Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരമുണ്ട്, പക്ഷേ പോകാന്‍ പണമില്ല

Majziya

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോവുന്ന മലയാളി വനിതയ്ക്ക് സാമ്പത്തികപ്രയാസം കാരണം തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള വാതിലുകൾ അടയുന്നു. ജൂലായ് പത്താം തീയ്യതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ തുര്‍ക്കിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. രണ്ടാം സ്ഥാനക്കാരി മേഘാലയ സ്വദേശിനി തുര്‍ക്കിക്ക് പോവും. 

‘ പലവാതിലുകള്‍ മുട്ടി. എല്ലാവരിൽ നിന്നും പോസീറ്റീവ് ആയ പ്രോത്സാഹനങ്ങള്‍ തന്നെയാണ് കിട്ടിയത്. പക്ഷെ പണം മാത്രം കിട്ടിയില്ല.’ മജ്‌സിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒക്ടോബര്‍ 13 മുതല്‍ 22 വരെ തുർക്കിയിൽ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിലേക്കാണ് ഈ ഇരുപത്തിനാലുകാരി യോഗ്യത നേടിയത്. ലക്‌നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയതോടെയാണ് അന്തര്‍ദേശീയ മീറ്റിലേക്കുള്ള യോഗ്യത നേടിയത്

മന്ത്രി കെ. ടി ജലീലിനെ സമീപിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സഹായം നല്‍കാന്‍ പറ്റുകയുള്ളൂ എന്ന് മറുപടിയാണ് മന്ത്രിയുടെ പിഎയിൽ നിന്ന് ലഭിച്ചതെന്ന് മജ്‌സിയ പറയുന്നു.

ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ 370 കിലോ ഉയര്‍ത്തി രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മജ്‌സിയ സാഹചര്യങ്ങള്‍ തീര്‍ത്ത പ്രതിസന്ധിയുടെ കടലുകളേറെ മറികടന്നാണ് അഭിമാനാര്‍ഹമായ നേട്ടം എടുത്തുയര്‍ത്തിയത്. പതിനാല് രാജ്യക്കാരെ പിന്നിലാക്കി മിന്നും നേട്ടം കരസ്ഥമാക്കിയ മജ്‌സിയ പവര്‍ലിഫ്റ്റിങ് പരിശീലനം തുടങ്ങിയത് പത്ത് മാസം മുന്‍പ് മാത്രമാണെന്നതാണ് വിസ്മയകരം.

majsiya

ദേശീയ തലത്തിലെ രണ്ടാം സ്ഥാനത്തോടെയാണ് ഇൻഡോനേഷ്യയിലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത മജ്‌സിയ നേടിയിരുന്നത്. അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയപ്പോഴും അന്നും സാമ്പത്തിക പ്രയാസം പ്രതിസന്ധിയായി നിന്നു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷത്തോളം രൂപ വേണമെന്ന് മനസിലായതോടെ അത് കണ്ടെത്താനുള്ള നെട്ടോട്ടമായി. ഇതിനിടെയാണറിയുന്നത് രണ്ട് ലക്ഷമെന്നത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അടക്കേണ്ട തുക മാത്രമാണ്. ആകെ ചെലവ് നാലര ലക്ഷത്തോളം വരും. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വപ്‌നമായി അവശേഷിക്കുമോയെന്ന് പേടി തോന്നിയ സമയമായിരുന്നു അതെന്ന് മജ്‌സിയ ഓര്‍ക്കുന്നു. എന്നാല്‍ എന്തു വിലകൊടുത്തും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന നിശ്ചദാര്‍ഢ്യം മജ്‌സിയക്ക് കരുത്തായി നിൽക്കുകയായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിങ് സൊസൈറ്റി, ഏറാമല സര്‍വിസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വ്യക്തികളും മജ്‌സിയക്ക് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്ന സ്വപ്‌നത്തിന് കൂട്ടായി നിന്നു. എന്നിട്ടും നാലര ലക്ഷമെന്ന അക്കമൊപ്പിക്കാന്‍ ആയില്ല. അവസാനം സ്വര്‍ണം പണയം വെച്ചും മറ്റും ചാംപ്യന്‍ഷിപ്പിന് പോവുകയായിരുന്നു.

ഇൻഡോനേഷ്യയിലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ മജ്‌സിയയടക്കം 16 മത്സരാര്‍ഥികളാണുണ്ടായിരുന്നത്. ഹിജാബ് ഊരിവയ്ക്കാതെയായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. കടുപ്പമേറിയ മത്സരത്തിനൊടുവില്‍ 370 കിലോഗ്രാം ഉയര്‍ത്തിയ മജ്‌സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ക്യാംപില്‍ തന്നെ ആവേശം പകര്‍ന്നു. ഹിജാബ് ധരിച്ച് ഭാരമുയര്‍ത്തിയ മജ്‌സിയയുടെ ചിത്രം സഹിതം ഇന്തോനേഷ്യയില്‍ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യമറിയുന്ന താരമായി വളരാനുള്ള പ്രതിഭ മജ്‌സിയക്കുണ്ടെന്ന് കായിക അധികാരികളും തിരിച്ചറിയുകയായിരുന്നു. . ജമ്മു കശ്മിരില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ മജ്‌സിയാ ബാനു നേട്ടം ദേശീയ തലത്തിലേക്കുയര്‍ത്തി. ഇതിനിടെ പവര്‍ ലിഫ്റ്റിങിലെ അണ്‍ എക്വിപ്ഡ് വിഭാഗത്തില്‍ സംസ്ഥാന-ദേശീയ തലത്തില്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഒരു കായികതാരത്തിന്റെ എത്രയോ വർഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും ആണ് രണ്ടു ലക്ഷം രൂപ കെട്ടിവെക്കാൻ ഇല്ലാത്തത് കൊണ്ട് ഒന്നുമല്ലാതാവാൻ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള പെൺകുട്ടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും നമ്മുടെ നാട്ടില്‍ സ്പോൺസറെ കിട്ടാനില്ലാത്തതിനാൽ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ ഒരു പെൺകുട്ടി പിന്മാറേണ്ടി വരുന്നത് ഒട്ടും അഭിമാനകരമല്ല.  

വരുന്ന അഞ്ചു ദിവസത്തിനുള്ളിൽ ഇവർക്കൊരു സ്പോൺസറെ കണ്ടെത്താൻ, അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റിന്റെയോ കായിക വകുപ്പിന്റെയോ ശ്രദ്ധയിൽ പെടുത്തി ഈ അവസരം നഷ്ടപ്പെടാതെ നോക്കാൻ ഉത്സാഹിക്കേണ്ടത് ഓരോ കായികപ്രേമിയുടെയും ബാധ്യതയാണ്. അതിനായി പരിശ്രമിക്കാം.