ADVERTISEMENT

‘തീയിൽ കുരുത്തത് വെയിലത്തു വാടില്ല’ എന്നു പറയുന്നത് ബോളിവുഡ് താരവും പഞ്ചാബ് കിങ്സിന്റെ സഹഉടമയുമായ പ്രീതി സിന്റയുടെ കാര്യത്തിൽ വളരെ ശരിയാണ്. ജീവിതത്തിലും കരിയറിലും നിറയെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രീതി ഓരോ കാതവും നടന്നു തീർക്കുന്നത്. ഐപിഎൽ വിജയം കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടപ്പോൾ നിറകണ്ണുകളോടെ സ്റ്റേഡിയം വിട്ട പ്രീതി ആഗ്രഹിച്ച വിജയത്തിനായി തിരിച്ചു വരും എന്നൊരുറപ്പ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് നൽകിയിട്ടുണ്ട്. ഐപിഎല്‍ 18-ാം സീസണിൽ പ്രീതിയുടെ പഞ്ചാബ് കിങ്സിന് കപ്പിനും ചുണ്ടിനും ഇടയിൽ വിജയ കിരീടം നഷ്ടപ്പെട്ടപ്പോൾ പ്രീതിയ്ക്കൊപ്പം ആരാധകരുടെ കണ്ണും നിറഞ്ഞു. ടീം പരാജയപ്പെടുമ്പോഴൊന്നും ഒരു നോട്ടം കൊണ്ടുപോലും അവരെ വേദനിപ്പിക്കാത്ത, എപ്പോഴും ഊർജ്ജം പകർന്ന് കൂടെ നിൽക്കുന്ന പ്രീതി ഐപിഎല്‍ 18-ാം സീസണിലെ വിജയം തീർച്ചയായും അർഹിച്ചിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ക്രിക്കറ്റ് ആരാധകർ പ്രീതിയ്ക്ക് പിന്തുണയറിയിച്ചു. പ്രീതിയെന്ന പേരിന് മനുഷ്യത്വമെന്നും പ്രത്യാശയെന്നും കൂടി അർഥങ്ങളുണ്ടെന്ന് ആരാധകർ ഉറക്കെപ്പറഞ്ഞു. ആ വാക്കുകൾ വ്യർഥമല്ലെന്ന് പ്രീതിയുടെ ജീവിതത്തിലൂടെയൊന്നു കണ്ണോടിച്ചാൽ ആർക്കും മനസ്സിലാകും.

13-ാം വയസ്സിൽ അച്ഛന്റെ മരണം

1975 ജനുവരി 31 ന് ഹിമാചൽ പ്രദേശിലെ സൈനിക കുടുംബത്തിലാണ് പ്രീതി ജനിച്ചത്. പ്രീതിയുടെ അച്ഛൻ ദുർഗാനന്ദ് സിന്റ സൈനിക ഉദ്യോഗസ്ഥനായിരുന്നു. പ്രീതിയ്ക്ക് 13 വയസ്സുള്ളപ്പോൾ ഒരു വാഹനാപകടത്തിൽ അദ്ദേഹം മരിച്ചു. അച്ഛനോടൊപ്പം സഞ്ചരിച്ച അമ്മയ്ക്കും ആ അപകടത്തിൽ സാരമായി പരുക്കേൽക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. കുടുംബത്തിൽ നടന്ന ദുരന്തങ്ങളിൽ തളരാതെ പ്രീതി വിദ്യാഭ്യാസം തുടർന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഷിംലയിലെ ജീസസ് മേരി ബോർഡിങ് സ്കൂളിലാണ്. പഠന കാലത്ത് സാഹിത്യത്തിൽ വളരെ താൽപര്യമുണ്ടായിരുന്ന പ്രീതി കോളജ് വിദ്യാഭ്യാ‍സവും പൂർത്തീകരിച്ചത് ഷിംലയിൽ തന്നെയാണ്. മനഃശാസ്ത്രത്തിൽ ബിരുദം നേടിയ പ്രീതി ക്രിമിനൽ സൈക്കോളജിയിലാണ് ബിരുദാനന്തര ബിരുദം നേടിയത്. അതിനു ശേഷം പ്രീതി മോഡലിങ് രംഗത്തേക്ക് കടക്കുകയും പിന്നീട് ചലച്ചിത്രമേഖലയിലേക്ക് എത്തുകയും ചെയ്തു.

ഭാഗ്യം കടാക്ഷിച്ച നായിക

നുണക്കുഴി ചിരിയുള്ള പുതിയ നായികയെ ബി ടൗൺ ഇരുകൈയും നീട്ടി സ്വീകരിച്ചു. കരിയറിന്റെ തുടക്കത്തിൽത്തന്നെ ഹിന്ദി ചിത്രങ്ങളിലെ പതിവ് നായികാ പദവിയുടെ പ്രതിച്ഛായ മാറ്റുന്ന രീതിയിലുള്ള വേഷങ്ങൾ പ്രീതിയെത്തേടിയെത്തി. ദിൽ സേ, സോൾ‌ജിയർ എന്നീ ചിത്രങ്ങളിലെ അഭിനയം 1998 ൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം പ്രീതിയ്ക്ക് നേടിക്കൊടുത്തു. ‘കൽ ഹോ ന ഹോ’ എന്ന ചിത്രത്തിലെ അഭിനയം 2003 ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും പ്രീതിയ്ക്ക് നേടിക്കൊടുത്തു. അതിനു ശേഷം കോയി മിൽ ഗയ, വീർ സാരാ, സലാം നമസ്തേ, കഭി അൽ‌വിദ നാ കെഹ്ന എന്നിങ്ങനെ വ്യാവസായിക വിജയം നേടിയ നിരവധി ചിത്രങ്ങളിൽ നായികയായതോടെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി പ്രീതിയുടെ കരിയർഗ്രാഫ് ഉയർന്നു.

preity-sp
Image Credit: realpz/ Instagram
preity-sp
Image Credit: realpz/ Instagram

സമർഥയായ സംരംഭക

ബോളിവുഡ് താരം എന്ന ഒറ്റവിശേഷണത്തിൽ ഒതുങ്ങാൻ പ്രീതി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. സിനിമയിൽ നിന്നു ലഭിച്ച പണം അവർ ബുദ്ധിപരമായി വിവിധ ബിസിനസ്സുകളിൽ നിക്ഷേപിച്ചു. പ്രീതിയ്ക്കുള്ളിൽ സമർഥയായ ഒരു സംരഭക കൂടിയുണ്ടെന്ന് അവരുടെ കരിയർ നമുക്ക് കാട്ടിത്തരും. 2023 ലെ കണക്കനുസരിച്ച് ഏകദേശം 183 കോടി രൂപയുടെ ആസ്തി പ്രീതിയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. വിജയകരമായ അഭിനയ ജീവിതം, ബിസിനസ് ഡീലുകൾ, ബ്രാൻഡുകളുമായുള്ള പങ്കാളിത്തം, എന്നിങ്ങനെ വ്യത്യസ്ത വരുമാന സ്രോതസ്സുകളിലൂടെയാണ് അവർ മികച്ച വരുമാനം ഉറപ്പു വരുത്തുന്നത്. ആഡംബര വീടുകളും വാഹനങ്ങളും വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് സാമ്രാജ്യവുമൊക്കെ പ്രീതിയ്ക്കുണ്ടായത് അവരുടെ കഠിനാധ്വാനവും സാമർഥ്യവുംകൊണ്ടാണ്. 2008 ലാണ് പ്രീതി പഞ്ചാബ് കിങ്സിന്റെ സഹ ഉടമയാകുന്നത്. ഇതിനുവേണ്ടി 35 കോടി രൂപ നിക്ഷേപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. മണി കൺട്രോളിന്റെ കണക്കനുസരിച്ച്, 2008 ൽ 76 മില്യൺ ഡോളറായിരുന്നു ടീമിന്റെ മൂല്യം. 2022ൽ ഇത് ഏകദേശം 925 മില്യൺ ഡോളറായി വളർന്നു. പ്രീതിയുടെ ശക്തമായ ബിസിനസ് അവബോധമാണ് ഈ നിക്ഷേപത്തിലൂടെ വ്യക്തമാകുന്നത്. ബിസിനസിൽ മാത്രമല്ല ചലച്ചിത്ര നിർമാണത്തിലും പ്രീതി പങ്കാളിയാകുന്നുണ്ട്. പ്രൊഫഷൻ ജീവിതത്തിന്റെ തിരക്കിലും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാനും പ്രീതി സമയം കണ്ടെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി തുടരുന്ന പ്രീതിക്ക് 11 ദശലക്ഷത്തിലധികം ഫോളവേഴ്‌സ് ഉണ്ട്.

ഗോസിപ് കോളങ്ങളിൽ നിറഞ്ഞ് അഞ്ചോളം പ്രണയങ്ങൾ

മനോഹരമായ ഒരു പ്രണയചിത്രം പോലെയായിരുന്നു പ്രീതിയുടെ പ്രണയജീവിതവും. നായക കഥാപാത്രങ്ങൾ മാറി മാറി വന്നുവെന്നു മാത്രം. പ്രണയജീവിതത്തിലും നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടയാളായിരുന്നു പ്രീതി. സിനിമയിലെത്തും മുൻപ് മോഡലിങ്ങിൽ സജീവമായ കാലത്താണ് നടനും മോഡലുമായ മാർക്ക് റോബിൻസണുമായി പ്രീതി പ്രണയത്തിലായത്. പ്രണയം പോലെ, അവരുടെ വേർപിരിയലും അഭ്യൂഹങ്ങൾ നിറഞ്ഞതായിരുന്നു. പ്രണയത്തകർച്ചയുടെ കാരണം ഒരിക്കലും മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന പ്രീതി മാർക്കിനെക്കുറിച്ചും മോഡലിങ്, സിനിമാ രംഗത്തേക്ക് കടക്കാൻ അദ്ദേഹം സഹായിച്ചതിനെക്കുറിച്ചും ഏറെ വാചാലയായിരുന്നു. മാർക്കിനെക്കുറിച്ച് തനിക്ക് ചില പ്രിയപ്പെട്ട ഓർമകൾ ഉണ്ടെന്നും അത് അങ്ങനെ തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും പ്രീതി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

കഭി അൽവിദ നാ കെഹ്ന, ജൂം ബരാബർ ജൂം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയിത്തിനു ശേഷം അഭിഷേക് ബച്ചന്റെയും പ്രീതി സിന്റയുടെയും കെമിസ്ട്രി ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം ഗോസിപ് കോളങ്ങൾ പ്രണയമായി വ്യാഖ്യാനിക്കാൻ തുടങ്ങിയതോടെ ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന വിശദീകരണവുമായി രംഗത്തെത്തി. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും പ്രീതിയും പ്രണയത്തിലാണെന്നും മുംബൈയിൽ വച്ച് ഡേറ്റ് ചെയ്യാറുണ്ടെന്നും വാർത്ത പരന്നപ്പോൾ പ്രീതി അതിനെ എതിർത്തെങ്കിലും പ്രീതി വളരെ സുന്ദരിയായ ഒരു പെൺകുട്ടിയാണെന്നും, അവരുടെ ജോലി വളരെയധികം ഇഷ്ടപ്പെട്ടിരുന്നെന്നും ബ്രെറ്റ് അഭിമുഖങ്ങളിൽപ്പോലും തുറന്നു പറഞ്ഞിരുന്നു.

preity-sp1
Image Credit: realpz/ Instagram
preity-sp1
Image Credit: realpz/ Instagram

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പേരിനോടൊപ്പവും പ്രീതി സിന്റയുടെ പേര് ഗോസിപ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്.യുവരാജ്, പ്രീതിയുടെ കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിലെ സ്റ്റാർ ബാറ്റ്സ്മാൻ ആയിരുന്ന സമയത്ത് അവർ വിജയങ്ങൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വാർത്തകളിൽ ഇടം നേടാൻ തുടങ്ങിയതോടെ ഇരുവരും പ്രണയ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. ലീയും യുവിയും സഹോദരന്മാരെപ്പോലെയാണെന്ന് ഒരു അഭിമുഖത്തിൽ പ്രീതി വെളിപ്പെടുത്തി. 2005 ൽ ബിസിനസ് ടൈക്കൂൺ നെസ് വാഡിയയും പ്രീതിയും തമ്മിൽ വിവാഹതിരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. പൊതുവിടങ്ങളിൽ ദമ്പതിമാരെപ്പോലെ അവർ പ്രത്യക്ഷപ്പെട്ടതും വാർത്തയ്ക്ക് വിശ്വസനീയത കൂട്ടി. 2008 ൽ, പ്രീതിയും നെസ്സും ഇന്ത്യൻ പ്രീമിയർ ലീഗിലെ കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഉടമസ്ഥരായി. പക്ഷേ 2009 ൽ ആ ബന്ധം മുന്നോട്ടു പോകില്ലെന്ന് പ്രീതി വ്യക്തമാക്കുകയും നെസ്സിനെതിരെ ശാരീരിക പീഡനവും മാനസിക പീഡനവും ആരോപിക്കുകയും ചെയ്തു. 2009-ൽ ഒരു പാർട്ടിയിൽ വച്ച് നെസ് വാഡിയ പ്രീതിയെ അടിച്ചുവെന്നും ആ സംഭവത്തെത്തുടർന്നാണ് ഇരുവരും വേർപിരിഞ്ഞതെന്നും പറയപ്പെടുന്നു.

ജീനിന്റെ ഭാര്യ, ഇരട്ടക്കുഞ്ഞളുടെ അമ്മ, കറകളഞ്ഞ സാമൂഹ്യപ്രവർത്തകയും

നെസ് വാഡിയുമായുള്ള കേസും കോടതിനടപടികളും പുരോഗമിക്കുന്നതിനിടെയിലാണ് നെസിന്റെ സുഹൃത്ത് കൂടിയായ ജീൻ ഗുഡ്ഇനഫിനെ പ്രീതി പരിചയപ്പെടുന്നത്. തന്റെ ജീവിതത്തിലെ ഏറെ പ്രയാസകരമായ സന്ദർഭത്തിൽ ഒപ്പം നിന്ന ജീനുമായി അധികം വൈകാതെ പ്രീതി പ്രണയത്തിലാവുകയും 2016 ഫെബ്രുവരി 29 ന്, ലോസ് ഏഞ്ചൽസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2021 നവംബർ 18 ന്, ഇരുവർക്കും വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചു. ജയ്, ഗിയ എന്നാണ് കുട്ടികളുടെ പേര്. ബിസിനസ് ചെയ്ത് പണമുണ്ടാക്കുന്നതിൽ മാത്രമല്ല ആ പണം അർഹതയുള്ളവർക്കായി ചെലവഴിക്കാനും പ്രീതി ശ്രദ്ധിക്കുന്നുണ്ട്. സാമൂഹിക സേവനമിഷ്ടപ്പെടുന്ന പ്രീതി. 2009 ൽ ഋഷികേശിലെ ഒരു അനാഥാലയത്തിൽ നിന്ന് 34 പെൺകുട്ടികളെ ദത്തെടുക്കുകയും അവരുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. തീവ്രവാദിയാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ വിധവകൾക്കുവേണ്ടി നല്ലൊരു തുക നൽകിയും അവർ മാതൃകയാകുന്നുണ്ട്.

English Summary:

Preity Zinta: From Bollywood Star to Business Mogul - A Life of Resilience and Triumph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com