Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ എന്തിന് ഒറ്റയ്ക്ക് നിർത്തുന്നു?

solitude-of-a-women ചിറകുകളുണ്ടായിട്ടും നിറം ചോർന്ന നിസ്സഹായയായ മാലാഖ. മോഡൽ : അലീന കാതറിൻ, ഫോട്ടോ: ഹരി കൃഷ്ണൻ

സ്വപ്നങ്ങളിലേക്ക് പറക്കുവാനുള്ള കുഞ്ഞിച്ചിറകുകളുമായാണ് ഓരോ പെൺകുഞ്ഞും ജനിച്ചു വീഴുന്നത്. ആ ചിറകുകളുടെ തൂവലുകൾക്ക് ഭംഗി കൂടിവരും തോറും അവളുടെ ലോകം കാണാച്ചരടുകളാൽ ബന്ധിതമായിക്കൊണ്ടിരിക്കുന്നു. സുരക്ഷിതമെന്ന് നമ്മൾ കരുതുന്ന ഇടങ്ങളിൽ പോലും അവൾ ഇരയായി മാറുന്നു. സംരക്ഷിക്കേണ്ടവർ വേട്ടക്കാരാവുന്നു. പലപ്പോഴും സ്വന്തം ശരീരം പോലും അവൾക്ക് അന്യമാവുന്നു. ആള്‍ക്കൂട്ടങ്ങൾക്കു നടുവിൽ ഏകാന്തതയുടെ ഇരു ഗുഹകളിലൂടെയാവും അവൾ സഞ്ചരിക്കുന്നത്. എല്ലാവർക്കും നടുവിൽ.. സ്വന്തം നിഴൽ പോലും ഒപ്പമില്ലാതെ... അവൾ ഒരു ഏകാന്ത ശലഭമാവും. 

തൊഴിലിടങ്ങളിൽ, വാഹനങ്ങളിൽ, വഴിയിൽ, പൊതുയിടങ്ങളിൽ എന്തിന് പലപ്പോഴും സ്വന്തം വീട്ടിൽ പോലും സ്ത്രീ സുരക്ഷിതയല്ല എന്ന ആശയമാണ് ALIEN എന്ന ഫോട്ടോ എക്സിബിഷനിലൂടെ വനിത –വീട് ഫൊട്ടോഗ്രഫർ ഹരികൃഷ്ണൻ മുന്നോട്ടു വയ്ക്കുന്നത്. ഈ ലോകത്തിന്റെ വർണങ്ങളിലേക്ക് പറക്കാൻ ചിറകുകളുണ്ടെങ്കിലും വാക്കു കൊണ്ടും നോക്കു കൊണ്ടും സ്പർശം കൊണ്ടും എപ്പോഴുമവൾ കടന്നു കയറ്റത്തിന്റെ ഭീഷണിയിലാണ് എന്ന സത്യം വിളിച്ചു പറയുന്നു ഏലിയന്റെ ഓരോ ഫ്രെയ്മുകളും.. മാർച്ച് എട്ടിനാണ് ഫൊട്ടോഗ്രഫി എക്സിബിഷൻ ആരംഭിക്കുന്നത്. 

harikrishnan ഹരികൃഷ്ണൻ

പതിനൊന്ന് ചിത്രങ്ങൾ! ഒരു മാലഖ നമ്മൾക്കടുത്തേയ്ക്ക് വന്നാൽ പോലും ഒട്ടും സുരക്ഷിതയല്ല...!സ്ത്രീകൾ മാത്രമല്ല മാലാഖയുടെ നൈർമല്യമുള്ള കൊച്ചു കുഞ്ഞുങ്ങൾ പോലും ഇവിടെ സുരക്ഷിതരല്ല...നാട്ടിലാണെങ്കിലും അവരുടെ വീട്ടിലാണെങ്കിലും! പലതരത്തിലുള്ള അനുഭവങ്ങൾ ഇന്ന് നമുക്കുചുറ്റിലും കാണാം. ഈ കാലഘട്ടത്തിലെ നേർക്കാഴ്ചകൾ എന്നു പറയാവുന്ന ചിത്രങ്ങളാണിത്. ഒരു സാധാരണ കാഴ്ചപോലെ കണാൻ പറ്റുന്ന, ചിന്തിപ്പിക്കുന്ന ചിത്രങ്ങൾ. എറണാകുളം,മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കു നടുവിൽ അവളുടെ ചിറകുകൾ പോലും മറയാകുന്നില്ല. തുറിച്ചു നോട്ടമായി പല ജോടി കണ്ണുകൾ ഇഴയുന്ന വൃത്തികെട്ട ചെളിക്കളമായി മാറും അവൾക്ക് അവളുടെ ശരീരം. ആഭാസച്ചിരിയുടെ അകമ്പടിയോടെ അറയ്ക്കുന്ന വാക്കുകൾ കൂരമ്പുകളായി കാതിൽ തറഞ്ഞു കയറും. കാമവെറിയുടെ കുഷ്ഠം പിടിച്ച മുള്ളുകള്‍ അവളില്‍ തറഞ്ഞു കയറാൻ അവസരം പാർത്ത് ആൾക്കൂട്ടത്തിൽ അലിഞ്ഞു നടക്കുന്നു.

സംരക്ഷണത്തിന്റെ പേരിലുള്ള അരുതുകൾ, വിലക്കുകൾ അവളുടെ ജീവിതത്തിലെ നിറങ്ങളെ ചോർത്തിക്കളഞ്ഞ് അവളെ കൂടുതൽ ഏകാന്തതയുടെ തുരുത്തിലേക്ക് വലിച്ചെറിയുന്നു. ഇവിടെ അവൾ നിസ്സഹായയാണ്. തൂവലുകൾ അടർന്ന, ഭംഗി ചോർന്ന, മന്ത്രശക്തി നഷ്ടമായ മാലാഖയായി അവളെ മാറ്റുന്നു, അവൾക്ക് ചുറ്റുമുള്ള സമൂഹം.

പ്രകൃതി അവളുടെ ശരീരത്തിന്റെ ക്ലോക്കിൽ ക്രമീകരിച്ച ചുവന്ന അടയാളങ്ങൾ ഒരു കാലത്ത് പെണ്ണിന് തനിച്ചിരിപ്പിന്റെ നാളുകൾ വിധിച്ചിരുന്നു. ആചാരങ്ങൾ കൊണ്ടും പാരമ്പര്യത്തിന്റെ ഇഷ്ടികകൾ കൊണ്ടും ഇന്നും ‘ആ നാളുകളിൽ’ അവൾക്കു ചുറ്റും ഏകാന്തതയുടെ കോട്ട പണിയാൻ ശ്രമങ്ങളുണ്ട്. പുറത്താകലിന്റെ ജനിതക വിത്തുകൾ പെണ്ണിന്റെ മനസ്സിൽ പാകിയ ഒറ്റപ്പെടലിന്റെ വിത്തുകൾ പെൺമനസ്സുകളിൽ അവർ പോലുമറിയാതെ വേരുകളാഴ്ത്തി. ആ വേരുകൾ പെൺമനസ്സുകളെ വരിഞ്ഞു മുറുക്കി മാറ്റി നിർത്തുന്ന നാളുകൾ പ്രിയപ്പെട്ടവരുടെ അരികിൽ പോലും അവരെ ഒറ്റതിരിക്കും. സ്വയം വെറുപ്പിന്റെയും നിരാശയുടെയും ആഴങ്ങളിലേക്ക് അവൾ മുങ്ങാംകുഴിയിടും. കാലങ്ങളായി സമൂഹം അവളിൽ വരച്ചു ചേർത്ത വിലക്കുകളുടെ തീച്ചൂടിലേക്ക് അവൾ സ്വയം പറന്നു കയറും.

ചിറകുകളുണ്ടായിട്ടും സമൂഹം വരിഞ്ഞു കെട്ടിയ വിലക്കുകളാൽ നിറം ചോർന്ന നിസ്സഹായയായ മാലാഖയായാണ് പെൺജീവിതങ്ങളെ ഫൊട്ടോഗ്രഫർ ഓരോ ഫ്രെയ്മിലും അടയാളപ്പെടുത്തുന്നത്. എല്ലായിടങ്ങളിലും അവൾ ഏകയാണ്. ആ ഏകാന്തതയുടെ കാണാച്ചരടുകൾ നമ്മുടെ കയ്യിലുമുണ്ടോ? ALIEN കണ്ടിറങ്ങുമ്പോൾ ആ ഓരോ ഫ്രെയ്മുകളും കാഴ്ചക്കാരോട് ചോദിക്കുന്നതും അതാണ്? ‘എന്നെ എന്തിന് ഒറ്റയ്ക്ക് നിർത്തുന്നു?’

ഹരികൃഷ്ണൻ ഇതിനുമുൻപും വ്യത്യസ്തമായ ചിത്രപ്രദർശനങ്ങൾ ചെയ്തിട്ടുണ്ട്. ഇമോ (ഇരുണ്ട നിറമുള്ള പെൺകുട്ടിയെ മോഡലാക്കിയചിത്രങ്ങൾ),  ട്രാൻസ് (ട്രാൻസ് ജെൻഡർ മോഡലുകളുടെ ജീവിതാനുഭവങ്ങൾ അവരെതന്നെ മോഡലാക്കി എടുത്തത്). ഏലിയനിലൂടെ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്താവുന്ന ചില ജീവിതക്കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.

Solitude of a women

PHOTOGRAPHY EXIBITION

by Hari Krishnan

Model: Aileena Catherin Amon

2018 മാർച്ച്, 8–14, ദർബാർ ഹാൾ, എറണാകുളം

സമയം: 11am - 7pm, ഉദ്ഘാടനം മാർച്ച് 8, 3 pm