Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുന്നു കുത്തിവച്ചു മസിൽ പെരുപ്പിച്ചാൽ കുറച്ചുകാലം ഷൈൻ ചെയ്യാം, പിന്നെ ശയ്യയിൽ!!

Steroid side effects പല ഫിറ്റ്നസ് ട്രെയ്നിങ് സെന്ററുകളിലും നടമാടുന്ന സ്റ്റെറോയ്ഡ് ഉപയോഗത്തിലേക്കാണു സഹീൽ ഖാൻ വിരൽ ചൂണ്ടുന്നത്

‘മരുന്നു കുത്തിവച്ചു മസിൽ പെരുപ്പിച്ചാൽ അൽപകാലത്തേക്കു ഷൈൻ ചെയ്യാം; ശിഷ്ടകാലം ശയ്യയിലും കഴിച്ചു കൂട്ടാം’–   പ്രശസ്ത ബോളിവുഡ് നടനും ഫിറ്റ്നസ് ട്രെയ്നറുമായ സഹീൽ ഖാൻ ഇതു പറയുമ്പോൾ നെറ്റി ചുളിക്കേണ്ടതില്ല. ഇന്നു പല ഫിറ്റ്നസ് ട്രെയ്നിങ് സെന്ററുകളിലും നടമാടുന്ന സ്റ്റെറോയ്ഡ് ഉപയോഗത്തിലേക്കാണു സഹീൽ ഖാൻ വിരൽ ചൂണ്ടുന്നത്. മസിലുകളിലെ സൗന്ദര്യവുമായി നാൽപത്തിരണ്ടാം വയസ്സിലേക്കു കടക്കുമ്പോൾ സഹീൽ ഖാൻ ഉറപ്പിച്ചു പറയുന്നു– തന്റെ വിജയ രഹസ്യം ചിട്ടയായ പരിശീലനവും കൃത്യമായ ഭക്ഷണവും മാത്രമാണെന്ന്. 

ബോളിവുഡിൽ 2001 ൽ റിലീസ് ചെയ്ത ‘സ്റ്റൈൽ’ എന്ന ചിത്രത്തോടെയാണു സിനിമാ ആരാധകർക്കിടയിൽ സഹീൽ ഖാൻ ശ്രദ്ധിക്കപ്പെടുന്നത്. ചോക്ലേറ്റ് നായകന്മാർ അരങ്ങു വാണിരുന്ന ബോളിവുഡിൽ ദൃഢമായ പേശികളുമായി എത്തിയ സഹീൽ വ്യത്യസ്തനായി. അതിനു ശേഷം സഹീലിനെ പ്രേക്ഷകർ കണ്ടതു സാക്ഷാൽ അമിതാഭ് ബച്ചനോടൊപ്പമാണ്. സിനിമയ്ക്ക് എന്നും താൻ രണ്ടാം പരിഗണന മാത്രമേ നൽകിയിട്ടുള്ളൂ എന്നും ആദ്യ പ്രണയം സ്വന്തം ശരീരത്തോടു തന്നെയായിരുന്നെന്നും സഹീൽ ഖാൻ വ്യക്തമാക്കുന്നു. 

‘വിപണിയിൽ സുലഭമാണു മസിൽ പെരുപ്പിക്കാനുള്ള മരുന്നുകൾ. ഇതൊന്നും ഇല്ലാതിരുന്ന കാലത്താണ് എന്നെപ്പോലുള്ളവർ ജിംേനഷ്യങ്ങളിൽ അധ്വാനിക്കാൻ തുടങ്ങിയത്. കൃത്യമായ ഇടവേളകൾ നൽകിക്കൊണ്ടുള്ള പരിശീലനമാണു പ്രധാനം. ഭക്ഷണം ഒഴിവാക്കിയോ, അമിത ഭക്ഷണം കഴിച്ചോ അല്ല ശരീര സൗന്ദര്യം നിലനിർത്തേണ്ടത്. 

ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിച്ചു കൊണ്ടാണ്. ദിവസവും ഒന്നര മണിക്കൂർ ഞാൻ വ്യായാമം ചെയ്യാറുണ്ട്. യാത്രകളിൽ അതിനു പൂർണമായും സാധിച്ചെന്നു വരില്ല. പകരം മുറിയിൽ ഇരുന്നു തന്നെ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങൾ ചെയ്യും. മസിലിനു വണ്ണം വയ്പ്പിക്കുന്നതിലല്ല കാര്യം, മസിലിനു കരുത്തു വർധിപ്പിക്കുന്നതിലാണ്. മരുന്നുകൾ ഉപയോഗിച്ചു പെരുപ്പിക്കുന്ന മസിലിനു കരുത്തുണ്ടാവില്ല. വെറുതെ ടീ ഷർട്ട് തെറുത്തുകയറ്റി, സ്റ്റൈൽ കാട്ടാം എന്നു മാത്രം. ചില സിനിമകളിൽ കാണാറില്ലേ, ഒറ്റ തള്ളിനു വീണു പോകുന്ന മസിൽമാൻമാരെ. അത്രയേ പ്രതീക്ഷിക്കേണ്ടൂ, ഇത്തരം കൃത്രിമ മസിലുകളിൽ നിന്ന്–’ സഹീൽ ഖാൻ പറയുന്നു. 

സിനിമയുടെ തിരക്കിനിടയിലാണു സഹീൽ ഖാൻ ബിസിനസിലേക്കും ഇറങ്ങിത്തിരിച്ചത്. അവിടെയും വിൽപന സ്വന്തം ശരീര സൗന്ദര്യം തന്നെയായിരുന്നു. യഷ് ബിർലയ്ക്കൊപ്പം ചേർന്ന് ഇന്ത്യൻ വിപണിയിൽ സ്പോർട്സ് വസ്തുക്കൾ പരിചയപ്പെടുത്തി. പൂർണമായും സസ്യജന്യമായ എനർജി ഡ്രിങ്ക് വിപണിയിൽ എത്തിക്കുകയാണിപ്പോൾ. 

Read more : Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.