Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വാഹനം തല്ലിതകർത്തു; സ്ത്രീകളെ ആക്രമിച്ചു' വെള്ളക്കെട്ടിലെ ഗുണ്ടായിസം

mob-attack1

വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കോട്ടയത്ത് ആൾക്കൂട്ട ആക്രമണം. മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായുള്ള പൊൻകുന്നം റോഡിലെ കടയത്തു വച്ചാണ് വിവാഹ സംഘത്തിനു നേരെ ആക്രമണമുണ്ടായത്. കനത്ത മഴയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നവർ വാഹനം തടഞ്ഞു നിർത്തി ബോണറ്റിൽ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വാഹനത്തിലേയ്ക്ക് വെള്ളം കോരി ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

mob-attack2

വരന്റെ സുഹൃത്തായ ശരത്ത് വാഹനത്തിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശരത്ത് തന്നെയാണ് വാഹനം ഓടിച്ചിരുന്നതും. ‘‘കോട്ടയത്ത് കാഞ്ഞിരപ്പള്ളിയ്ക്കടുത്തായിരുന്നു വിവാഹം. തിരിച്ചു തൃശൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. 'വണ്ടി നിർത്തെടാ 'എന്ന് ആക്രോശിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ ഞങ്ങളുടെ വാഹനത്തിന് നേരെ വരികയായിരുന്നു. അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. വെള്ളക്കെട്ടായതിനാൽ വണ്ടി നിർത്തിയാൽ പണി കിട്ടും, മാത്രമല്ല, ഫസ്റ്റ് ഗിയറിലിട്ട് മെല്ലെയാണ് ഞങ്ങൾ പോകുന്നത്. കാറിനകത്ത് വരനും വധുവും വധുവിന്റെ അമ്മയുമാണ് ഉണ്ടായിരുന്നത്. സ്ത്രീകളെ അവർ ആക്രമിക്കുമെന്നു കരുതിയില്ല’’ ശരത് മനോരമ ഓണ്‍ലൈനോ‌ടു പറഞ്ഞു. വാഹനത്തിന്റെ ചില്ല് തുറക്കാൻ അവശ്യപ്പെട്ട ഇവർ വധുവിന്റെ അമ്മയുടെ തലയിലൂടെ ചെളിവെള്ളം ഒഴിച്ചുവെന്നും ശരത്.

വാഹനം കടന്നു വരുമ്പോൾ 'ആക്രമിച്ചവർ' റോഡിലെ വ‌െള്ളക്കെട്ടിൽ കളിക്കുകയായിരുന്നുവെന്നത് ദൃശ്യത്തിൽ വ്യക്തം. തുടർന്ന് വാഹനത്തിനു നേരെ ഓടിയടുക്കുകയും വെള്ളം കോരിയൊഴിക്കുകയും ചെയ്യുന്നു. കാറിന്റെ ബോണറ്റിൽ ശക്തമായി ഇടിക്കുന്നതും ആക്രോശിക്കുന്നതും കാണാം. സംഘത്തിലെ ഒരാൾ വണ്ടിയുടെ നമ്പർ പ്ലേറ്റ് ഇളക്കിയെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിവാഹം കഴിഞ്ഞു വരികയാണെന്നും ഒന്നും ചെയ്യരുതെന്നും പറഞ്ഞ് കാറിനകത്തുള്ളവർ കരയുന്നതും വിഡിയോയിൽ കേൾക്കാം. 

‘‘വാഹനത്തിനു സംഭവിച്ച നാശനഷ്ടങ്ങളല്ല പ്രശ്നം, കുടുംബത്തോടൊപ്പം സഞ്ചരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് ഭയപ്പെടുത്തുന്നതാണ്. ഇനി ആർക്കും ഇത്തരം അവസ്ഥകളുണ്ടാവരിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകും’’ ശരത് പറയുന്നു. കേരള പൊലീസിന് വിഡിയോയും പരാതിയും നൽകിയിട്ടുണ്ട്. 

ആള്‍ക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടത്തില്‍ കാറിന്റെ ബമ്പര്‍, ബോണറ്റ്, നമ്പര്‍ പ്ലേറ്റ് എന്നിവയ്ക്ക് ഉണ്ടായ കേടുപാടുകൾ കാണിച്ചു കൊണ്ടുള്ള മറ്റൊരു വിഡിയോയും ശരത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. മഴയത്തു കളിക്കുന്നതെന്ന പേരിൽ അക്രമി സംഘം കാട്ടികൂട്ടുന്ന പ്രവൃത്തികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam