Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 മാസം പ്രായം! നടപ്പ് ചുവരിലൂടെ!

elly എല്ലി ചുവർ കയറുന്നതിന്റെ ദൃശ്യങ്ങൾ

മര്യാദയ്ക്ക് രണ്ടുകാലിൽ നടക്കാൻ പഠിക്കുംമുമ്പെ മരംകയറ്റമോ? വിശ്വസിക്കാൻ കുറച്ചു പ്രയാസമൊക്കെ തോന്നും. എന്നാൽ കുഞ്ഞു എല്ലി പിടിച്ചു പിടിച്ചു കയറുന്നതു കാണുമ്പോൾ ശ്വാസം അടക്കി പിടിച്ചിരിക്കാനേ നമുക്കു കഴിയൂ. എല്ലി പക്ഷേ മരത്തിനു പകരം കയറുന്നത് ചുവരിലൂടെയാണെന്നു മാത്രം. ചുവരിൽ പിടിച്ചങ്ങനെ ഇരുപത് മാസം മാത്രം പ്രായമുള്ള എല്ലി കയറുന്നതു കാണേണ്ട കാഴ്ച്ച തന്നെയാണ്. കുഞ്ഞിക്കയ്യും കുഞ്ഞിക്കാലും യുക്തിക്കനുസരിച്ച് നീക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നും ഇൗ പൊടിക്കുഞ്ഞിന് എങ്ങനെ ഇതിനു സാധിക്കുന്നുവെന്ന്. പക്ഷേ അതിനു പുറകിൽ മറ്റൊരു രഹസ്യമുണ്ട്. എല്ലിയുടെ അമ്മയും അച്ഛനും പ്രൊഫഷണൽ ക്ലൈമ്പേഴ്സ് ആണ്.

elly 3 ഗർഭിണിയായിരിക്കേ റോക്ക് ക്ലൈമ്പിങ് നടത്തുന്ന റേച്ചൽ

എല്ലിയെ ഗർഭിണിയായിരിക്കുമ്പോൾ പോലും താൻ ക്ലൈമ്പിങ് ചെയ്തിരുന്നുവെന്ന് അവളുടെ അമ്മ റേച്ചൽ പറഞ്ഞു. എന്തിനധികം എല്ലി ജനിക്കുന്നതിനു മൂന്നുദിവസം മുമ്പുപോലും റോക്ക് ക്ലൈമ്പിങ് ചെയ്തിരുന്നുവത്രേ. ജനിച്ച അന്ന് ആദ്യമായി മിഴി തുറന്നപ്പോൾ മകൾ കാണുന്നത് ജിമ്മിൽ ക്ലൈമ്പ് ചെയ്യുന്ന ആളുകളെയാണ്. മകളും തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അച്ഛൻ സാക് ഫാർമറും പറഞ്ഞു. എട്ടുമാസം പൂർത്തിയാകുന്നതിനു മുമ്പെ തന്നെ എല്ലി ഒരു ചുവർ അനായാസം കയറിയിരുന്നു. എല്ലിയ്ക്ക് കൂടുതൽ പരിശീലിക്കാനായി ബെഡ്റൂമിൽത്തന്നെ ചുവടുകൾ വെക്കാൻ പാകത്തിൽ എട്ടടിയുള്ള ചുവർ ഒരുക്കിയിരുന്നു. കയറുമ്പോൾ വീണാൽ വേദനിക്കാതിരിക്കാനുള്ള സംവിധാനങ്ങളും ഇവർ എല്ലിക്കായി ഒരുക്കിയിരുന്നു. പക്ഷേ വീഴുമ്പോൾ ഒരിക്കലും പിടിക്കാറില്ല. വീഴ്ച്ചയും ക്ലൈമ്പിങിന്റെ ഒരു ഭാഗമാണെന്ന് മനസിലാക്കാൻ വേണ്ടിയാണത്രേ ഇത്.

എല്ലി ചുവർ കയറുന്ന വീഡിയോ ഇതിനകം ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. ദ ലിറ്റിൽ സെൻ മങ്കി എന്ന എല്ലിയുടെ ഫേസ്ബുക്ക് പേജിലൂടെ തന്നെയായാണ് ചുവർ കയറുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളും പങ്കുവെക്കുന്നത്. ഇപ്പോൾ ചെറിയ ചുവരുകൾ മാത്രമാണെങ്കിലും ഭാവിയിൽ തങ്ങളെപ്പോലെ മകളയെും റോക്ക് ക്ലൈമ്പർ ആക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. അല്ല, അണ്ണാൻകുഞ്ഞിനെ ആരെങ്കിലും മരംകയറ്റം പടിപ്പിക്കണോ അല്ലേ? കൊഞ്ചിക്കേണ്ട കുഞ്ഞിനെക്കൊണ്ട് ചുവർ കയറ്റി പീഡിപ്പിക്കുകയാണെന്നു പറഞ്ഞ് ഇവരെ വിമർശിക്കുന്നവരും കുറവല്ല. എന്നാൽ മകൾക്കു മാനസികമായും ശാരീരികമായും ദൃഡത കൈവരാനും ആത്മവിശ്വാസം കൈവരാനുമാണ് അവളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഇൗ രക്ഷിതാക്കളുടെ വാദം.

elly 1 എല്ലി അമ്മ റേച്ചലിനും അച്ഛൻ സാക് ഫാർമറിനുമൊപ്പം

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.