Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമൻ രാഘവൻ എന്ന ഭീകരന്റെ അന്ത്യരംഗം

raman-raghavan

ഗ്രേറ്റർ മുംബൈ സെഷന്‍സ് കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ദിഗ്ഗേയുടെ ബെഞ്ചിൽ രാമൻ രാഘവൻ കേസിന്റെ വിചാരണ ആരംഭിച്ചു. തനിക്കൊരു വക്കീലിന്റെ ആവശ്യമേ ഇല്ലെന്നായി പ്രതി. പക്ഷേ, ജഡ്ജി ദിഗ്ഗേ മുംബൈ ബാറിലെ പ്രശസ്തനായ സീനിയർ അഭിഭാഷകൻ പി.വി. പവാറിനെ പ്രതിരോധത്തിനായി നിയമിച്ചു.

വിചാരണയുടെ ആദ്യദിവസം തന്നെ കേസ് തള്ളിക്കളയണമെന്ന അപേക്ഷയുമായാണ് പവാർ കോടതിയിൽ പ്രത്യക്ഷപ്പെട്ടത്. രാമൻ രാഘവന് ബുദ്ധിക്കു സ്ഥിരതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. പ്രതിയുടെ മാനസികാവസ്ഥയിലേക്കു വെളിച്ചം വീശാൻ തക്കവണ്ണം ഒരു വിശദ പരിശോധന നടത്താൻ പൊലിസ് സർജനോട് ജഡ്ജി ആജ്ഞാപിച്ചു.പൊലിസ് സർജൻ ഡോക്ടർ ക്രിസ്‍റ്റഫർ ഫ്രാങ്ക്ളിൻ തന്റെ ഒൗദ്യോഗിക ഡയറിയിൽ എഴുതിവച്ചതിന്റെ സാമ്പിൾ താഴെ ചേർക്കുന്നു.

ജൂൺ മൂന്ന്: രാമൻ രാഘവൻ വല്ലാതെ ലഹളകൂട്ടുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി റസിഡന്റ് മെഡിക്കൽ ഒാഫിസർ ഫോണിൽ അറിയിച്ചതനുസരിച്ച് ഞാൻ അയാളുടെ സെല്ലിൽ പോയി. വല്ലാതെ ചൂടായ നിലയിലാണു അയാളെ കണ്ടത്. എന്നെ കണ്ടയുടനെ അയാൾ ചോദിച്ചു: ‘‘നിങ്ങളാണോ ഇവിടത്തെ ബഡാസാബ്?’’ 

ഞാൻ പറഞ്ഞു: ‘‘അതെ.’’

രാമൻ രാഘവൻ: ‘‘എന്നെ കുറെ വർഷങ്ങൾക്കു മുൻപ് ഇവിടെ കൊണ്ടുവന്നിരുന്നു. അന്ന് അവർ എന്റെ തോളില്ഡ എന്തോ ഒരു മരുന്ന് കുത്തിവച്ചു. എന്തിനാഃണ് എന്നെ വീണ്ടും ഇവിടെ കൊണ്ടുവന്നിരിക്കുന്നത്?’’

ഡോക്ടർ: ‘‘ താങ്കളെ നിരീക്ഷണവിധേയനാക്കാൻ വേണ്ടി. താങ്കൾക്ക് എന്തെങ്കിലും മാനസികത്തകരാറുണ്ടോ എന്നു പരിശോധിക്കാൻ വേണ്ടി. ’’

ഞാൻ പറഞ്ഞു: ‘‘അതെ.’’

രാമൻ രാഘവൻ: എനിക്ക് യാതൊരു മാനസികത്തകരാറുമില്ല.’’

ഡോക്ടർ: ‘‘ഒരു സിഗററ്റ് വലിക്കുന്നോ?’’

രാമൻ രാഘവൻ: കാനൂൺ ( നിയമം ) അനുവദിക്കുന്നെങ്കിൽ മാത്രം ഞാൻ വലിക്കാം.’’

ഡോക്ടർ: ആശുപത്രിയിലെ രോഗികൾക്കു സിഗററ്റ് കൊടുക്കാറില്ല. പക്ഷേ, നിങ്ങൾക്കു വേണമെങ്കിൽ എന്റെ കയ്യിൽനിന്നു ഒരെണ്ണം വാങ്ങി വലിക്കാം. ’’

രാമൻ രാഘവൻ: ‘‘ഇല്ല. കാനൂൺ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ വലിക്കുന്നില്ല,’’

ഡോക്ടർ: ‘‘മോഷണം, കൊലപാതകം, വ്യഭിചാരം ഇതിൽ ഏറ്റവും മോശമായ സംഗതി ഏതാണ്?’’

രാമൻ രാഘവൻ: ‘‘മൂന്നും മോശം തന്നെ. പിന്നെ എനിക്കു തോന്നുന്നത് മോഷണം ഏറെ മോശമാണെന്നാണ്.കാരണം, മോഷണത്തിനിടയിൽ കൊലപാതകവും നടത്തേണ്ടിവരും.’’

ഡോക്ടർ: നിങ്ങൾ എന്തുകൊണ്ടാണ് വേശ്യകളുടെ അടുത്തുപോകുന്നത്. അതോരു നല്ല സ്വഭാവമാണോ?’’

രാമൻ രാഘവൻ: വേശ്യകളുമായി ബന്ധം പുലർത്തുന്നതിൽ യാതൊരു തെറ്റുമില്ല. ഒരു മോട്ടോർ കാറിനു പെട്രോൾ ആവശ്യമുള്ളതുപോലെയും മനുഷ്യർക്കു ഭക്ഷണം ആവശ്യമുള്ളതുപോലെയും ശരീരത്തിനു ഇടയ്ക്കിടെ ലൈംഗിക സംതൃപ്തി ആവശ്യമാണ്. എനിക്കു കാമവികാരമുണ്ടായപ്പോഴൊക്കെ ഞാൻ വേശ്യകളെ സന്ദർശിച്ചിട്ടുണ്ട്.’’

വേറൊരു ദിവസം ഡോക്ടർ ചോദിച്ചു: ‘‘ കൊല നടത്താൻ നിങ്ങൾക്കു ആജ്ഞ തരുന്നത് ആരാണ്?’’

രാമൻ രാഘവൻ: ആജ്ഞ തരുന്നത് കാനൂൺ ആണ്.’’

ഡോക്ടർ: എന്താണീ കാനൂൺ?’’

രാമൻ രാഘവൻ: ലോകത്തിലെ നിയമസംഹിതയാണത്. എന്നെ സൃഷ്ടിച്ചത് ഈ നിയമമാണ്. ഈ നിയമം തന്നെ എന്നെ കൊല്ലാനും പഠിപ്പിക്കുന്നു.’’

എല്ലാ റിപ്പോർട്ടുകളും പഠിച്ചശേഷം ജഡ്ജി ദിഗ്ഗേ പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഭ്രാന്തന്മാരുടേതുപോലെയുള്ള അർഥശൂന്യമായ ജൽപനങ്ങളും നല്ല ബോധത്തേടെയുള്ള സംഭവവിവരണങ്ങളും കുറ്റസ്സമ്മത പ്രസ്താവനകളുമാണ് രാമൻ രാഘവനിന്നു കിട്ടിയത്.  കേസ് വീണ്ടും പിറ്റേ ദിവസത്തേക്കു അവധിക്കുവച്ചുകൊണ്ട് കോടതി പിരിഞ്ഞു. 

പൊലീസിനെ സംബന്ധിച്ചിടത്തോളം രാമൻ രാഘവനെതിരെയുള്ള എല്ലാ തെളിവുകളും ലഭിച്ചിരുന്നു. എന്തിനേറെ ഒരു ഇരട്ടക്കൊലപാതകരംഗത്തിനു ദൃക്സാക്ഷികളെ വരെ അവര്‍ അണിനിരത്തിയിരുന്നു. സ്‍റ്റെയിൻലസ് സ്‍റ്റീൽ ചെപ്പിൽ കണ്ടെത്തിയ വിരലടയാളങ്ങളെപ്പറ്റിയുള്ള മുംബൈ ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്ടറുടെ മൊഴിയുമുണ്ട്. പ്രതി തന്നെ കൊലയ്ക്കുപയോഗിച്ച കാരിരുമ്പായുധം വരെ ഹാജരാക്കി. ഈ ആയുധവും ആലയിൽനിന്നു കണ്ടെടുത്ത ഇരുമ്പു കഷണവും ഒരേപോലെയാണെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്‍റ്റന്റ് കെമിക്കൽ ഏനലൈസർ ബി. എസ്. നബാർ ശാസ്ത്രീയ വിശദീകരണം നർകിയിട്ടുണ്ട്.

ഒടുവിൽ കോടതി വിധി വന്നു: ‘‘സിന്ധി ദൽവി എന്നുകൂടി പേരുള്ള പ്രതി രാമൻ രാഘവനെ കഴുത്തിൽ കയറിട്ട് ജീവൻ പിരിയുന്നതുവരെ തൂക്കിലിടേണ്ടതാണെന്ന് മുംബൈ ഹൈക്കോടതിയുടെ അംഗീകാരത്തിനു വിധേയമായി ഞാൻ വിധിക്കുന്നു.’’

ആ വാചകം വായിച്ചുതീരുമ്പോഴേക്കും മജിസ്ട്രേട്ടിന്റെ മുഖം വിവർണമായി. അദ്ദേഹം തലയും താഴ്ത്തി ചേംബറിലേക്കു മടങ്ങി.

വിധിയുടെ അർഥം ഒരു പൊലീസുകാരൻ രാമൻ രാഘവനെ പറഞ്ഞു മനസ്സിലാക്കി.  അപ്പോൾ അയാളൊന്നു പുഞ്ചിരിച്ചു. ക്രൂരതയുടെ കൊലച്ചിരി !

വധശിക്ഷയ്ക്കെതിരെ രാമൻ രാഘവൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതേയില്ല. അതേപ്പറ്റി ചോദിച്ച സെഷൻസിലെ അഭിഭാഷകനെ അയാൾ ചീത്തപറഞ്ഞ് ഒാടിച്ചു. പക്ഷേ, ജുഡീഷ്യറി വിട്ടുകൊടുത്തില്ല. കുറ്റവാളിക്കു വധശിക്ഷ വിധിക്കാൻ സെഷൻസ് ജഡ്ഡിക്കു അധികാരമുണ്ടെങ്കിലും ശിക്ഷ നടപ്പാക്കാൻ ഹൈക്കോടതിയുടെ അംഗീകാരം വേണമെന്നാണ് നിയമം. 

ഹൈക്കോടതിയുടെ നിർദേശാനുസരണം ഒരു സംഘം അഭിഭാഷകർ രാമൻ രാഘവനെ സുദീർഘമായ അഭിമുഖ സംഭാഷണത്തിനു വിധേയനാക്കി. ചോദ്യങ്ങൾക്കു ലഭിച്ച പ്രതികരണത്തിൽനിന്നു, കോടതിയിൽ നടക്കുന്ന നടപടികളുടെ അർഥവ്യാപ്തി മനസ്സിലാക്കാനുള്ള മാനസികനില രാഘവനില്ലെന്ന നിഗമനത്തിലാണു നിയമജ്ഞസംഘം എത്തിച്ചേർന്നത്. മനശാസ്ത്രജ്ഞന്മാരുടെ ഒരു വിദഗ്ധ സംഘത്തെകൊണ്ട് രാമൻ രാഘവനെ വിശദമായി പരിശോധിപ്പിക്കണമെന്ന് അവർ ഹൈക്കോടതിയോടു ശുപാർശ ചെയ്തു. 

അവരുടെ ശുപാർശ ഹൈക്കോടതി സ്വീകരിച്ചു. നഗരത്തിലെ ഏറ്റവും പ്രശസ്തരായ മനശാസ്ത്രജ്ഞന്മാർ തന്നെ ആ നിർണായക ദൗത്യത്തിനു നിയുക്തരായി. ഡോക്ടർ ജെ. സി. മാർഫാതിയാ, ഡോക്ടർ വി. എൻ. ബഗാതിയാ, ഡോക്ടർ വി.ആർ. ദേവ് എന്നിവരായിരുന്നു ബോർഡിലെ അംഗങ്ങൾ. കൂടാതെ പരിശോധനാവിധേയനാക്കേണ്ട തടവുകാരനെ കുറേ ദിവസങ്ങൾ ജയിലിൽ നിരീക്ഷണം നടത്തിയശേഷം വോർഡിനു റിപ്പോർട്ട് സമർപ്പിക്കാനായി മെന്റൽ സ്പെഷ്യലിസ്‍റ്റെന്ന നിലയിൽ ഡോ. ബി.എൽ. ചന്ദ്രോർക്കറും നിയമിതനായി. അതേത്തുടർന്ന് മുംബൈ ഹൈക്കോടതി വധശിക്ഷ തൽക്കാലത്തേക്കു മാറ്റിവച്ചു. 

പൂനയ്ക്കടുത്തുള്ള യെർവാഡ സെൻട്രൽ ജയിലിലെ കണ്ടംഡ് സെല്ലിലെ ഏകാന്തവാസത്തിനിടയിൽ വൃക്കരോഗം ബാധിച്ച് രാമൻ രാഘവൻ കിടപ്പിലായി. ഒടുവിൽ രണ്ടു കിഡ്നികളുടെയും പ്രവർത്തനം നിലച്ചു – പൂനയിലെ സാസ്സൂൺ ആശുപത്രിയിൽ കിടന്ന് 1995ൽ അയാൾ അന്ത്യശ്വാസം വലിച്ചു. 

( അവസാനിച്ചു )