ബിക്കീനിയിലാണെങ്കിലും പൂർണ വസ്ത്രത്തിലായാലും ഇന്ത്യയിലിതാണ് അവസ്ഥ; വിഡിയോയുമായി പെൺകുട്ടികൾ

Mail This Article
ഡൽഹിയിൽ നേരിട്ട ദുരനുഭവം പങ്കുവച്ച് വിനോദ സഞ്ചാരികളായ വനിതകൾ. ഇന്ത്യ കാണാനെത്തിയ ഇവരുടെ ബിക്കിനിയിലുള്ള വിഡിയോ അനുവാദമില്ലാതെ ഒരാൾ പകർത്തിയെന്നാണ് യുവതികൾ പറയുന്നത്. ഡൽഹിയിലെ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഇതിന്റെ വിഡിയോ യുവതികൾ ഒരു അമേരിക്കൻ വിനോദ സഞ്ചാര ഗ്രൂപ്പിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സഹോദരിമാരായ റോറി, സേയ്ജ് എന്നീ യുവതികൾക്കാണ് ദുരനുഭവമുണ്ടായത്. മാതാപിതാക്കൾക്കൊപ്പമാണ് ഇവർ ലോക സഞ്ചാരം നടത്തുന്നത്. ഒരു പുരുഷൻ തന്റെ മുറിയുടെ ജനലിനു സമീപം നിന്ന് സ്വിമിങ്പൂളിനു സമീപം ബിക്കിനിയിലുള്ള യുവതികളുടെ വിഡിയോ പകർത്തുന്നതാണ് ഇവർ പങ്കുവച്ച ദൃശ്യങ്ങളിലുള്ളത്. യുവതികൾ അസ്വസ്ഥത അറിയിച്ചപ്പോള്‍ അവരുടെ അമ്മയാണ് ഇയാളുടെ വിഡിയോ പകർത്തിയത്. ‘ഏതോ ഒരാൾ ഞങ്ങളുടെ വിഡിയോ എടുക്കുന്നു. അവൻ വിവേകിയല്ല.’ എന്നാണ് ഇവർ വിഡിയോയില്‍ പറയുന്നത്. തുടർന്ന് കുട്ടികളുടെ അമ്മ ഭർത്താവിനെ വിളിച്ചു വരുത്തുകയും ചെയ്തു.
‘ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ പദ്ധതിയുള്ള സ്ത്രീകളാണ് നിങ്ങളെങ്കിൽ ബോഡി ഗാർഡായി ഒരു പുരുഷനില്ലാതെ യാത്ര ചെയ്യരുത്. നിങ്ങൾ ബിക്കിനിയിൽ സൺബാത്ത് ചെയ്യുന്നവരോ പൂർണ വസ്ത്രം ധരിച്ചു നടക്കുന്നവരോ ആകട്ടെ, ഇന്ത്യയിലിത് വളരെ സാധാരണമാണെന്നു ഞങ്ങൾക്കു മനസ്സിലായി.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കം തന്നെ വിഡിയോ ശ്രദ്ധനേടി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളായ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു.