കുളിക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം; ശരീരം ശുചിയാക്കാൻ പുക: ഇങ്ങനെയും ചില സ്ത്രീകളുണ്ട്!

Mail This Article
വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളുംകൊണ്ട് സമ്പന്നമാണ് ലോകം. പലയിടങ്ങളിലും നമുക്ക് കേട്ടുകേൾവിയില്ലാത്ത, ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. സമൂഹം എത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സാങ്കേതികവിദ്യ അനുദിനം വളർച്ച കൈവരിച്ചിട്ടും പാരമ്പര്യത്തെ മുറുകെപ്പിടിച്ച് ഈ ആചാരങ്ങൾ അണുവിട തെറ്റിക്കാതെ ജീവിക്കുന്നവരിൽ ഏറിയ പങ്കും ഗോത്രവർഗക്കാരാണ്. ആഫ്രിക്കയിലെ വടക്കൻ നമീബിയയിൽ പൊതുസമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു ജീവിക്കുന്ന ഹിംബ ഗോത്രവർഗക്കാർക്കിടയിൽ അത്തരത്തിൽ ഏറെ വിചിത്രമായ ഒരു ആചാരമുണ്ട്. ഈ ഗോത്ര വിഭാഗത്തിലെ സ്ത്രീകൾ അവരുടെ ജീവിതകാലത്തിൽ ഒരിക്കൽ മാത്രമേ കുളിക്കാറുള്ളു.
ശുചിത്വത്തെക്കുറിച്ചും സ്വയം വൃത്തിയാക്കുന്നതിനെ കുറിച്ചും തികച്ചും വേറിട്ട കാഴ്ചപ്പാടാണ് ഈ ഗോത്രവർഗക്കാർക്കുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവരുടെ ആചാരപ്രകാരം കുളി എന്നത് തന്നെ നിഷിദ്ധമാണ്. ഈ വിചിത്രമായ ആചാരം മറ്റുള്ളവർക്ക് അപരിഷ്കൃതമാണെങ്കിലും അവരുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നാടോടികളായി ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ. ഹിംബ ഗോത്രവർഗക്കാരായ സ്ത്രീകൾ അവരുടെ വിവാഹദിനത്തിൽ മാത്രമേ കുളിക്കൂ. അതിനാൽ അങ്ങേയറ്റം വൃത്തിഹീനരായ ആളുകളായിരിക്കും ഇവർ എന്ന് കരുതിയെങ്കിൽ തെറ്റി. ആഫ്രിക്കയിലെ ഗോത്രവർഗങ്ങളിൽ തന്നെ ഏറ്റവും സുന്ദരിമാരാണ് ഹിംബ ഗോത്രത്തിൽ ഉള്ളത്.
ശരീരം എപ്പോഴും ശുചിയാക്കി വയ്ക്കാൻ വേറിട്ട ചില മാർഗങ്ങളാണ് ഇവർ അവലംബിക്കുന്നത്. ശരീരത്തിൽ പുക ഏൽപ്പിച്ചും സ്റ്റീം ബാത്ത് ചെയ്തും ഇവർ സ്വയം ശുചിയാകും. പ്രത്യേകതരം പച്ചമരുന്നുകൾ കത്തിച്ചുണ്ടാക്കുന്ന പുക ശരീരത്തിൽ ഏൽപിക്കുന്നതോടെ അണുക്കളും ബാക്ടീരിയകളും പൂർണമായി ഇല്ലാതാകും.

സ്റ്റീം ബാത്തിനായും ചില പ്രത്യേക ഔഷധസസ്യങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്. ശരീരം അണുവിമുക്തമാക്കുന്നതിന് പുറമേ ദുർഗന്ധം അകറ്റാനും ഇവയിലൂടെ സാധിക്കുന്നു. അങ്ങേയറ്റം വരണ്ട കാലാവസ്ഥയിൽ ജലദൗർലഭ്യം നേരിട്ടു ജീവിക്കുന്ന ഇവർക്ക് ശരീര ശുചിത്വം നിലനിർത്തിക്കൊണ്ട്, എന്നാൽ ജലം പാഴാക്കാതെ ജീവിക്കാനാവുന്ന തരത്തിലാണ് ഈ ആചാരങ്ങൾ പിന്തുടർന്ന് വരുന്നത്. ഗോത്ര വിഭാഗക്കാരുടെ സൗന്ദര്യം നിലനിർത്തുന്നതിന്റെ പ്രധാന ഘടകവും ഈ ഔഷധക്കൂട്ടുകൾ തന്നെയാണ്.
എന്നാൽ ഇതിനുമപ്പുറം ഹിംബ സ്ത്രീകൾക്ക് കൃത്യമായ സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളുമുണ്ട്. ചെമ്മണ്ണും വെണ്ണയും സുഗന്ധമുള്ള ഔഷധസസ്യങ്ങളും ചേർത്ത് തയാറാക്കുന്ന പേസ്റ്റ് ഇവർ മുടിയിലും ത്വക്കിലും പുരട്ടുന്നു. വെയിലിൽ നിന്ന് ചർമത്തിനു സംരക്ഷണമേകാനും പ്രാണികളുടെയും മറ്റും ശല്യം അകറ്റിനിർത്താനും ഇത് സഹായിക്കുന്നുണ്ട്. ഇവരുടെ ആഭരണങ്ങളിലുമുണ്ട് പ്രത്യേകത. ചെമ്പ്, കടൽക്കക്ക, പ്രകൃതിദത്ത വസ്തുക്കൾ എന്നിവകൊണ്ട് നിർമ്മിച്ച സങ്കീർണമായ ആഭരണങ്ങളാണ് ഇവർ ധരിക്കുന്നത്. സൗന്ദര്യം, പദവി, ഗോത്ര അംഗത്വം എന്നിവയുടെ പ്രതീകങ്ങൾ കൂടിയാണ് ഇവരുടെ ആഭരണങ്ങൾ.
ഗോത്രവർഗത്തിൽ സ്ഥാനവും പദവിയും നിർണയിക്കുന്നത് പശുക്കളുടെ ഉടമസ്ഥത അടിസ്ഥാനമാക്കിയാണ്. സ്വന്തമായി പശുവില്ലാത്ത വ്യക്തിക്ക് ഗോത്രസമൂഹം ബഹുമാനം നൽകില്ല. പശുക്കളുടെ പരിപാലനത്തിന്റെ മുഴുവൻ ചുമതലയും സ്ത്രീകൾക്കാണ്. പശുക്കറവ സ്ത്രീകളുടെ അവകാശവും ഉത്തരവാദിത്തവുമാണ്. ഗോത്രവർഗ്ഗത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം തന്നെ പശു വളർത്തൽ ആയതിനാൽ അവയെ പരിപാലിക്കുന്ന സ്ത്രീകൾക്ക് എപ്പോഴും സമൂഹത്തിൽ സുപ്രധാന സ്ഥാനം ഉണ്ടാവും.