കുഞ്ഞുമൊത്ത് ടെക്മീറ്റിനെത്തിയ സിഇഒയ്ക്ക് അപമാനം; ജോലിക്കാരായ അമ്മമാരോട് കരുണക്കാട്ടണമെന്ന് അഭ്യർഥന

Mail This Article
കുഞ്ഞു വേണോ, ജോലി വേണോ. ജോലിക്കാരായ സ്ത്രീകൾ അമ്മയാകുന്ന ദിവസം മുതൽ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും എന്നെങ്കിലുമൊരിക്കൽ ഇത്തരമൊരു ചോദ്യത്തെ നേരിടേണ്ടി വരാറുണ്ട്. രണ്ടും വേണമെന്നു പറയാനാണ് ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നതെങ്കിലും മിക്കവാറും കുഞ്ഞിനു വേണ്ടി കരിയറെന്ന സ്വപ്നത്തെ പലർക്കും ഉപേക്ഷിക്കേണ്ടി വരാറുണ്ട്. ലോകത്തൊരിടത്തും ഇതിനൊരു വ്യത്യാസമില്ലെന്നു തെളിയിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ലണ്ടൻ ടെക് ഇവന്റിൽ പങ്കെടുക്കാൻ കൈക്കുഞ്ഞുമായി വന്ന സംരംഭകയായ സിഇഒയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കൈക്കുഞ്ഞുമായെത്തിയതുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് എഐ സ്റ്റാർട്ടപ്പിന്റെ സിഇഒ ആയ ഡാവിന ഷോൺലെ എന്ന സ്ത്രീക്ക് പരിപാടിയുടെ സംഘാടകർ വിലക്കേർപ്പെടുത്തിയത്.
18 മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഏറെ ദൂരം താണ്ടിയെത്തിയിട്ട് ഇങ്ങനെ അപമാനിക്കപ്പെട്ടതിൽ സങ്കടമുണ്ടെന്നും ജോലിക്കാരായ അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സമൂഹമല്ലേ വേണ്ടതെന്നും ഡാവിന ചോദിക്കുന്നു. മനസ്സിനു വിഷമമുണ്ടാക്കിയ ആ സംഭവത്തെക്കുറിച്ച് ലിങ്കിഡ് ഇൻ പ്ലാറ്റ്ഫോമിൽ അവർ കുറിച്ചതിങ്ങനെ.-‘കൈക്കുഞ്ഞുമായി മൂന്നു മണിക്കൂറോളം യാത്ര ചെയ്താണ് ലണ്ടൻ ടെക് ഇവന്റിൽ പങ്കെടുക്കാൻ എത്തിയത്. ഹ്യൂമൻവാന്റേജ് എന്ന എന്റെ സ്റ്റാർട്ടപ്പിന് അനുയോജ്യരായ വിതരണക്കാരെ കണ്ടെത്തണം എന്ന ലക്ഷ്യമാണ് എന്നെ ഇവിടെ എത്തിയത്. അപ്പോൾ എന്റെ കൈയിൽ മകൾ ഇസബെല്ലയുമുണ്ടായിരുന്നു. പക്ഷേ എന്റെ കൈയിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ സംഘാടകർ ഞങ്ങളെ തടയുകയും ഇവന്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയുമായിരുന്നു. ഇത്രയും വലിയൊരു ടെക് ഇവന്റ് നടക്കുന്ന സ്ഥലത്ത് ജോലിക്കാരായ അമ്മമാർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ലെങ്കിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹം എന്ന് എപ്പോഴും പറയുന്നതിൽ എന്തർഥമാണുള്ളത്?’–യുവതി ചോദിച്ചു.
ഒരു സൈഡിലേക്കു മാത്രം മൂന്നു മണിക്കൂറോളം യാത്രയുണ്ട്. അങ്ങനെയുള്ളപ്പോൾ ഇത്രയും ചെറിയ കുഞ്ഞിനെ അത്രയും നേരം ഞാനെങ്ങനെ തനിച്ചാക്കും. ആ സാഹചര്യത്തിലാണ് കുഞ്ഞുമായെത്തിയ എനിക്ക് യാതൊരു പരിഗണനയും ലഭിക്കാതിരുന്നത്. കുഞ്ഞിനെ സംബന്ധിച്ച് ഇതൊരു പുതിയ ചുറ്റുപാടും അന്തരീക്ഷവുമാണ്. എന്റെ കുഞ്ഞിനൊപ്പം എന്റെ കമ്പനിയും വളരണമെന്നാണ് ജോലിക്കാരിയായ അമ്മ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്.ജോലിയിൽ പുതുമയും നവീനവുമായ കാര്യങ്ങൾ കൊണ്ടുവരാൻ ആഗ്രഹമുള്ള ഒരാളെന്ന നിലയിൽ, ഞാൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും എന്‍റേതായ സംഭാവനകൾ നൽകാനും സത്യസന്ധമായി ആഗ്രഹിക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഒരു ഇൻക്ലൂസീവ് സമൂഹമല്ലേ നമുക്കാവശ്യം.’ - അവർ ചോദിക്കുന്നു.
മാതാപിതാക്കളും ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. ഞങ്ങൾക്കും നവീനമായ ആശയങ്ങളുണ്ട്. ഞങ്ങളിലും നിക്ഷേപകർ, നേതാക്കൾ, സ്ഥാപകർ, കെയർടേക്കർമാർ എന്നിവരുണ്ട്. ഇത്തരമൊരു വലിയ ടെക് ഇവന്റിൽ ഞങ്ങളെയും പരിഗണിക്കണ്ടതല്ലേ. ജോലിക്കാരിയായ ഒരു അമ്മയെ അവഗണിച്ചുകൊണ്ട് അവർ എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. കുഞ്ഞുങ്ങൾ ഭാവിയുടെ വാഗ്ദാനമാണെന്ന് നമ്മൾ പറയാറുണ്ട്. പക്ഷേ എന്തുകൊണ്ടാണ് ഇത്തരം ഇവന്റുകളിൽ അവരെ ഉൾപ്പെടുത്താൻ അനുവദിക്കാത്തത് എന്നാണ് ഡാവിന ചോദിക്കുന്നത്.