Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചത്തിന്റെ വാതിൽ തുറന്ന് ഒരു ഫാഷൻ ഷോ

Fashion show കാഴ്ചയുടെ മഹത്വത്തെക്കുറിച്ച് കാഴ്ചകളിലൂടെ തന്നെ ആസ്വാദകനെ ഓർമ്മിപ്പിക്കുകയായിരുന്നു ഈ ഫാഷൻ ഷോ.

കോളജ് കുമാരികള്‍ മുതൽ അറുപതു പിന്നിട്ടവർ വരെ, എല്ലാ പ്രായത്തിലുമുള്ള മോഡലുകള്‍... വ്യത്യസ്ത നിറത്തിൽ, വ്യത്യസ്ത വലിപ്പത്തിൽ, വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ടവർ... ഭാവഭേദങ്ങളൊന്നും കൂടാതെ ഒരെ താളത്തിന്റെ അകമ്പടിയോടെ അവർ വേദിയിലേക്കു കടന്നുവന്നു... കണ്ടു ശീലിച്ച ഫാഷൻ ഷോകളിൽ നിന്നു വ്യത്യസ്മായൊരു ഫാഷൻ അനുഭവമാണ് റൗക്ക അണിയിച്ചൊരുക്കിയത്. കൊച്ചിൻ റോട്ടറി ക്ലബും, എസ്എസ്എംഐ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച നേത്രാ പ്രോജക്ടിന്റെ ഭാഗമായാണ് തികച്ചും വ്യത്യസ്തമായൊരു ഫാഷൻ ഷോയ്ക്ക് അരങ്ങൊരുങ്ങിയത്. 

rouka-3

കാഴ്ച എന്ന അത്ഭുതകരമായ സമ്മാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചു കാണികളെ ബോധവാൻമാരാക്കുക എന്നതായിരുന്നു ഫാഷൻ ഷോയുടെ പ്രധാന ലക്ഷ്യം. ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക്.. ചുറ്റും കാണുന്ന എല്ലാകാഴ്ചകളുടെയും, നിറവിന്യാസങ്ങളുടെയും വ്യത്യസ്തതകളുടെയും സൗന്ദര്യങ്ങളിലേക്ക് ആസ്വാദകന്റെ ശ്രദ്ധയെ ആകർഷിക്കുന്ന തരത്തിലാണ് ഫാഷൻ ഷോ ക്രമീകരിച്ചത്. ജാതി–വർഗ–വർണ്ണ–പ്രായ ഭേദമില്ലാതെ വേദിയിൽ തിളങ്ങുന്ന മോഡലുകൾ വ്യത്യസ്തയുടെ സൗന്ദര്യത്തെ പ്രതിനിധാനം ചെയ്തു. 

rouka-2

റോട്ടറി ക്ലബിന്റെ ഒൻപതു വളന്റിയർമാർ മോഡലുകളായി വേദിയിലെത്തി. വിവിധ ലെയറുകളായി ക്രമീകരിച്ച വസ്ത്രങ്ങളാണ് റൗക്ക ഫാഷൻ ഷോയ്ക്കായി ഒരുക്കിയത്. സൃഷ്ടി, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് കാണികളിൽ അവബോധം ഉണ്ടാക്കുകയായിരുന്നു ഓരോ ലെയറിന്റെയും ലക്ഷ്യം. വ്യത്യസ്തതകൾ ഒത്തുചേരുന്നതിന്റെ സൗന്ദര്യത്തെകുറിച്ച് കാണികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ ഫാഷൻ ഷോ വിജയിച്ചു.

rouka-1

ഇരുട്ടിനെയും വെളിച്ചത്തെയും സൂചിപ്പിക്കുന്ന വെളുപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങൾക്കായിരുന്നു ഷോയിൽ പ്രാധാന്യം. ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന ചുവപ്പ് കറുപ്പിനും വെളുപ്പിനും ശേഷം ഷോയിൽ ഇടം പിടിച്ചു. സ്വർണ്ണ നിറം കാഴ്ചയുടെ തിളക്കത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു.

rouka

പശ്ചാത്തലത്തിൽ ഒരുക്കിയ ഒഴിഞ്ഞ കിളിക്കൂടുകളും പുറത്തു സ്വതന്ത്രമായി പറക്കുന്ന കിളികളും ആരും അന്ധകാരത്തിന്റെ കൂടിനുള്ളിൽ അല്ല എന്ന ആശയത്തെ പ്രതീകാത്മകമായി പറഞ്ഞുവെച്ചു. കാഴ്ചയുടെ മഹത്വത്തെക്കുറിച്ച് കാഴ്ചകളിലൂടെ തന്നെ ആസ്വാദകനെ ഓർമ്മിപ്പിക്കുകയായിരുന്നു ഈ ഫാഷൻ ഷോ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam