Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് അമിതവണ്ണത്താൽ വിഷാദരോഗം, ഇന്ന് ബിക്കിനി മോഡൽ

Stephanie Lee സ്റ്റെഫാനി ലീ

'ഹോ, ഇത്രേം വണ്ണം വച്ച സ്ഥിതിക്ക് ഇതൊക്കെ കുറയ്ക്കുക എന്നുപറഞ്ഞാൽ നടക്കുന്ന കാര്യം വല്ലമാണോ'?... അമിതവണ്ണക്കാരെയേറെയും വണ്ണം കുറയ്ക്കലിനെ ഒരു മഹാമഹമായി കാണുന്നവരാണ്, അവർ സ്ഥിരമായി പറയുന്ന ഡയലോഗുമാണിത്. വണ്ണം ക്രമാതീതമായി വർധിച്ചാൽ അതു പിന്നെ കുറയാനുള്ള സാധ്യതയേയില്ലെന്നല്ല കരുതേണ്ടത് മറിച്ച് ഏതുവിധേനയും വണ്ണംകുറച്ചേ അടങ്ങൂ എന്ന നിശ്ചയദാർഢ്യമാണ് വേണ്ടത്. അത്തരക്കാർ തീർച്ചയായും വിജയം കണ്ടിരിക്കും. സിഡ്നി സ്വദേശിയായ സ്റ്റെഫാനി ലീക്കും പറയാനുള്ളത് വണ്ണം കുറയ്ക്കൽ ബാലികേറാമലയല്ലെന്നാണ്.

ആദ്യ ആർത്തവത്തിനു ശേഷമാണ് തന്റെ വണ്ണം ക്രമാതീതമായി വർധിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്നു പറയുന്നു സ്റ്റെഫാനി. ​ധാരാളം ജങ്ക് ഫൂഡ്സ് കഴിച്ചിരുന്നതും മദ്യപാനവുമൊക്കെ വണ്ണം വീണ്ടും കൂട്ടി. കഴിഞ്ഞ നാലുവർഷമായി സ്റ്റെഫാനി തീർത്തും ആരോഗ്യകരമായ ഡയറ്റാണ് പിന്തുടരുന്നത്. ഒപ്പം വെയ്റ്റ് ട്രെയിനിങ്ങും പരിശീലിക്കുന്നുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമായി ഇപ്പോള്‍ 12 കിലോ കുറച്ചിരിക്കുകയാണ് കക്ഷി. 

തീർന്നില്ല അന്നത്തെ വണ്ണമുള്ള പ്രകൃതക്കാരിയിൽ നിന്ന് മെലിഞ്ഞു സുന്ദരിയായപ്പോൾ സ്റ്റെഫാനിക്കും ഒരുമോഹം, ബിക്കിനി മോഡലിങ് ചെയ്താലെന്താ എന്ന്. ആ ആഗ്രഹ സാക്ഷാത്കാരത്തിനുള്ള പുറപ്പാ‌ടിലാണ് സ്റ്റെഫാനിയിപ്പോൾ. ഓസ്ട്രേലിയയിൽ വരുന്ന ജൂലൈയിൽ നടക്കാനിരിക്കുന്ന ബിക്കിനി േമാഡലിങ് മൽസരത്തിൽ ആദ്യമായി പങ്കെടുക്കാന്‍ കാത്തിരിക്കുകയാണ് കക്ഷി. 

stephanie-1 സ്റ്റെഫാനി ലീ

നൃത്തത്തെ അഭിനിവേശമായി കൊണ്ടുനടക്കുന്ന സ്റ്റെഫാനിയുടെ ഓരോ ദിവസവും നൃത്തത്തിലൂടെയാണ് കടന്നു പോയിരുന്നത്. എന്നിട്ടും വണ്ണം വെച്ചത് തന്റെ അശ്രദ്ധ മൂലമാണെന്നു പറയാനും സ്റ്റെഫാനിക്കു മടിയില്ല. പത്തൊമ്പതു വയസ്സായപ്പോഴേക്കും സമപ്രായക്കാരെക്കാളെല്ലാം വണ്ണം കൂടി താൻ ഒറ്റപ്പെടുകയായിരുന്നു. ആഴ്ചാവസാനം സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി മദ്യപിച്ചിരുന്നതും അനാരോഗ്യകരമായ ഭക്ഷണങ്ങൾ നിയന്ത്രണമില്ലാതെ കഴിച്ചതുമൊക്കെയാണ് വണ്ണം കൂടാനിടയാക്കിയത്. 

കൗമാരപ്രായമെത്തിയപ്പോഴേക്കും അമിതവണ്ണത്താൽ വിഷാദരോഗത്തിനും അടിമപ്പെട്ടതോടെയാണ് ഏതുവിധേനയും വണ്ണം കുറയ്ക്കണമെന്നു തീരുമാനിക്കുന്നത്. വണ്ണം കുറയ്ക്കൽ പ്രക്രിയയിൽ ആദ്യം ഗുഡ്ബൈ പറഞ്ഞത് ഫാസ്റ്റ്ഫുഡിനോഡും പാക്കറ്റ് ഫുഡിനോടുമായിരുന്നു.  സമീപത്തുള്ള ജിമ്മിൽ ചേരുകയും പരിശീലനം തുടങ്ങുകയും ചെയ്തു. ആഴ്ചയിൽ അഞ്ചുതവണ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതു ശീലമാക്കി. 

ഇങ്ങനെയൊക്കെയാണെങ്കിലും വ്യായാമത്തിനൊപ്പം ഡയറ്റിങ്ങിനും പ്രാധാന്യമുണ്ടെന്ന് സ്റ്റെഫാനി മനസ്സിലാക്കി. മദ്യപാനവും ഫാസ്റ്റ്ഫുഡും പാടേ ഒഴിവാക്കിയതിനൊപ്പം ആരോഗ്യകരമായ മൽസ്യ–മാംസാദികളും വെണ്ണപ്പഴവും ബ്രോക്കോളിയും പ്രോട്ടീൻ ഷെയ്ക്കുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഇപ്പോൾ ബിക്കിനി മോഡലിങ് മൽസരത്തെ ആവേശത്തോടെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലും തയാറെടുപ്പിലുമാണ് സ്റ്റെഫാനി. വണ്ണം കുറയ്ക്കണമെന്നു മനസ്സിൽ വിചാരിച്ചാൽ പിന്നെ മറ്റൊന്നിനും തടുക്കാനാകില്ലെന്നും പറഞ്ഞുവയ്ക്കുകയാണ് സ്റ്റെഫാനിയുടെ ജീവിതം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam