Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസേ ഫെയ്‌സ്ബുക് പോയി, ഓടിവാ..

facebook

അതിവേഗ ഇന്റർനെറ്റ് സൗകര്യവും സൗജന്യ 4 ജി സേവനവുമൊക്കെ ലഭിക്കാൻ തുടങ്ങിയതോടെ സ്മാർട് ഫോൺ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഫോണിൽനിന്നു കണ്ണെടുക്കാൻ വയ്യാത്തത്ര തിരക്കിലാണ്. ഫെയ്‌സ്ബുക്കും ട്വിറ്ററും ആപ്പുകളുമൊക്കെയായി അവർ ഇ ലോകത്ത് ജീവിക്കുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ പോലും കൈയിൽ മൊബൈൽ വേണമെന്ന അവസ്ഥ. ഇത് ഇവിടുത്തെ കാര്യം മാത്രമല്ല, പല ലോകരാജ്യങ്ങളിലും ഇതുതന്നെ അവസ്ഥ.

ഫെയ്‌സ്ബുക് കിട്ടുന്നില്ലെങ്കിൽ പരാതിപ്പെടരുതെന്ന് പൊലീസിനു പറയേണ്ടിവരും വരെയെത്തി അമേരിക്കയിൽ കാര്യങ്ങൾ. സെൽഫികൾ കാഴ്ചവച്ചും ലൈക്കുകൾ വാരിക്കൂട്ടിയും ഫെയ്‌സ്ബുക്കിനു പിന്നാലെകൂടിയ സമൂഹം അത്യാവശ്യ നമ്പരായ 911 തകരാറിലാക്കുന്നതായാണ് ബോതെൽ പൊലീസിന്റെ പരാതി. ഫെയ്‌സ്ബുക്കുമായുള്ള കണ്ണിമുറിയുമ്പോൾ അത് അവരുടെ അത്യാവശ്യകാര്യമായി മാറുന്നു. വിളിതന്നെ വിളി 911 ലേക്ക്.

‘നിങ്ങളിലൊരാൾക്ക് ആപത്തുവന്നാൽ ഏതു മലമുകളിൽ കയറിയും രക്ഷിക്കാൻ ഞങ്ങളുണ്ടാകും. എന്നാൽ നിങ്ങളുടെ ഫെയ്‌സ്ബുക് അക്കൗണ്ട് കിട്ടുന്നില്ലെന്നു പറഞ്ഞ് ദയവായി വിളിക്കരുതേ’- പൊലീസ് ട്വിറ്ററിലൂടെ അപേക്ഷിച്ചു. പൊലീസിന്റെ പോസ്റ്റ് പെട്ടന്നു വൈറലായി. പലരീതിയിലാണ് പ്രതികരണങ്ങൾ വന്നത്. ചിലർക്ക് ഈ പറയുന്നത് സത്യമാണെന്നു വിശ്വസിക്കാൻ തന്നെ പ്രയാസം. ഓകെ വിളിക്കുന്നില്ല, ഇനി ട്വിറ്ററിലൂടെ പരാതിപ്പെടാമെന്നായി ഒരു വിരുതന്റെ മറുപടി.

പൊലീസിൽ പരാതിപ്പെടുന്നിടത്തോളം എത്തിയിട്ടില്ലെങ്കിലും നമ്മുടെ നാട്ടിലും എന്താണ് അവസ്ഥ. നാമോരോരുത്തരും ഒരു ദിവസം എത്ര മണിക്കൂർ സ്മാർട് ഫോണുമായി ചെലവഴിക്കുന്നുണ്ടാകും. ഇന്റർനെറ്റ് കിട്ടാത്തതുപോകട്ടെ, വേഗമൽപം കുറഞ്ഞാൽപോലും അസ്വസ്ഥരാവുന്നവരല്ലേ നമ്മളും.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam