Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരികക്കൊടിയില്‍ പർവതനിരയോ? വൈറലായി പുത്തൻ ട്രെൻഡ്

Eye Brows ബ്യൂട്ടി വ്ലോഗറായ പ്രോമിസ് ടമാങ് ആണ് ഈ വെറൈറ്റി പുരികക്കൊടി ട്രെൻഡിങ് ആക്കിയതിനു പിന്നിൽ...

ത്രെഡ് ചെയ്തു ഷെയ്പ്പിലാക്കിയ കട്ടിയുള്ള പുരികങ്ങൾ കാണാൻ തന്നെ ഒരു ചന്തമാണ്. മാസത്തിലൊരിക്കല്‍ പാര്‍ലറിൽ പോയി പുരികക്കൊടികൾ സുന്ദരമാക്കിയില്ലെങ്കിൽ ഇരിപ്പുറക്കാത്തവരാണ് പല പെൺകൊടികളും. ഈ കറുത്തു മിനുക്കിയ ഷെയ്പിലുള്ള പുരികം കണ്ടു മടുത്തവരാണ് നിങ്ങളെങ്കിൽ സമൂഹമാധ്യമത്തിലേക്കൊന്നു കയറിച്ചെന്നാൽ മതി. പുരികക്കൊടിയിലെ വൈവിധ്യങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടുപോകും. പർവതനിരകൾ പോലെ കയറിയും ഇറങ്ങിയും ഇരിക്കുന്ന പുരികക്കൊടികളാണ് ഇപ്പോള്‍ വൈറലാകുന്ന ട്രെൻഡ്.

ഇനി പുത്തൻ ട്രെൻഡു പരീക്ഷിച്ചു കളയാം എന്നു കരുതി ബ്യൂട്ടി പാർലറിൽ പോയി ഈ വ്യത്യസ്തമായ പുരികക്കൊടി കിട്ടാന്‍ ത്രെഡ് ചെയ്തു കളയല്ലേ. പുരികം പഴയപടി തന്നെ വച്ചാൽ മതി, അതിൽ അൽപം കരവിരുതു ചെയ്യണമെന്നേയുള്ളു, മനസ്സിലായില്ലേ മേക്അപ്പിലൂടെയാണ് സംഗതി ഇത്ര കി‌ടിലനാക്കുന്നതെന്ന്. അതായത് കാഴ്ചക്കാരുടെ കണ്ണുകളിൽ ഒരു ഓപ്റ്റിക്കൽ ഇല്യൂഷൻ ആണെന്നു സാരം. 

eye-brows-1 പ്രോമിസ് തന്റെ ഈ പുരികക്കൊടി പങ്കുവച്ചതോടെ ബാക്കിയുള്ളവരും ഇപ്പോൾ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്...

ബ്യൂട്ടി വ്ലോഗറായ പ്രോമിസ് ടമാങ് ആണ് ഈ വെറൈറ്റി പുരികക്കൊടി ട്രെൻഡിങ് ആക്കിയതിനു പിന്നിൽ. പുരികത്തിന്റെ നിറം കുറച്ചതിനു ശേഷം അതിനു മുകളിലൂടെ കയറിയും ഇറങ്ങിയുമുള്ള ഷെയ്പ്പിൽ മറ്റൊരു പുരികം വരയ്ക്കുകയാണു െചയ്യുന്നത്. പ്രോമിസ് തന്റെ ഈ പുരികക്കൊടി പങ്കുവച്ചതോടെ ബാക്കിയുള്ളവരും ഇപ്പോൾ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. തൂവലിന്റെ രൂപത്തിലും ഡ്രാഗണിന്റെ രൂപത്തിലുമൊക്കെയുള്ള പുരികങ്ങൾ വൈറലാവുന്നുണ്ട്. 

അതിനിടെ ചിലരെങ്കിലും പുരികക്കൊടിയിൽ പരീക്ഷണങ്ങൾ നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. റെഡ് കാർപറ്റ് ലുക്കിനോ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവെക്കാനോ ഒക്കെ ചേർന്നതാണ് ഈ തരംഗമെങ്കിലും സാധാരണ ദിവസങ്ങളിൽ അപ്ലൈ ചെയ്യൽ അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പലരും പറയുന്നത്. എന്നാൽ കണ്ണുകളിലും ചുണ്ടുകളിലുമൊക്കെ മേക്അപ് പരീക്ഷണം നടത്താമെങ്കിൽ എന്തുകൊണ്ടു പുരികത്തിലും ആയിക്കൂടെന്നു മറുചോദ്യം ഉയർത്തുന്നവരും കുറവല്ല. 

Read more: Lifestyle Malayalam Magazine