Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രാനുഭവങ്ങളുടെ സ്ത്രീഭാവങ്ങൾ–വിഡിയോ

Myriad Moods രശ്മി ശ്രീധർ, സുനു തോമസ്, രേഖ സുരേഷ്, ഷൈലജ

അനേകം ഭാവതലങ്ങളിലൂടെയാണ് ഒരു സ്ത്രീയു‌ടെ ഒരുദിനം കടന്നുപോകുന്നത്. വീട്ടിനകത്തെ ജോലികൾ, ഭർത്താവിന്റെയും മക്കളുടെയും ഉത്തരവാദിത്തങ്ങൾ, പ്രഫഷണൽ മേഖലകളിലെ സമ്മര്‍ദ്ദങ്ങൾ എന്നിങ്ങനെ സന്തോഷവും സങ്കടവും ദേഷ്യവുമൊക്കെ കൂടിച്ചേർന്ന അവസ്ഥകളിലൂടെയാണവൾ കടന്നുപോകുന്നത്. പലപ്പോഴും സ്വന്തം വികാരങ്ങള്‍ സ്വതന്ത്രമാക്കാൻ പോലും കഴിയാത്തവിധത്തിൽ അടിച്ചമർത്തപ്പെട്ടു കഴിയുന്നവരുണ്ട്. ഇത്തരത്തിലുള്ള സ്ത്രീജീവിതങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് മിറിയഡ് മൂഡ്സ്.

പേരു സൂചിപ്പിക്കുംപോലെ തന്നെ അനേകം ഭാവങ്ങളെ വരച്ചുകാണിച്ചിരിക്കുകയാണ് നാലു സ്ത്രീകള്‍. ടീച്ചേഴ്സ് ട്രെയിനറും ചൈൽഡ് കൗൺസിലറുമായ രശ്മി ശ്രീധർ, എച്ച്ആർ മാനേജറായ സുനു തോമസ്, ഇന്റീരിയർ ഡിസൈനറായ രേഖ സുരേഷ്, യോഗ–ക്രാഫ്റ്റ് അധ്യാപികയായ പി.ജെ. ഷൈലജ എന്നിവരാണ് നേരിൽക്കണ്ട, അനുഭവിച്ചറിഞ്ഞ സ്ത്രീജീവിതങ്ങളെ കാൻവാസിൽ പകർത്തിയ ആ നാലുപേർ. വിവിധ നിറങ്ങളിലുള്ള ചിത്രങ്ങൾ അല്ലെങ്കിൽ അനുഭവങ്ങൾ കാൻവാസിൽ തെളിയുമ്പോഴും നമ്മുടെ സ്ത്രീകളുടെ ജീവിതം അത്രമേൽ വർണ്ണങ്ങൾ നിറഞ്ഞതാണോ എന്ന ചിന്തയും ഈ പ്രദർശനം മുന്നോട്ടു വയ്ക്കുന്നു. 

painting-2

വ്യത്യസ്ത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന, വരകളെയും വർണ്ണങ്ങളെയും സ്നേഹിക്കുന്ന നാലു സ്ത്രീകൾ വരച്ചിട്ട ജീവിത ചിത്രങ്ങളുടെ പ്രദർശനം ഏപ്രിൽ 29 മുതലാണ് കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ തുടങ്ങിയത്. വർഷങ്ങളായി ഇവർ ഓരൊരുത്തരും ചിത്രപ്രദർശനം സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും നാലു പേരും ‘ഒരുകുടക്കീഴിൽ’ ആർട്ട് എക്സിബിഷനുകളിൽ സജീവമായത് രണ്ടു വർഷം മുൻപാണ്. 

ഒറ്റനോട്ടത്തിൽ തീവ്രമെന്നും തീക്ഷ്ണമെന്നും വിശേഷിപ്പിക്കാവുന്ന പെയിന്റിങ്ങുകളെയും വരകളെയും കുറിച്ച് രശ്മി ശ്രീധർ പറയുന്നതിങ്ങനെ: ''സാധാരണക്കാരായ ഏതു വ്യക്തിയും വ്യത്യസ്ത രീതിയിലുള്ള വികാരങ്ങളിലൂടെ കടന്നുപോകുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകൾ, വീട്ടിലെ ജോലിക്കൊപ്പം കുട്ടികളുടെ കാര്യങ്ങൾ പ്രഫഷണൽ മേഖലയിലെ കാര്യങ്ങൾ എന്നുതുടങ്ങി ഒട്ടേറെ മേഖലകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. അപ്പോൾ ഒരു സ്ത്രീക്ക് അവളുടേതായ ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന വേദിയാണിത്. പാടാനറിയാവുന്ന നൃത്തം ചെയ്യാനാറിയാവുന്ന പല സ്ത്രീകളും അതിനൊന്നും മെനക്കെടാതെ ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കിയിരിക്കുന്നതു കണ്ടിട്ടുണ്ട്. ഒരു ഘ‌ട്ടത്തിലെത്തുമ്പോൾ ഒരു നഷ്ടബോധം വരാം, അങ്ങനെയുള്ള സ്ത്രീകളിലെ അത്തരം വികാരങ്ങൾ കാണിക്കാനാണ് ഈ മിറിയഡ് മൂഡ്സ് എന്ന തീം എടുത്തത്.'' 

painting-1

നാലുപേരുടെയും ആശയങ്ങൾ ഒരുപോലെയാണെന്നു തോന്നിയതുകൊണ്ടാണ് ഒന്നിച്ചു ചെയ്യാൻ തീരുമാനിച്ചതെന്നു രേഖ സുരേഷ് പറയുന്നു. പ്രകൃതിയുടെ പല ഭാവങ്ങളാണ് രേഖ പകർത്തിയവയിലേറെയും. പ്രകൃതിയെ പല സമയത്തും പലരീതിയിലാണ് ഓരോരുത്തർക്കും അനുഭവപ്പെടാറുള്ളത്, അതാണ് താൻ കാൻവാസിലേക്കു പകർത്തിയതും– രേഖ വ്യക്തമാക്കി. 

ക​ഠിനമായ ജീവിതപാതയിലൂടെ കടന്നുവന്ന സ്ത്രീ എന്ന നിലയ്ക്ക് താൻ വരച്ച ചിത്രങ്ങളിലും ആ ജീവിതങ്ങളുണ്ടെന്നു പറയുന്നു ഷൈലജ. താൻ കടന്നുവന്ന വഴികളിൽ കണ്ട സ്ത്രീകളും താനുമാണ് ചിത്രങ്ങളിലുള്ളത്. സ്ത്രീകളുടെ ചിന്തകളും ജീവിതരീതിയുമാണ് ചിത്രങ്ങളാക്കി കാൻവാസിൽ പകർത്തിയത്– ഷൈലജ ഒാർമകളിലൂടെ കടന്നു പോയി.

painting-3

യഥാർഥ ജീവിതത്തിലെ അനുഭവങ്ങൾ തന്നെയാണ് താനും പകർത്തിയതെന്നു പറയുന്നു സുനു തോമസ്. കുട്ടനാടിനെ പ്രതിനിധീകരിച്ചുള്ള ചിത്രങ്ങളും ഫോർട്ട് കൊച്ചിയിൽ വച്ചുകണ്ട ജ്വല്ലറി വിൽക്കുന്ന ഒരു നാടോടി കുടുംബത്തിന്റെ ഫോട്ടോ എടുത്ത് അതുനോക്കി കാൻവാസിലാക്കുകയായിരുന്നുവെന്നും സുനു പറഞ്ഞു. കണ്ടു മുട്ടിയതും അനുഭവിച്ചറിഞ്ഞതുമായ സന്ദർഭങ്ങളും വ്യക്തികളും സംഭവങ്ങളുമാണ് തന്റെ കാൻവാസിലേക്ക് പതിഞ്ഞത്. ജീവിതത്തിന്റെ ഇരുളും വെളിച്ചവും അതിൽ പ്രതിഫലിക്കുന്നു– സുനു വ്യക്തമാക്കി.

സ്ത്രീകളുടെ ഭാവതലങ്ങളെ അതിന്റെ തീക്ഷ്ണതയൊട്ടും ചോരാതെ ചായങ്ങളാക്കി മാറ്റിയ ഈ നാലുവനിതകളും കഴിവുകളുണ്ടായിട്ടും പലകാരണങ്ങളാൽ അതുള്ളിലടക്കി കഴിയുന്ന ഓരോ സ്ത്രീകൾക്കും ഒരു മാതൃകയാണ്. നിങ്ങളുടെ ഇഷ്ടങ്ങളുടെയും ഭാവങ്ങളുടെയും കെട്ടഴിച്ചുവിട്ട് സ്വതന്ത്രമാക്കൂ എന്ന ആശയമാണ് ഇവർ പങ്കുവെക്കുന്നത്. വീടിനകത്തെ നാലു ചുവരുകളിലോ ഭർത്താവിന്റെയോ കുട്ടികളുടെയോ ലോകത്തു മാത്രം ജീവിക്കാതെ, ഉള്ളിലേക്കു നോക്കി എന്താണോ താൻ അതിനു വേണ്ടി അൽപ്പമെങ്കിലും സമയം കണ്ടെത്തണമെന്ന വലിയ ആശയം വരകളിലൂടെ ഈ സംഘം മുന്നോട്ടു വയ്ക്കുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam