Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചേന്ദമംഗലം കൈത്തറി മാഞ്ഞുപോകില്ല'; ദൗത്യം എറ്റെടുത്ത് പൂർണിമ ഇന്ദ്രജിത്ത്

poornima-chendsmanagalam ചേന്ദമംഗലത്തെ നെയ്ത്തുകാരോടൊപ്പം പൂർണിമയും ഇന്ദ്രജിത്തും

നെയ്തെടുക്കുന്ന പുത്തൻ തുണികളുടെ മണമായിരുന്നു മൂന്നാഴ്ച മുൻപു വരെ ചേന്ദമംഗലം ഗ്രാമത്തിനുണ്ടായിരുന്നത്. എന്നാൽ കേരളത്തെ നടുക്കിയ പ്രളയജലം ചേന്ദമംഗലത്തിന്റെ തറികളും ഒഴുക്കിക്കൊണ്ടുപോയി. അവശേഷിച്ചവ ചളി കയറി ഉപയോഗശൂന്യമായി. ചിലതു തുരുമ്പെടുത്തു. നൂറ്റമ്പതു വർഷത്തെ പാരമ്പര്യമുള്ള ചേന്ദമംഗലത്തിന്റെ കൈത്തറിപ്പെരുമയാണ് പ്രളയപ്പെയ്ത്തിൽ വിറച്ചുപോയത്. മഴ മാറി നിന്നതോടെ പ്രളയം ബാക്കിവച്ച തറികളിൽ വീണ്ടും ജീവിതം നെയ്തെടുക്കാനുള്ള ശ്രമത്തിലാണു നെയ്ത്തുകാർ. തറികളിലിടാൻ നൂലു പോലും ഇല്ലാത്തിടത്തുനിന്നു വേണം ഇവർക്ക് അതിജീവനത്തിന്റെ ശീലകൾ നെയ്തെടുക്കാൻ. ഈ ശ്രമത്തിൽ ഇവർക്കു കരുത്താവുകയാണ് ഫ്രന്റ്സ് ഓഫ് ഫാഷൻ എന്ന കൂട്ടായ്മ. സേവ് ദ ലൂം ഡോട്ട് ഓർഗ് (www.savetheloom.org) എന്ന വെബ്സൈറ്റിലൂടെ പണം കണ്ടെത്തി ചേന്ദമംഗലത്തെ കൈത്തറി പാരമ്പര്യം സംരക്ഷിക്കാനുള്ള പ്രയത്നത്തിലാണ് ഈ കൂട്ടായ്മ. 

ചേന്ദമംഗലത്തിനൊപ്പം

ചരിത്രത്തിൽനിന്നു ചേന്ദമംഗലം കൈത്തറി മാഞ്ഞുപോകില്ലെന്ന് ഉറച്ച ശബ്ദത്തോടെ പറയുന്നത് കൈത്തറിയുടെ ലോകമെമ്പാടുമുള്ള ആരാധകരാണ്. ഈ സ്നേഹം ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു ചലച്ചിത്രതാരവും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തും സുഹൃത്തുക്കളും. ചേന്ദമംഗലത്തെ പ്രളയബാധിതമായ നെയ്ത്തുകാരുടെ വീടുകൾ സന്ദർശിച്ച് അവർക്കു സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുത്ത് ഈ കൈത്തറിഗ്രാമം പുനർനിർമിക്കാനുള്ള ബൃഹത്പദ്ധതി രണ്ടാഴ്ചക്കുള്ളിൽ ഫ്രന്റ്സ് ഓഫ് ഫാഷൻ തയാറാക്കി. സേവ് ദ ലൂം ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റും ഇതിനായി സജ്ജമായിക്കഴിഞ്ഞു. വെബ്സൈറ്റിലൂടെ ലോകമെമ്പാടുമുള്ളവരുടെ സഹായധനം ഏകോപിപ്പിച്ച് കാലതാമസമില്ലാതെ നെയ്ത്തുശാലകൾ പ്രവർത്തനക്ഷമമാക്കലാണ് അടുത്ത നീക്കം. 

നെയ്ത്ത് പുനരാരംഭിക്കണം

‘നെയ്ത്തുകാരെ പൂർണമായും അവരുടെ തൊഴിലിലേക്കു തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് ഇത്’- പൂർണിമ പറയുന്നു. ‘നെയ്ത്തുകാരുടെ ജീവിതമാർഗം ഈ കൈത്തൊഴിൽ മാത്രമാണ്. പ്രാഥമിക കണക്കു പ്രകാരം 273 തറികൾക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവയിൽ പലതും പൂർണമായും ഉപയോഗശൂന്യമായി. ഓണത്തിന് തയാറാക്കിയിരുന്ന വസ്ത്രങ്ങൾ കുറെയേറെ പ്രളയത്തിൽ നശിച്ചെങ്കിലും ബാക്കി വന്നവ വിറ്റഴിക്കാൻ കഴിഞ്ഞിരുന്നു. ഓൺലൈൻ വഴിയാണ് അതിനു കളമൊരുങ്ങിയത്. പല കൂട്ടായ്മകൾ ഇതിനായി ശ്രമിച്ചിരുന്നു. ഇനി വേണ്ടത് നെയ്ത്ത് പുനരാരംഭിക്കാനുള്ള സഹായമാണ്’- പൂർണിമ ചൂണ്ടിക്കാട്ടി. 

savetheloom2 ചിത്രം: സേവ് ദി ലൂം വെബ്സൈറ്റ്

‘കേടുവന്ന തറികൾ നന്നാക്കി, നെയ്ത്തുകാർക്കു നൂൽ ലഭ്യമാക്കി, നെയ്ത്തു തുടങ്ങണം. നെയ്തെടുക്കുന്ന തുണികൾ കൃത്യമായി വിപണനം നടത്താനുള്ള സാധ്യതകളും കണ്ടെത്തണം. ഇതൊരു ദീർഘകാല പദ്ധതിയാണ്. ഇതാണ് സേവ് ദ ലൂം ഡോട്ട് ഓർഗ് ലക്ഷ്യം വയ്ക്കുന്നത്’-പൂർണിമ വ്യക്തമാക്കി. 

അടുത്ത ആറു മാസം നിർണായകം

ചേന്ദമംഗലത്ത് നെയ്ത്ത് ഉപജീവനമാർഗമാക്കിയവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് ഡൽഹിയിൽ ഫാഷൻ കൺസൽറ്റന്റായ രമേശ് പറയുന്നു. സേവ് ദ ലൂം കൂട്ടായ്മയുടെ ഭാഗമാണ് രമേശ്. നെയ്ത്തുകാരിൽ  78 ശതമാനത്തിലധികം പേരുടെയും പ്രായം അൻപതിനു മുകളിലാണ്. വിധവകളുണ്ട്. വീടിന്റെ ഉത്തരവാദിത്തം ഈ സ്ത്രീകൾക്കാണ്. ജൂൺ മുതൽ ഇവിടെ പ്രശ്നങ്ങളുണ്ടായിരുന്നു. ഏകദേശം 45 ദിവസമായി ഇവിടെ കാര്യങ്ങൾ അവതാളത്തിലാണ്. കാര്യമായി നെയ്ത്തില്ല.  പ്രളയം കൂടിയെത്തിയപ്പോൾ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ആറു മാസം കൂടി ഈ അവസ്ഥ തുടർന്നാൽ ഇവരിൽ പലരും നെയ്ത്തുപേക്ഷിച്ച് മറ്റു തൊഴിൽ തേടാൻ നിർബന്ധിതരാകും. എന്നാൽ പലർക്കും ഈ തൊഴിലല്ലാതെ മറ്റൊന്നുമറിയില്ല എന്നതാണ് യാഥാർഥ്യം. 

സഹായം നൽകി മാറി നിൽക്കാൻ കഴിയില്ല

‘നെയ്ത്തുകാരുടെ തറികൾ കേടുപാടു തീർത്തുകൊടുത്തതുകൊണ്ടു മാത്രം കാര്യങ്ങൾ സാധാരണ നിലയിലാകില്ല. പലരും യൂണിഫോമാണ് ഇവിടെ ചെയ്യുന്നത്. അതു വച്ച് അധികകാലം തുടരാൻ കഴിയില്ല. അവർ പാരമ്പര്യമായി ചെയ്തു വന്നത് കുറഞ്ഞു വരികയാണ്. ഇവരുടെ തനതായ ശൈലിയിൽ പുതിയ ഡിസൈനുകളും പരീക്ഷിക്കണം. അതിനു സഹായിക്കാൻ ദേശീയ തലത്തിലുള്ള ഫാഷൻ ഡിസൈനർമാർ മുന്നോട്ടു വന്നിട്ടുണ്ട്. അവർ നെയ്ത്തുകാർക്കു പ്രത്യേക പരിശീലനം നൽകും. ഇവരുടെ ഉൽപന്നങ്ങൾ‌ക്ക് ആഗോളവിപണി കണ്ടെത്താൻ ഇതു സഹായകരമാകും’- രമേശ് പറയുന്നു. 

poornima321 ഫ്രന്റ്സ് ഓഫ് ഫാഷൻ കൂട്ടായ്മ അംഗങ്ങൾ നെയ്ത്തുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നു

വിവരങ്ങൾ വിരൽത്തുമ്പിൽ

‘കഴിഞ്ഞ പത്തു ദിവസമായി ചേന്ദമംഗലത്തെ വീടുകളിൽ പോയി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തീരുമാനിച്ചത്. സേവ് ദ ലൂം വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കും. ചേന്ദമംഗലത്തെ ഓരോ തറിയുടെയും വിവരങ്ങൾ അതിലൂടെ അറിയാൻ കഴിയും. സുതാര്യമായിട്ടാകും എല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകുക’- രമേശ് പ്രവർത്തനരീതി വ്യക്തമാക്കി.  

എങ്ങനെ പിന്തുണയ്ക്കാം?

സഹായം എങ്ങനെ എത്തിക്കാമെന്നു വെബ്സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്. നിങ്ങളുടെ ബജറ്റ് അനുസരിച്ചു സഹായം ലഭ്യമാക്കാം. നിങ്ങളുടെ താൽപര്യങ്ങൾ വിശദമാക്കുന്ന ഒരു കുറിപ്പാണ് ആദ്യം നൽകേണ്ടത്. തറികളുടെ അറ്റകുറ്റപ്പണിയിലാണോ കൈത്തറി ഉൽപന്നങ്ങൾ വാങ്ങുന്നതിലാണോ താൽപര്യമെന്ന് വ്യക്തമാക്കിയാൽ അതനുസരിച്ച് നിങ്ങളുടെ സഹായധനം ഉപയോഗപ്പെടുത്താം. നെയ്ത്തുകാരുടെ സഹകരണ സംഘങ്ങൾ വഴിയാണ് സഹായം ആവശ്യക്കാരിലേക്കെത്തിക്കുന്നത്.  'നിങ്ങളുടെ സഹായം നെയ്ത്തുകാരിലെത്തുമെന്ന് ഞങ്ങൾ ഉറപ്പു തരുന്നു'വെന്ന് പൂർണിമ പറയുന്നു. 

save5 ചിത്രം: സേവ് ദി ലൂം വെബ്സൈറ്റ്

കാരുണ്യത്തിനു സ്നേഹക്കോടികൾ 

സഹായിക്കാൻ മുന്നോട്ടു വരുന്നവർക്ക് നെയ്ത്തുജോലി പുനരാരംഭിക്കുന്ന മുറയ്ക്ക് ഓണക്കോടി പോലെ സ്നേഹക്കോടികൾ അയച്ചു നൽകാനും പരിപാടിയുണ്ട്. ആദ്യ ആറുമാസത്തിൽത്തന്നെ ഇതു ചെയ്യണമെന്നാണ് ആഗ്രഹം. കൈത്തൊഴിലിലേക്കു വീണ്ടും കൈപിടിച്ചു നടത്തിയ സ്നേഹിതരുമായി നെയ്ത്തുകാരുടെ സന്തോഷം പങ്കു വയ്ക്കാനാണിത്. 

ഒരു മാസത്തിനുള്ളിൽ 50 തറികൾ

‘സർക്കാരും മറ്റു നിരവധി കൂട്ടായ്മകളും ചേന്ദമംഗലത്തെ സഹായിക്കാൻ മുന്നോട്ടു വരുന്നുണ്ട്. എന്നാൽ സർക്കാർ നടപടികളിലെ കാലതാമസം ഒഴിവാക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ ഈ പ്രോജക്ട് രൂപകൽപന ചെയ്തത്. തറികളുടെ കേടുപാടുകൾ തീർക്കാനുള്ള പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. വിദഗ്ധപരിശീലനം ലഭിച്ചവർ ചേന്ദമംഗലത്തു വന്നു താമസിച്ചാണ് അറ്റകുറ്റപ്പണികൾ തീർക്കുന്നത്. മൂന്നു പേർ ചേർന്ന് പണിതാൽ ഒന്നര ദിവസമെങ്കിലും വേണ്ടി വരും ഒരു തറിയുടെ കേടുപാടുകൾ തീർക്കാൻ’- പൂർണിമ പറഞ്ഞു. ‘ആദ്യഘട്ടം എന്ന നിലയിൽ ഒക്ടോബർ രണ്ടിനുള്ളിൽ അൻപതു തറികൾ കേടുപാടു തീർത്ത് പ്രവർത്തനം തുടങ്ങണമെന്നാണ് ലക്ഷ്യം. ഒരു ശുഭാപ്തിവിശ്വാസത്തിനു പുറത്താണ് ഞങ്ങളീ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ഈയൊരു കൂട്ടായ്മ മാത്രമല്ല, നിരവധി പേർ ചേന്ദമംഗലത്തിനായി കൈകോർക്കുന്നുണ്ട്.’ 

ഇതൊരു ഒറ്റയാൾപ്പോരാട്ടമല്ല

ചേന്ദമംഗലത്തെ നെയ്ത്തുകാർക്കായുള്ള ഈ കൂട്ടായ്മ പൂർണിമ ഇന്ദ്രജിത്ത് എന്ന ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതല്ല. ഇതൊരു കൂട്ടായ പ്രവർത്തനമാണ്. ‘ചലച്ചിത്രതാരം എന്ന നിലയിൽ എനിക്ക് കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നത് ശരിയാണ്. എന്നാൽ എല്ലാം ഞാനൊറ്റയ്ക്കു പോയി ചെയ്യുന്നതല്ല. നിരവധി പേരുണ്ട് ഈ കൂട്ടായ്മയിൽ. ജസ്റ്റിസ് കെ. സുകുമാരൻ സർ, അദ്ദേഹത്തിന്റെ മകൾ കാർത്തിക, കേരളത്തിനകത്തും പുറത്തുമുള്ള ഡിസൈനേഴ്സ്, കൈത്തറിയെ സ്നേഹിക്കുന്നവർ അങ്ങനെ നിരവധി പേർ’-  പൂർണിമ കൂട്ടിച്ചേർത്തു. 

save4 ചിത്രം: സേവ് ദി ലൂം വെബ്സൈറ്റ്

കൈത്തറി എനിക്കു പ്രിയപ്പെട്ടത്

‘നെയ്ത്തുകാരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണു ഞാൻ. കഴിഞ്ഞ നാലു വർഷമായി കൈത്തറി സ്പെഷൽസ് ചെയ്യാറുമുണ്ട്. കൂത്താമ്പുള്ളിയിലെ നെയ്ത്തുകാരുമായി സഹകരിച്ചാണ് ഞാൻ ഡിസൈൻ ചെയ്തിട്ടുള്ളത്. ചേന്ദമംഗലം കൈത്തറിയുമായി ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. എങ്കിലും, നെയ്ത്തുകാരുടെ അവസ്ഥകളും പ്രശ്നങ്ങളും എനിക്കറിയാവുന്നതാണ്. ഫാഷൻ സങ്കൽപങ്ങൾക്കപ്പുറം കേരള കൈത്തറി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, നെയ്ത്തുകാർക്കൊപ്പം നിൽക്കേണ്ടത് നമ്മുടെ കടമയാണ്’- പൂർണിമ നിലപാടു വ്യക്തമാക്കുന്നു.