Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് നീനു, ഇന്ന് അമൃത; ഇവള്‍ ഞങ്ങളുടെ മകളെന്ന് പ്രണയ്‌‌യുടെ കുടുംബം

amrutha-pranay

ജാതിയുടെ പേരിൽ, ദുരഭിമാനത്തിന്റെ പേരിൽ തെലങ്കാനയിൽ ഉണ്ടായ കൊലപാതകം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ വിവാഹം ചെയ്ത പ്രണയ് കുമാറിനെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രണയ്‍യുടെ വീട്ടിലേക്കു ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമടക്കം നിരവധി പേരാണ് എത്തുന്നു. മരണ പന്തൽ കെട്ടിയ ആ വീടിന്റെ ഉമ്മറത്ത് മകനെയോർത്ത് തേങ്ങിക്കരഞ്ഞ് പ്രണയ്‍യുടെ മാതാപിതാക്കളും പ്രിയതമന്റെ വേർപാടിൽ നെഞ്ചുതകർന്ന് അമൃതയും ഇരിക്കുന്ന കാഴ്ച. കണ്ണീരിനിടയിലും പ്രണയ്‍യുടെ മാതാപിതാക്കൾ അമൃതയെ ചേർത്തു പിടിക്കുന്നു. സ്വന്തം മകളായി അവളെ കൂടെ നിർത്താനാണ് അവരുടെ തീരുമാനം. 

‘അമൃതയെ ഞങ്ങൾ സംരക്ഷിക്കും. അവളെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് ആകില്ല, കൂടെ ഉണ്ടാകും. ഞങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ അവൾ എവിടെ പോകും? ‌അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഞങ്ങൾ സംരക്ഷിക്കും. നീതിക്കായി പോരാടും. കുറ്റവാളികളെ എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം, നീതി പൂർണമായും നടപ്പാകണം. ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. പേടിയുമുണ്ട്.’ പ്രണയ്‍യുടെ അമ്മയുടെ വാക്കുകളാണിത്. പ്രണയ്‍യുടെ അച്ഛൻ ബാലകൃഷ്ണ ആദ്യം ഈ പ്രണയത്തെയും വിവാഹത്തെയും എതിർത്തിരുന്നു. പക്ഷേ അമൃത മരുമകളായി എത്തിയതിനുശേഷം ആ വെറുപ്പ് ഇല്ലാതായി. ഇപ്പോൾ തന്റെ മകളായാണ് അമൃതയെ കാണുന്നതെന്നു ബാലകൃഷ്ണ പറയുന്നു. 

പൊലീസ് ഇവരോട് സൂക്ഷിക്കണമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കെല്ലാം വധഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ്. ഭർത്താവിന്റെ കൊലപാതകത്തിനു പിന്നിൽ തന്റെ പിതാവാണെന്ന് അമൃത ഉറപ്പിച്ച് പറഞ്ഞിരുന്നു. സംഭവത്തിൽ അമൃതയുടെ പിതാവായ മാരുതി റാവുവിനെയും ബന്ധുവും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റും ചെയ്യുകയും ചെയ്തു. അ‍ഞ്ചുലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നല്‍കിയായിരുന്നു കൊലപാതകം. 

ഇതിനു സമാനമായിരുന്നു കേരളത്തിൽ കുറച്ചു മാസങ്ങൾക്ക് മുമ്പു നടന്ന കെവിൻ കൊലപാതകം. കെവിൻ നീനുവിനെ പ്രണയിച്ചത് വീട്ടുകാരുടെ എതിർപ്പ്് മറികടന്നായിരുന്നു. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയും എതിര്‍പ്പിന് കാരണമായി. ബന്ധത്തില്‍ നിന്ന് പിന്മാറാതിരുന്നത് കെവിന്റെ കൊലയിൽ കലാശിച്ചു. നീനുവിന്റെ സഹോദരനുൾപ്പടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

അന്ന് സ്വന്തം വീട്ടുകാർക്കെതിരെ നീനുവും ഉറച്ച നിലപാട് എടുത്തിരുന്നു. അച്ഛനും അമ്മയും ആങ്ങളയും പ്രതിക്കൂട്ടിലായപ്പോൾ നീനുവിന് താങ്ങായി നിന്നത് കെവിന്റെ കുടുംബമാണ്. അന്ന് കെവിന്റെ അച്ഛൻ ജോസഫ് നീനുവിനെ ചേർത്തു പിടിച്ചത് ആരും മറന്നു കാണില്ല. കെവിന്റെ മരണത്തിനുശേഷം നീനുവിനെ സ്വന്തം മകളായി ഏറ്റെടുക്കുകായായിരുന്നു ജോസഫ്. നീനുവിന്റെ തുടർപഠനവും ജീവിതവും ആ അച്ഛൻ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തു. ഇന്ന് നീനു അവർക്കൊപ്പം ജിവിക്കുന്നു, അവരുടെ മകളായി. 

ഇനി പ്രണയ്ക്കായി അമൃതയ്ക്കും ജീവിക്കണം. താങ്ങായി അവൾക്കൊപ്പം പ്രണയ്‍യുടെ കുടുംബമുണ്ടാകും