Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസപ്ഷന്‍ വസ്ത്രത്തിലെ ബട്ടൺസിന്റെ മാത്രം വില ലക്ഷങ്ങൾ, എന്നാലും വിരാടേ...!

Virat Kohli Anushka Sharma വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും വിവാഹ സൽക്കാരത്തിനിടെ

2017ൽ ഏറ്റവും കൊട്ടിഘോഷിച്ച താരവിവാഹം ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയം അത് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടേയുമാണെന്ന്. ഇറ്റലിയിലെ ടസ്കനില്‍ വച്ചുനടന്ന സ്വപ്ന സമാനമായ വിവാഹത്തിനു ശേഷം ഡൽഹിയിൽ കുടുംബ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും ഒരുക്കിയിരുന്നു താരദമ്പതിമാർ. വിരാടിന്റെയും അനുഷ്കയുടെയും വിവാഹ വിശേഷങ്ങളെക്കുറിച്ച് ഇനിയും പറഞ്ഞു തീർന്നിട്ടില്ലെന്നു തോന്നുന്നു ആരാധകർക്ക്, ഏറ്റവും പുതിയ ചർച്ചാ വിഷയം വിവാഹ സൽക്കാരത്തിനു വിരാട് ധരിച്ച വസ്ത്രമാണ്. റിസപ്ഷൻ ചടങ്ങിനായി വിരാട് ധരിച്ച ബാന്ദ്ഗാലയിലെ ബട്ടൺസിന്റെ മാത്രം വില ലക്ഷങ്ങളാണെന്നു കേട്ടു ഞെട്ടിയിരിക്കുകയാണ് പലരും.  

ബോളിവു‍ഡിന്റെ പ്രിയപ്പെട്ട ഫാഷൻ ‍ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത ബാന്ദ്ഗാലയിലെ ബട്ടൺസ് വെറുമൊരു സ്റ്റൈൽ ഐക്കൺ മാത്രമല്ല, പതിനെട്ടു കാരറ്റിന്റെ മൂല്യവുമുണ്ട്. മനസ്സിലായില്ലേ, അസ്സല്‍ സ്വർണം കൊണ്ടു തയാറാക്കിയതാണ് ആ മനോഹരമായ ബട്ടൺസുകൾ. ഡിസൈനറുടെ വാക്കുകളിലേക്ക്. പതിനെട്ടു കാരറ്റുള്ള ബട്ടൺസുകൾ പതിപ്പിച്ച കറുപ്പു നിറത്തിലുള്ള സിൽക്കിന്റെ ബാന്ദ്ഗാലയും വെള്ള നിറത്തിലുള്ള സിൽക്ക് കുർത്തയും കൈകൾ കൊണ്ടു നെയ്തെടുത്ത ബോട്ടവുമാണ് വിരാട് ധരിച്ചത്.

Virat Kohli Anushka Sharma വിരാടും അനുഷ്കയും വിവാഹ നിശ്ചയ ദിനത്തിലും വിവാഹ ദിനത്തിലും

അതിലെ ഓരോ ബട്ടണിനും മുപ്പതിനായിരവും അമ്പതിനായിരവും വിലമതിക്കുമത്രേ. അതായത് വസ്ത്രത്തിലെ മുഴുവൻ ബട്ടണുകളുടെയും വിലയെടുത്താൽ ഏതാണ്ട‌് മൂന്നു ലക്ഷത്തിന‌ടുത്തു വിലവരും. വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. ബട്ടണുകൾക്കു മാത്രം ലക്ഷങ്ങളാണ് വിലയെങ്കിൽ റിസപ്ഷൻ ഔട്ട്ഫിറ്റിനു മൊത്തമായി എത്ര ചിലവായിട്ടുണ്ടാകുമെന്നാണ് പലരുടെയും സംശയം. 

വരുമാനത്തിന്റെ കാര്യത്തിൽ ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാനെപ്പോലും കടത്തിവെട്ടിയയാൾക്ക് ഇതല്ല ഇതിനപ്പുറവും ചിലവാക്കാമല്ലോ എന്നു തമാശയോടെ പറയുന്നവരുമുണ്ട്. അഭിനയരംഗത്ത് മുപ്പതു വർഷത്തോടടുക്കുന്ന ബോളിവുഡിന്റെ കിങ് ഖാൻ ഷാറൂഖ് ഖാനെ ബൗണ്ടറി കടത്തിയാണ് വിരാട് കോഹ്‌ലിയെന്ന ഇരുപ്പത്തിയൊൻപതുകാരൻ  ഇന്ത്യയിലെ ഏറ്റവും വിലയുള്ള സെലിബ്രിറ്റിയാകുന്നത്.

ഡഫ് ആൻഡ് ഫെൽപ്സ് റിപ്പോർട്ട് പ്രകാരം 144 ദശലക്ഷം ഡോളറാണ്(ഏകദേശം 921കോടിരൂപ) വിരാടിന്റെ ബ്രാൻഡ് മൂല്യം.  കഴിഞ്ഞവർഷത്തേക്കാൾ 56% വളർച്ച. റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഷാറൂഖ് ഖാനെ ഒരാൾ പിറകിലാക്കുന്നത്. 106 ദശലക്ഷം ഡോളറാണ് (ഏകദേശം 678കോടിരൂപ) ഷാറൂഖിന്റെ ബ്രാൻഡ് മൂല്യം.പരസ്യവരുമാനം, പ്രഫഷനിലെ മികവ്, പോപ്പുലാരിറ്റിയിലുണ്ടായ വളർച്ച എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam