Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സ്ത്രീ കോൺഡം വാങ്ങുന്നതു കണ്ടാൽ ആളുകൾ എന്തു വിചാരിക്കും?

 Lady Representative Image

മെഡിക്കൽ ഷോപ്പിൽ ചെന്നിട്ട് മൂഡ്സ് പ്ലീസ് എന്ന് ഒരു സ്ത്രീ പറയുന്നത് സങ്കൽപിക്കാൻ കഴിയുമായിരുന്നോ ഈ അടുത്തകാലം വരെ. എന്നാൽ കോൺഡം വാങ്ങാൻ ചെല്ലുന്ന സ്ത്രീയെ കണ്ടാൽ അവൾ കാര്യപ്രാപ്തിയുള്ളവൾ എന്ന് അഭിനന്ദിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അമേരിക്കയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. 

ഉപ്പു തൊട്ടു കർപ്പൂരം വരെയും ഉൾവസ്ത്രം മുതൽ വാഷിങ് മെഷീൻ വരെയും സ്വന്തമായി വാങ്ങാൻ കെൽപുള്ള സ്ത്രീകൾ ഒരേയൊരു കാര്യത്തിലേ പിന്നിൽ നിൽക്കുന്നുള്ളു. കോൺഡം വാങ്ങുന്ന കാര്യത്തിൽ. മെഡിക്കൽ ഷോപ്പുകളിൽ ആവശ്യത്തിനു സ്ത്രീ ജീവനക്കാർ ഉണ്ടെങ്കിൽ കൂടിയും സ്ത്രീകൾ ആ ജോലി പുരുഷനു കൊടുക്കും. പാവം പുരുഷന്മാർ മെഡിക്കൽ ഷോപ്പിലെ കൊച്ചു പെമ്പിള്ളേരുടെ അടുത്തു ചെന്നു പറയേണ്ടി വരുന്നു– മൂഡ്സ് പ്ലീസ്. എന്നാൽ പിന്നെ സ്ത്രീകൾ തന്നെ ആ ജോലിയും ചെയ്തുകൂടെ. പക്ഷേ കാണുന്നവർ എന്തു വിചാരിക്കും എന്നല്ലേ ചിന്ത. 

സത്യത്തിൽ ഒരു സ്ത്രീ കോൺഡം വാങ്ങുന്നതു കണ്ടാൽ ആളുകൾ എന്തു വിചാരിക്കും. ഒന്നും വിചാരിക്കില്ല എന്നാണു സർവേയിൽ പറയുന്നത്. അഥവാ വിചാരിച്ചാൽ തന്നെ മിടുക്കി, കാര്യപ്രാപ്തിയുള്ളവൾ, സ്മാർട് എന്നൊക്കെയേ വിചാരിക്കൂ. സാനിറ്ററി നാപ്കിൻ ആദ്യം മാർക്കറ്റിൽ എത്തിയ സമയത്ത് അതു വാങ്ങാൻ സ്ത്രീകൾക്ക് എന്തൊരു ചമ്മലായിരുന്നു. ഇപ്പോൾ വിങ്സ് ഉണ്ടോ, എക്സ്ട്രാ ലാർജ് ആണോ എന്നൊക്കെ തിരിച്ചും മറിച്ചും നോക്കി സാധനം വാങ്ങുന്നില്ല. ഇതും അത്രയൊക്കെയേ ഉള്ളൂ. സേഫ് സെക്സ് വേണമെങ്കിൽ മടിച്ചു നിന്നിട്ടു കാര്യമില്ല. സ്വന്തം കാര്യം നോക്കിക്കോണം. പിന്നെ കുഴപ്പമായിക്കഴിഞ്ഞ് വേറെ വഴി ആലോചിച്ചു നടക്കേണ്ടല്ലോ. 

ചായ കുടിക്കും പോലെ കൂളായി സെക്സിൽ ഏർപ്പെടുന്ന അമേരിക്കയിൽ എത്ര ശതമാനം സ്ത്രീകൾ കോൺഡം വാങ്ങാൻ പോകാറുണ്ട്? സർവേ അനുസരിച്ച് മൂന്നിൽ രണ്ടു ശതമാനം കോൺഡം വാങ്ങൽ നടത്തുന്നതും ഇപ്പോഴും പുരുഷന്മാർ തന്നെ. 65 ശതമാനം സ്ത്രീകളും ഇതുവരെ കോൺഡം വാങ്ങിയിട്ടില്ല. മൂന്നു ശതമാനം സ്ത്രീകൾ കോൺഡം ബാഗിൽ എപ്പോഴും കൊണ്ടു നടക്കുന്നതായും പറയുന്നു. ഇനി ഈ ശതമാനക്കണക്കൊക്കെ കൂടും. സ്ത്രീകൾ നേരിട്ടു പോയി കോൺഡം വാങ്ങും. കാരണം അവളെ അതുപറഞ്ഞു കളിയാക്കാൻ ആരും ഉണ്ടാവില്ലെന്നല്ലേ പഠനഫലം.