ഇത്രയ്ക്ക് അഹങ്കാരമോ? വിമാന ജീവനക്കാരിയോട് കയർത്ത് സ്ത്രീകൾ; വഴക്കാളികളെ പുറത്താക്കി പൊലീസ്

Mail This Article
ആളും തരവും നോക്കി പെരുമാറിയില്ലെങ്കിൽ ‘പണി’ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ രൂപത്തിൽ വരുമെന്നാണ് പുതിയ വാർത്ത. യുകെയിലേക്ക് യാത്ര ചെയ്യാനായി സ്പിരിറ്റ് എയർലൈൻസിന്റെ വിമാനത്തിൽ കയറിയ ഇന്ത്യക്കാരായ മൂന്ന് സ്ത്രീ യാത്രക്കാരാണ് ‘പണി’ ചോദിച്ചു വാങ്ങിയത്. ടിക്ടോക്കിലൂടെ പ്രചരിച്ച വിഡിയോയിലൂടെയാണ് ഫ്ലൈറ്റിൽ നടന്ന തർക്കത്തെക്കുറിച്ചും അതേത്തുടർന്ന് ഇന്ത്യക്കാരായ മൂന്ന് സ്ത്രീയാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുമൊക്കെയുള്ള വാർത്ത പ്രചരിച്ചത്. 40ലക്ഷത്തിലധികം കാഴ്ചക്കാരാണ് കുറഞ്ഞ ദിവസം വിഡിയോ കണ്ടത്.
വിമാനം എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യത്തിന് ഫ്ലൈറ്റ് അറ്റൻഡന്റ് അബദ്ധത്തിൽ തെറ്റായ മറുപടി നൽകിയതോടെയാണ് യാത്രക്കാരായ സ്ത്രീകൾ ജീവനക്കാരിയോട് മോശമായി സംസാരിച്ചു തുടങ്ങിയത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നും ജീവനക്കാരി ഏറ്റു പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മൂവരും ജീവനക്കാരിയെ വീണ്ടും പഴി പറഞ്ഞു. വിമാനം ന്യൂയോർക്കിലേക്കാണ് പോകുന്നത് എന്നു പറയുന്നതിനു പകരം ന്യൂ ഓർലിയാൻസിലേക്കാണ് എന്നാണ് ഫ്ലൈറ്റ് അറ്റൻഡന്റ് പറഞ്ഞത്. ജീവനക്കാരി ക്ഷമപറഞ്ഞിട്ടും വീണ്ടും വീണ്ടും അവരെ കുറ്റപ്പെടുത്തുകയും അവരുടെ നിർദേശങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് യാത്രക്കാർ സ്വീകരിച്ചത്.
ലഗേജുകൾ ദയവായി സീറ്റിനടിയിൽ വയ്ക്കാമോ എന്ന് ജീവനക്കാരി ചോദിക്കുമ്പോൾപ്പോലും യാത്രക്കാർ അതു കേൾക്കാതെ ഭാവത്തിൽ ഇരിക്കുകയും ജീവനക്കാരിയെ കുറ്റപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു. ഇതോടെ പിടിവിട്ട ജീവനക്കാരി നിർദേശങ്ങൾ അനുസരിക്കാൻ തയാറായില്ലെങ്കിൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ തയാറെടുത്തോളൂവെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നു. അങ്ങനെ ചെയ്യാൻ വളരെ എളുപ്പമാണെന്നു പറഞ്ഞ ജീവനക്കാരി പൊലീസിന്റെ സഹായത്തോടെ പ്രശ്നക്കാരായ യാത്രക്കാരെ വിമാനത്തിനു പുറത്താക്കി.
പൊലീസിനോടും സഹകരിക്കാൻ യാത്രക്കാർ കൂട്ടാക്കാതിരുന്നപ്പോൾ പൊലീസിന് ഭീഷണിയുടെ സ്വരം സ്വീകരിക്കേണ്ടി വന്നു. യാത്രക്കാരുടെ തർക്കം കാരണം വിമാനം ഒരു മണിക്കൂർ വൈകിയെന്നും ഇപ്പോൾ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ലെങ്കിൽ ജയിലിലേക്ക് പോകേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി. അതിനു ശേഷമാണ് യാത്രക്കാർ ലഗേജുകളുമായി പുറത്തേക്കിറങ്ങിയത്. വിമാനജീവനക്കാരിയോടും സുരക്ഷാ ഉദ്യോഗസ്ഥരോടും തർക്കിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരെ വിമർശിക്കുകയാണ് വിഡിയോ കണ്ട ഓരോരുത്തരും. ആ യാത്രക്കാരുടെ അനാവശ്യതർക്കം കാരണം മറ്റുള്ള യാത്രക്കാരും വല്ലാതെ ബുദ്ധിമുട്ടിയെന്നും യാത്ര ഒരു മണിക്കൂറിലേറെ വൈകിയെന്നും പറഞ്ഞായിരുന്നു വിമർശനം.