കിസ്ഥാനിൽ നടന്ന ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യമുള്ള ദുരഭിമാനക്കൊലകളിൽ ഒന്നായിരുന്നു സാമിയ സർവാറിന്റേത്. 1999 ഏപ്രിലിലായിരുന്നു അത്. സാമിയ സർവാറിന്റെ ദുരഭിമാനക്കൊല ഇതിവൃത്തമാക്കി തയാറാക്കിയ ലൈസൻസ് ടു കിൽ എന്ന ബിബിസി ഡോക്യുമെന്‍ററി 2000ൽ അവാർഡ് നേടിയിരുന്നു. ആദ്യബന്ധത്തിൽ നിന്നും വിവാഹമോചനം നേടി, ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാൻ ശ്രമിച്ചതിനായിരുന്നു സ്വന്തം കുടുംബം അവളെ ഇല്ലാതാക്കിയത്.

2009 ഏപ്രിൽ 27-ന് പെഷവാർ പ്രദേശത്തെ പഷ്തൂൺ ഗായികയായ അയ്മാൻ ഉദാസും ദുരഭിമാനക്കൊലയ്ക്കിരയായി കൊല്ലപ്പെട്ട സ്ത്രീയാണ്. വിവാഹമോചനം, പുനർവിവാഹം, കലാജീവിതം എന്നിവ കുടുംബത്തിന്റെ അഭിമാനത്തിന് കോട്ടം വരുത്തിയെന്നാരോപിച്ചാണ് രണ്ടു സഹോദരന്മാർ ചേർന്ന് അവളെ കൊലപ്പെടുത്തിയത്. രണ്ടു കേസിലും പ്രതികളാരും ശിക്ഷിക്കപ്പെട്ടില്ല. ഖൈർപുർ ജില്ലയിലെ ഹജ്‌ന ഷാ ഗ്രാമത്തിൽ താമസിച്ചിരുന്ന തസ്‌ലിം ഖാത്തൂൺ സോളാംഗി എന്ന കൗമാരക്കാരിയുടേതും ദുരഭിമാനക്കൊലയായിരുന്നു. ഗോത്രത്തിന് അപമാനം വരുത്തിവച്ചുവെന്നാരോപിച്ചായിരുന്നു ഗർഭിണിയായ 17കാരിയെ ഗ്രാമീണർ കൊന്നുകളഞ്ഞത്.
അന്ന് കൊല്ലപ്പെട്ടത് അഞ്ചു സ്ത്രീകൾ
2008 ജൂലൈ 14 ന് ബലൂചിസ്ഥാനിലെ ഉമ്രാനി ഗോത്രത്തിലെ ഗോത്രക്കാർ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തി. ആദിവാസി നേതാവിന്റെ വിവാഹാലോചന നിരസിച്ചു, സ്വന്തം ഇഷ്ടപ്രകാരം മറ്റു പുരുഷന്‍മാരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു എന്ന കുറ്റം ചുമത്തിയാണ് അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയത്. മൂന്ന് കൗമാരക്കാരെയും രണ്ട് മധ്യവയസ്കരായ സ്ത്രീകളെയുമാണ് കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി, തല്ലിച്ചതച്ച്, വെടിവച്ച്, പാതി ജീവനോടെ കുഴിച്ചിടുകയായിരുന്നു.

2014 മെയ് 27 ന്, ഫർസാന പര്‍വീൻ ഇക്ബാൽ എന്ന ഗർഭിണിയും കൊലചെയ്യപ്പെട്ടത് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു. പാക്കിസ്ഥാൻ ഹൈക്കോടതിയുടെ മുമ്പാകെ കുടുംബം അവളെ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു . ‘ഞങ്ങളുടെ സമ്മതമില്ലാതെ ഒരു പുരുഷനെ വിവാഹം കഴിച്ച് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അപമാനിച്ചതിനാലാണ് ഞാൻ എന്റെ മകളെ കൊന്നത്, അതിൽ എനിക്ക് ഖേദമില്ല’ എന്ന് ഫർസാനയുടെ പിതാവ് പറഞ്ഞതായി അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു.
ദുരഭിമാനക്കൊലയിൽ നിന്നും ഭാഗ്യം കൊണ്ട് ഇരകൾ രക്ഷപെട്ടാൽ അവർ അക്രമികളായ കുടുംബക്കാരനോട് ക്ഷമിക്കണമെന്ന നിയമമുണ്ട്. അതുകൊണ്ട് തന്നെ ആക്രമണകാരികൾ ശിക്ഷിക്കപ്പെടാറില്ല. 2020 ജൂണിൽ സിന്ധ് പ്രവിശ്യയിലെ ജാംഷോറോ ജില്ലയിൽ കരോ-കാരി പാരമ്പര്യത്തിൽപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊന്നതായി റിപ്പോർട്ടുകളുണ്ട്. 2020 ജൂലൈ ആദ്യം സിന്ധിലെ സുക്കൂർ, നൗഷാഹ്രോ ഫിറോസ്, ഡാഡ് ലെഗാരി പ്രദേശങ്ങളിൽ നിന്ന് സമാനമായ മറ്റ് ആറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2019 ജനുവരി മുതൽ 2019 ജൂൺ വരെ കരോ-കാരി കൊലപാതകങ്ങളുടെ ഔദ്യോഗിക കണക്ക് 78 കേസുകളായിരുന്നു.