Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് എല്ലാവരും ചോദിച്ചു എസ്.പിക്കു കൺട്രോൾ റൂമിൽ ഇരുന്നുകൂടെയെന്ന്, പക്ഷേ...

rahul-nair-ips

സാധാരണ മുതിർന്ന ഉദ്യോഗസ്ഥർ കൺട്രോൾ റൂമിലിരുന്നു മാത്രമേ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയുള്ളൂ. എന്നാൽ കേരളം പ്രളയത്തിൽ മുങ്ങുന്ന സാഹചര്യത്തിൽ എറണാകുളം റൂറൽ എസ്.പി രാഹുൽ നായർ ബോട്ടുകളിലും ടോറസുകളിലുമായി സഞ്ചരിച്ച്  സഹപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയായിരുന്നു. കേരളത്തിന്റെ സൈന്യം എന്നു നമ്മൾ വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളെ എത്തിച്ചുള്ള രക്ഷാപ്രവർത്തനത്തിനു തുടക്കമായത് ഇദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള ആലുവയിലാണ്. 

പ്രളയത്തെ തോൽപ്പിച്ച് ജീവനുകളെ തിരികെ പിടിച്ചവരുടെ കഥകളിൽ അർഹമായ സ്ഥാനം ലഭിക്കേണ്ടവരാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരും. കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങിനിന്നു നനഞ്ഞൊട്ടിയ യൂണിഫോം ധരിച്ച് ഓടി നടന്ന് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയപ്പോൾ നേരിട്ട വെല്ലുവിളികളും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് എറണാംകുളം റൂറൽ എസ്.പി രാഹുൽ നായർ.

പ്രളയം മുന്നൊരുക്കങ്ങൾ

നമ്മൾ ഇതുവരെ ഇത്രയും ഭീകരമായ ദുരന്തം നേരിട്ടിട്ടില്ല. അതുകൊണ്ട് പൂർണമായ മുൻകരുതൽ എടുക്കാൻ അധികാരികൾക്കോ ജനങ്ങൾക്കോ സാധ്യമായിരുന്നില്ല. ഒാറഞ്ച് അലർട്ടും റെഡ് അലർട്ടും വന്നു കൊണ്ടിരുന്നപ്പോൾ നമുക്ക് അതിനിടയിൽ ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. പൊലീസ് സേനയുടെ ഏറ്റവും വലിയ ശക്തി സേവന സജ്ജരായ സേനാംഗങ്ങളാണ്. അവർക്കു മുന്നറിയിപ്പു കൊടുത്ത് സേവന സജ്ജമാക്കി നിർത്താനായി. പെരിയാർ കുത്തിയൊഴുകാൻ പോവുകയാണെന്ന് അറിയാമായിരുന്നു. അത്രയും ശക്തമായ ഒഴുക്കിനെ ചെറുക്കാൻ രണ്ട് എഞ്ചിനുകളുള്ള മത്സ്യബന്ധന ബോട്ടുകൾക്കേ സാധിക്കൂവെന്നും മനസ്സിലാക്കിയിരുന്നു. 

ഞാറയ്ക്കൽ, മുനമ്പം ഭാഗങ്ങളിൽ നിന്നാണ് ആദ്യ മത്സ്യബന്ധന ബോട്ടുകൾ എത്തുന്നത്. ആലുവയിലാണ് മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. അതിനും മുൻപേ ഇത്തരത്തിലൊരു സന്ദേശം വേറെ എവിടെയും നൽകിയിരുന്നതായി അറിവില്ല. 

മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്താനുള്ള ആശയം

എന്റെ ആശയമാണെന്നു ഞാൻ പറയില്ല. പലരുടെയും മനസ്സിൽ ഉദിച്ച ആശയമായിരിക്കാം. ആലുവയിൽ ഇൗ ആശയം ആദ്യം നടപ്പിലാക്കി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനവും ആരംഭിച്ചു. ബോട്ടുകൾ എത്തിക്കുന്നതിനു ആവശ്യമായ നടപടിക്രമങ്ങൾ തുടങ്ങാൻ ഒാരോ പ്രദേശത്തും ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ രക്ഷാപ്രവർത്തിനു മത്സ്യതൊഴിലാളികളുടെ വലിയ സേവനമുണ്ടായി. പൊലീസിനും കേന്ദ്ര സേനകൾക്കുമൊപ്പം ശക്തമായി അവർ അണിനിരന്നു.  

എറണാകുളം ജില്ലയിലെ 32 പൊലീസ് സ്റ്റേഷനുകളിൽ വെള്ളം കയറി. എനിക്ക് അവിടെയെല്ലാം എത്തിച്ചേരാൻ സാധ്യമല്ലല്ലോ. പക്ഷേ ആ കൃത്യം സാധ്യമാക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരെ മുൻകൂട്ടി അവിടെ നിയമിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. അവരുമായുള്ള ആശയവിനിമയാണ് ഏതൊരു രക്ഷാപ്രവർത്തനത്തിന്റെയും ഗതി നിർണയിക്കുക.

പൊലീസിന്റെ സേവനം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായില്ല

അത് ശരിയാണ്. പൊലീസ് എത്ര കാര്യക്ഷമമായി  ഈ ദൗത്യത്തിൽ  ഇടപെട്ടു, അവർ എന്തെല്ലാം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു എന്നൊന്നും സമൂഹമാധ്യമങ്ങളിൽ അധികം ചർച്ച ചെയ്യപ്പെട്ടില്ല. കേരളം പ്രളയത്തിലേക്ക് നീങ്ങുന്നു എന്നറിഞ്ഞതു മുതൽ കേരളത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങി. മരണസംഖ്യ കൂടാതിരുന്നതിന് ഒരു പ്രധാന കാരണം ഇതാണെന്ന് എനിക്കു നിസംശയം പറയാനാകും.

എറണാകുളം റേഞ്ച് െഎ.ജി കൺട്രോൾ റൂമിലിരുന്നു കാര്യങ്ങൾ വിലയിരുത്തി. െഎ.ജി നേരിട്ട് അത്തരം കാര്യങ്ങളിൽ ഇടപെടുമ്പോൾ നമുക്കുണ്ടാകുന്ന ആത്മവിശ്വാസം ചെറുതല്ലല്ലോ. പതിനാറാം തീയതി രാത്രി അടിയന്തിര യോഗം ചേർന്നാണ് പൊലീസീനു രക്ഷാപ്രവർത്തന ചുമതല നൽകിയ കാര്യം അറിയിക്കുന്നത്. ആ യോഗത്തിനുശേഷം ഡി.െഎ.ജി കോസ്റ്റൽ ഫിലിപ്പ് ആണ് കുറേ ബോട്ടുകൾ സംഘ‌ടിപ്പിക്കുന്നത്. അതിനായി ചെല്ലാനം, ഫോർട്ട് കൊച്ചി തുറകളിൽ അദ്ദേഹം ഇ‌ടപെടൽ നടത്തി. 

അതുപോലെ ശർമ്മ സാറും ഫിഷറീസ് വകുപ്പും കൂടുതൽ വള്ളങ്ങൾ എത്തിച്ചു. തൃശൂർ, പൊന്നാനി, വിഴിഞ്ഞം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി 400ൽ അധികം ബോട്ടുകൾ എറണാകുളത്ത് എത്തി. ചാലക്കുടിയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തൃശൂർ റേഞ്ച് െഎ.ജി നേരിട്ടെത്തിയിരുന്നു. എസ്.പി നിർദേശം നൽകിയാലോ, റാങ്ക് അനുസരിച്ചേ തീരുമാനങ്ങൾ അനുസരിക്കൂ എന്നൊക്കെയുള്ള മനോഭാവങ്ങൾ അന്നേരം എല്ലാവരും മാറ്റി വച്ചു. അതാണ് രക്ഷാപ്രവർത്തനത്തെ സുഗമമാക്കിയതും മരണസംഖ്യ കുറച്ചതും.

എസ്.പിക്കു കൺട്രോൾ റൂമിൽ ഇരുന്നുകൂടെ

പെരിയാറിലൂടെ പോയ അവസാന ബോട്ടിൽ ഞാനും ഉണ്ടായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചാണ് ഇരിപ്പ്. പക്ഷേ അതിൽ വലിയ കാര്യമില്ലെന്നു നമുക്ക് അറിയാം. കാരണം കുത്തൊഴുക്ക് അത്ര ശക്തമാണ്. എവിടെയങ്കിലും പോയി അടിഞ്ഞാൽ ഇദ്ദേഹം പൊലീസിലാണെന്നു തിരിച്ചറിയാൻ മാത്രമേ അത് ഉപകരിക്കുള്ളൂ. 

അതുകൊണ്ടാകാം രക്ഷാപ്രവർത്തനത്തിനിടയിൽ പലതവണ നേരിട്ട ചോദ്യമാണ് എസ്.പിക്കു കൺട്രോൾ റൂമിലിരുന്നാൽ പോരെ എന്ന്. അത് ചെയ്താലും മതി. പക്ഷേ കൺട്രോൾ റൂമിലിരുന്നു നമ്മൾ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നറിയാനാവില്ല. പ്രത്യേകിച്ച് ഇത്തരമൊരു സാഹചര്യത്തിൽ. സെപ്റ്റിക് ടാങ്ക് അടക്കം പൊട്ടിയൊലിച്ചു വരുന്ന വെള്ളത്തിലൂടെയാണ് നടന്നു പോകേണ്ടത്. അവിടെ എസ്.പിയാണെന്നു ചിന്തിച്ചിട്ട് കാര്യമില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകത്തന്നെ വേണം. നമുക്ക് സംതൃപ്തി തരുന്ന വിധം പ്രവൃത്തിക്കാനായില്ലെങ്കിൽ പിന്നെന്തു കാര്യം. 

നിർണായകമായി മുഖ്യമന്ത്രിയുടെ ആ തീരുമാനം

കാര്യങ്ങൾ ഏറെ വഷളായ പതിനാറാം തീയതിയാണ് രക്ഷാപ്രവർത്തനത്തിലെ ടേണിങ് പോയിന്റ് എന്നു പറയാം. അന്നു നിർണായകമായ തീരുമാനം മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്നുണ്ടായി. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം പൂർണമായും പൊലീസിനെ ഏൽപ്പിച്ചു. ആദ്യം റവന്യൂ ഉദ്യോഗസ്ഥരായിരുന്നു ഇൗ രക്ഷാപ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത്. പക്ഷേ പൊലീസിന്റെ അത്രയും ഫീൽഡ് വർക്ക് ചെയ്തു പരിചയമുള്ളവരല്ല അവർ. മാത്രമല്ല അവർ ബന്ധപ്പെടാൻ ആശ്രയിച്ചിരുന്നത് മൊബൈൽ നെറ്റ്‌വർക്കുകളെയാണ്. അവ പലപ്പോഴും തകരാറിലായിരുന്നു. 

പൊലീസിന്റെ വയർലസ് സംവിധാനം ആ സാഹചര്യത്തിലും പ്രവർത്തനക്ഷമമായിരുന്നു. അങ്ങനെയാരു ഘട്ടത്തിൽ പൊലീസ് മുഖേനെയുള്ള രക്ഷാപ്രവർത്തനമെന്ന തീരുമാനം നിർണായകമായി. വയർലസ് സംവിധാനത്തിലൂടെ കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ  പൊലീസിനു സാധിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള വസ്തുക്കളുടെ ശേഖരണവും വിതരണവും ഏകീകരണവും റവന്യൂ വകുപ്പിന് നൽകി. 

ആലുവയിലെ ആദ്യ അഭയാർഥി ഞാനായിരുന്നു!

വെള്ളം ഭയങ്കര സോഷ്യലിസ്റ്റ് ആണ്. ആരെയും കൊണ്ടുപോകും. ഞാനാണ് ആലുവയിലെ ആദ്യത്തെ അഭയാർഥി എന്നു പറയാം. 

പതിനഞ്ചാം തീയതിയോടു കൂടി എന്റെ ഒാഫിസും ക്യാംപ് ഓഫിസും വെള്ളത്തിലായി. പതിനാറാം തീയതി രാത്രി അടിയന്തിര യോഗം കഴിഞ്ഞു തിരിച്ചു വരുമ്പോഴായിരുന്നു പ്രളയത്തിന്റെ രൂക്ഷത ബോധ്യപ്പെടുന്നത്. 

യോഗം കഴിഞ്ഞ് വരുമ്പോൾ കമ്പനിപ്പടിയിൽ വെള്ളം കയറിയതിനാൽ എൻഎഡി വഴിയാണ് വന്നത്. എന്നാൽ അവിടെയും വെള്ളമായിരുന്നു. മുന്നോട്ടു പോകുംതോറും വാഹനത്തിൽ വെള്ളം കയറിത്തുടങ്ങി. ചില്ലോളം വ‌െള്ളമുണ്ടായിരുന്നു. വണ്ടി ഒാഫായി പോയേക്കാം എന്നു ഡ്രൈവർ പറഞ്ഞു. ഞാൻ പുറകിലെ ജനാല വഴിയും ഡ്രൈവറും ഗണ്‍മാനും മുന്നിലെ ജനാലയിലൂടെയും പുറത്തിറങ്ങി. നാട്ടുകാർ കയർ എറിഞ്ഞു തന്നാണ് ഞങ്ങളെ സഹായിച്ചത്. അഞ്ചര അടി ഉയരത്തിൽ അവിടെ വെള്ളം ഉയർന്നിരുന്നു. അന്ന് പൊലീസിന്റെ കൺട്രോൾ റൂം, ആലുവ പാലസ്, മിനി സിവിൽ സ്റ്റേഷൻ എന്നിവയെല്ലാം വെള്ളത്തിലായി. 

തകർന്ന ബോട്ടുകൾ

മത്സ്യത്തൊഴിലാളികളുടെ സേവനത്തെക്കുറിച്ച് ധാരാളം പറയാനുണ്ട്. കടലിൽ പോകുന്നവർക്ക് ഇൗ ഒഴുക്ക് ഒരു പ്രശ്നല്ല എന്നൊക്കെ പറയാമെന്നേയുള്ളൂ. പക്ഷേ രണ്ട് എഞ്ചിനും 20 അടി നീളവുമുള്ള വളളങ്ങൾക്ക് മതിലുകളില്ലാത്ത കടലിൽ സ്വതന്ത്ര സഞ്ചാരം നടത്തിയല്ലേ പരിചയമുള്ളൂ. നിരവധി ബോട്ടുകൾക്കാണ് കേടുപാടുകളുണ്ടായത്. വാഹനങ്ങൾ ചീറിപ്പാഞ്ഞു കൊണ്ടിരുന്ന റോഡുകളിൽ പതിനേഴിനു വള്ളങ്ങളുടെ ശബ്ദം മാത്രമായി. അവർക്കും അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നു രക്ഷാപ്രവർത്തനം. പൂർണമായും തകർന്ന നിരവധി ബോട്ടുകൾ ഞാൻ കണ്ടു. 

ഞാൻ കൂടെ പോയ കടങ്ങല്ലൂരിലെ രക്ഷാപ്രവർത്തനത്തിനു പ്രധാന തടസം പാലങ്ങളായിരുന്നു. കടങ്ങല്ലൂരിനപ്പുറം നിരവധി പേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം കഴിഞ്ഞു തിരിച്ചു വരുമ്പോൾ പാലത്തിൽ തലതട്ടാതെ കുനിഞ്ഞു പോരേണ്ട സ്ഥിതിയായിരുന്നു.

ദേശീയ പാതയുടെ ഇരുവശവും വെള്ളത്തിലായതോടെ ഗതാഗതം സംതംഭിച്ചു. പറവൂരും ആലുവയും പൂർണമായി ഒറ്റപ്പെട്ടുപോയി. കൊച്ചി സിറ്റി  ചുറ്റിക്കിടക്കുന്ന എല്ലാ പ്രദേശങ്ങളിലും ഒരുപോലെ വെള്ളം കയറി. ടോറസ് വാഹനങ്ങൾ മാത്രമാണ് ഒാടിയിരുന്നത്. ആ സാഹചര്യത്തിലാണ്  മത്സ്യത്തൊഴിലാളികളുടെ അവിസ്മരണീയമായ രക്ഷാപ്രവർത്തനം നടക്കുന്നത്.

അറിയാക്കഥകള്‍ ഇനിയുമേറെ

ഏകോപനം എന്നതു ശ്രമകരമായ കാര്യമാണ്. അത് സംതൃപ്തി തരും വിധം പൂര്‍ത്തിയാക്കാനായി എന്നൊരു ചാരിതാര്‍ഥ്യമുണ്ട്.  എനിക്കു താഴെയും മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ സുരക്ഷിത സ്ഥാനം വിട്ടു രക്ഷാപ്രവർത്തനങ്ങൾ‍ക്കായി ഓടിയെത്തിയ നാട്ടുകാര്‍ വരെ അതിൽ പങ്കാളികളാണ്. അധികാരമുള്ളവര്‍, ഇല്ലാത്തവര്‍, സാധാരണക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. 

പൊലീസ് സംവിധാനവും അത്ഭുതപ്പെടുത്തും വിധമാണ് പ്രവര്‍ത്തിച്ചത്. ആശയവിനിമയം കാര്യക്ഷമമായി നടന്നു. മത്സ്യത്തൊഴിലാളികളുടെ കഥ നമ്മള്‍ ഒരുപാട് കേട്ടു. അതുപോലെ പൊലീസിലും ആരും അറിയാത്തതുമായ ഒരുപാട് കഥകളുണ്ട്. റാങ്ക് വ്യത്യാസമില്ലാതെയായിരുന്നു ആ ദിവസങ്ങളിൽ പൊലീസുകാർ പ്രവർത്തിച്ചത്.

എറണാംകുളത്ത് മൂന്ന് സബ് ഡിവിഷനുകളാണുള്ളത്. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ. ഇതില്‍ സ്ഥിതി കൂടുതൽ ഗുരുതരമായ ആലുവയിൽ  പ്രവര്‍ത്തന പരിചയമുള്ള ഡി.വൈ.എസ്.പി  എം.കെ.സോജനെ നിയമിച്ചു. പതിനാലാം തിയതി പ്രവർത്തനങ്ങൾ ആരംഭിച്ച അദ്ദേഹം വെള്ളമിറങ്ങി കഴിഞ്ഞ് വ‍ൃത്തിയാക്കലും കഴിഞ്ഞാണ് തിരിച്ചു പോയത്. 

പെരുമ്പാവൂരില്‍ ഡിവൈഎസ്പി വേണുവും ആലുവയില്‍ ഡി.വൈ.എസ്.പി ജയരാജുമായിരുന്നു കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചത്. കേസ് അന്വേഷണത്തിലും ഫീല്‍ഡ് വര്‍ക്കിലും നല്ല പരിചയമുള്ള ഇവര്‍ക്ക് ഉദ്യോഗസ്ഥരെ അണിനിരത്തുക എളുപ്പമായിരുന്നു. അക്കാര്യങ്ങള്‍ മേലുദ്യോഗസ്ഥനു തലവേദന ഉണ്ടാക്കാതെ മികച്ച രീതിയിൽ അവർ ചെയ്തു. ഇന്‍ഫോസിസ് പോലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് അവശ്യ വസ്തുക്കൾ വിതരണം ചെയ്തത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി ഉദയഭാനുവാണ് എറണാകുളം റൂറലിന് കീഴിലുള്ള ക്യാമ്പുകളിലേക്കു ഇൗ ദുരിതാശ്വാസ കിറ്റുകളുടെ വിതരണവും ശേഖരണവുമൊക്കെ ഏകോപിപ്പിച്ചത്. അതുപോലെ മൂവാറ്റുപുഴയില്‍ ഞാന്‍ പോയിട്ടേയില്ല. അവിടെയുള്ള ഡി.വൈ.എസ്.പിയും സംഘവും കാര്യക്ഷമമായി പ്രവര്‍ത്തിക്കും എന്നുറപ്പുണ്ടായിരുന്നു. 

എനിക്കൊപ്പമുണ്ടായിരുന്ന വിനോദാണ് മെട്രോ വഴി ഭക്ഷണ സാധനങ്ങള്‍ എത്തിക്കാം എന്ന ആശയം മുന്നോട്ടു വച്ചത്. കമ്പനിപ്പടി ബ്ലോക് ആയതോടെ രക്ഷാപ്രവര്‍ത്തനും വസ്തുക്കളുടെ വിതരണവും നിലച്ചിരിക്കുകയായിരുന്നു. ബോട്ടുകള്‍ വന്നിട്ടും തോട്ടക്കാട്ടുകര പുഴയുടെ തീരത്തുളളവരെ രക്ഷിക്കുക ശ്രമകരമായിരുന്നു. ഒരടി വച്ചാൽ അടുത്ത അടിവെയ്ക്കാൻ പറ്റാത്തവിധം ശക്തമായ ഒഴുക്ക്. കമ്പനിപ്പടിയ്ക്ക് താഴെ പില്ലര്‍ റ്റു പില്ലര്‍ കയര്‍ കെട്ടിയാണ് നടന്നത്. ഏകോപന ചുമതലയാണെങ്കിലും നേരിട്ടു പോയി ചെയ്യേണ്ടി വരുന്ന കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു അത്. 

പെരുമ്പാവൂരിലെ എസ്‌.ഐ സൂഫി   തോര്‍ത്തു മുണ്ട് ഉടുത്താണ് കുത്തൊഴുക്കിലേക്ക് എടുത്ത ചാടി നിരവധി പേരെ രക്ഷിച്ചു. മുനമ്പം എസ്‌.ഐ  ഗര്‍ഭിണിയായ ഒരു സ്ത്രീയെ രക്ഷിച്ചു. കുത്തിയതോടു ഭാഗത്തൊക്കെ ശക്തമായ വെള്ളപ്പൊക്കവും നല്ല അടിയൊഴുക്കുമായിരുന്നു. അവിടേക്ക് എസ്.െഎയും സംഘവും നീന്തിയും തുഴഞ്ഞുമാണ് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്. ആംഡ് പൊലീസില്‍ നിന്ന് ഒരു സംഘത്തെ വിട്ടുകിട്ടി.  അവരില്‍ ഒരു സംഘം കാലടിയില്‍ ഒഴുക്കില്‍ പെട്ട് കറുകുത്തിയില്‍ എത്തി.

നമുക്ക് ഇതൊക്കെ ചെയ്യാനാകുമോ അല്ലെങ്കില്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അതിശയം തോന്നും. വളളങ്ങള്‍ക്കു പോകണമെങ്കില്‍ പെട്രോളും ഡീസലും ട്യൂട്ടി ഓയിലുമൊക്കെ വേണം. പമ്പുകള്‍ എല്ലാം മുങ്ങിയതോടെ ആ പണിയും പൊലീസ് ഏറ്റെടുത്തു. അതൊന്നും ഒരു മേലുദ്യോഗസ്ഥരും പറഞ്ഞിട്ടല്ല ചെയ്തത്. അവര്‍ സ്വയം കണ്ടറിഞ്ഞു ചെയ്തതാണ്. 

വ‍ൃത്തിയാക്കലിനു പൊലീസ് ഇറങ്ങണമെന്നു പറഞ്ഞപ്പോഴും ഞങ്ങള്‍ ഉടനെ സജ്ജമായി. കൊച്ചി റേഞ്ച് ഐജി നേരിട്ടായിരുന്നു കണ്‍ട്രോള്‍ റൂമിലിരുന്ന് കാര്യങ്ങള്‍ ഏകീകരിച്ചത്. ക്ലീനിങിനു പ്രഷര്‍ പമ്പുകള്‍, അതും ഫീല്‍ഡ് ഡ്രിവന്‍ പ്രഷര്‍ പമ്പുകള്‍ വേണമെന്നു പറഞ്ഞപ്പോള്‍ കാലതാമസം ഒട്ടുമില്ലാതെ ശരിയായിക്കിട്ടി. അതുപോലെ ആവശ്യത്തിനു ടോറസ് വാഹനങ്ങള്‍ എത്തിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗവും ജാഗ്രത പുലര്‍ത്തി.

മേജറും ഹരിയാനയിലെ മിടുക്കന്‍മാരും

രക്ഷാപ്രവര്‍ത്തിനെത്തിയ എല്ലാ സേനകൾ‍ക്കൊപ്പവും പൊലീസ് പ്രതിനിധികൾ ഉണ്ടായിരുന്നു. നമ്മളെപ്പോഴും ഹെലികോപ്ടറിന്റെ കാര്യം അതിശയോക്തിയോടെ സംസാരിക്കുമല്ലോ. 20 പേരെ എയർലിഫ്റ്റ് ചെയ്യാൻ 3 മണിക്കൂർ ആവശ്യമാണ്. അതേസമയം ബോട്ടുകളില്‍ ഒരൊറ്റ യാത്രയില്‍ ഇരുപത് പേരെ രക്ഷിക്കാന്‍ സാധിക്കും. 

അതില്‍ എന്നെ അതിശയിപ്പിച്ചതാണ് മിലിട്ടറി എഞ്ചിനീയറിങ് വിങ്ങിന്റെ മെറ്റല്‍ കൊണ്ടു നിര്‍മിച്ച ബൗട്ടുകള്‍. കര്‍ണാടക സ്വദേശിയായ മേജര്‍ രവി ശങ്കറും സംഘവുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. പരന്ന ആകൃതിയിലുള്ള ആ ബൗട്ടുകള്‍ മികച്ച രീതിയിൽ പ്രവർത്തിക്കും. 30 എച്ച്പി എഞ്ചിനുകളായിരുന്നു അവയ്ക്ക്. ഒരുപാട് നദികളുള്ള നമ്മുടെ നാട്ടിൽ രക്ഷാപ്രവർത്തനത്തിനു കാര്യശേഷിയുള്ള അത്തരം ബോട്ടുകൾ  വാങ്ങണമെന്നാണ് എന്റെ അഭിപ്രായം. 

പള്ളിമേട മറഞ്ഞു വീണ് മരിച്ച ആറുപേരുടെ മൃതദേഹം പുറത്തെടുക്കാന്‍ പോയത് വിശങ്കറും സംഘവും പിന്നെ ഡിവൈഎസ്പി ജയരാജും ആയിരുന്നു. രണ്ടു ദിവസം അവിടേക്ക് അടുക്കാൻ ആയില്ല. അടുവാശ്ശേരി നിന്നു കുത്തിയതോടിലേക്ക് ഏകദേശം ഒരു മണിക്കൂറോളം വള്ളത്തില്‍ പോയാല്‍ മാത്രമേ ഈ പള്ളിയിലേക്ക് എത്താനാകുമായിരുന്നുള്ളൂ. ആദ്യ ദിവസം രണ്ടു മൃതദേഹമേ പുറത്തെടുക്കാനായുള്ളൂ. പിറ്റേ ദിവസം അടുവാശ്ശേരി വഴി പോകാതെ മാഞ്ഞാലി വഴി പോയായിരുന്നു ബാക്കി മൃതദേഹങ്ങള്‍ എത്തിച്ചത്.

ഇത്തരത്തില്‍ പൊലീസും ആര്‍മിയും നേവിയും നാട്ടുകാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്ന് ചെയ്ത ഒരുപാട് ധീരസാഹസികമായ കഥകളുണ്ട്. ഞാന്‍ പോലും അറിയാത്ത എത്രയോ കാര്യങ്ങള്‍ എന്റെ സഹപ്രവര്‍ത്തകര്‍ മാത്രം ചെയ്തിരിക്കുന്നു. അവിടെയെല്ലാം സേനയില്‍ നിന്നു പകര്‍ന്നു കിട്ടിയ ശക്തിയും ധൈര്യവും അച്ചടക്കവും മാത്രമല്ല മനസാക്ഷിയും കൂടിയാണ് അവരെ എല്ലാത്തിനും പ്രാപ്തമാക്കിയത്.

മറക്കില്ല ആ മനുഷ്യരേയും ടോറസിനേയും

ഒപ്പം നിന്നു പ്രവർത്തിച്ച നാട്ടുക്കാരിൽ മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്. തിരുവനന്തപുരം സ്വദേശി അന്‍ഷാദ് പ്രദേശവാസിയായ അക്ബര്‍ ആന്റണി എന്നിവർ രക്ഷാപ്രവര്‍ത്തനത്തിനെത്തി. റീലീഫ് ക്യാമ്പുകളില്‍ നിന്ന് കിട്ടുന്ന ബ്രെഡോ കോഫിയോ കട്ടന്‍ചായയോ കഴിച്ച്  ദിവസങ്ങളോളം പണിയെടുത്തു അവര്‍.

അതുപോലെ ടോറസ് വാഹനങ്ങളുടെ പങ്കും മറക്കാനാകില്ല. ഗ്ലാസ് വരെ വെള്ളത്തില്‍ മുങ്ങിയാലും ഓടിച്ചു പോകാനാകും. പള്ളിക്കരക്കാരന്‍ ഷുക്കൂറിന്റെ ടോറസ് വണ്ടിയിലായിരുന്നു എന്റെ യാത്ര. മറക്കാനാകില്ല ആ മനുഷ്യരെ. ഒന്നും പ്രതീക്ഷിക്കാതെ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് എടുത്തുചാടാന്‍ അവരെ പ്രാപ്തമാക്കിയത് എന്താണെന്ന് ഓര്‍ത്തിട്ട് എനിക്ക് അത്ഭുതം തോന്നുന്നു.

കരിയറിലെ വിവാദങ്ങള്‍ തിരിച്ചു വരവുകള്‍

ഞാന്‍ ഐ.പി.എസ് ജീവിതം തുടങ്ങിയിട്ട് പത്തു വര്‍ഷമേ ആയിട്ടുള്ളൂ. ശരിയാണ്. കുറേ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പല കാന്‍സര്‍ വാര്‍ഡുകളിലും രോഗിയായ അമ്മയുമായി കയറിയിറങ്ങുന്നതിനിടയിലാണ് ഞാന്‍ സിവില്‍ സര്‍വീസിനു പഠിക്കുന്നത്. പരീക്ഷയ്ക്കു രണ്ടാഴ്ച മുന്‍പ് അമ്മ മരിക്കുകയും ചെയ്തു. ആ മാനസികാവസ്ഥയിൽ പരീക്ഷ എഴുതേണ്ട എന്ന തീരുമാനമെടുക്കാം. പക്ഷേ, ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ജീവിതത്തില്‍ ആർക്കുമുണ്ടാകാം. അതിനെ തരണം ചെയ്യാന്‍ കഴിയുന്നിടത്താണ് നമ്മള്‍ വിജയം. സര്‍വീസില്‍ നല്ലതു മാത്രമേ സംഭവിക്കൂ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളുമില്ല.

ഇനിയും ഒരു ഇരുപത്തിയഞ്ചു വര്‍ഷത്തെ സർവീസ് ബാക്കിയുണ്ട്. അതിനിടയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാം. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ധാരാളം വരും. ഇന്നത്തെ കാലത്ത് കുപ്രസിദ്ധനാവാൻ വലിയ താമസമൊന്നുമില്ല. പക്ഷേ അതെല്ലാം എനിക്കു മാത്രം സംഭവിക്കുന്നതാണെന്നു കരുതുന്നില്ല. പ്രശ്‌നങ്ങള്‍ ഇനിയും വരും. അതിനെ നേരിടുക തന്നെ വേണം.

‘സേഫ് സോണില്‍’ ഇരിക്കാം, എപ്പോഴും നല്ലതു പറയുന്നിടത്തു മാത്രമേ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ പാടുള്ളൂ എന്ന ചിന്തയൊന്നും എനിക്കില്ല. വളരെ സുരക്ഷിതമായ സ്ഥാനത്ത് ഇരിക്കുന്ന എനിക്ക് നേരിട്ട് അറിയാവുന്ന കുറേ ഓഫിസര്‍മാരുണ്ട്. അവിടെയിരുന്ന് വീരേതിഹാസം രചിക്കുന്നവരുണ്ട്, പരാജയപ്പെടുന്നുവരുണ്ട്. പക്ഷേ എനിക്കൊന്നുറപ്പുണ്ട് അപ്രതീക്ഷിതമായൊരു സാഹചര്യം വന്നാല്‍ അവര്‍ക്ക് നേരിടാനാകില്ലെന്ന്. 

ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നവരാണ് മലയാളികള്‍. അവര്‍ക്കിടയിലാണ് ഞാന്‍ ജോലി ചെയ്യേണ്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ചില മനുഷ്യര്‍ വീടിനു ചുറ്റും വെള്ളം കയറിയിട്ടും അവിടെ നിന്ന് ഇറങ്ങാതെ വാശിപിടിച്ച് നില്‍പ്പുണ്ടായിരുന്നു. ബ്രെഡ് കഴിക്കില്ല നല്ല ഭക്ഷണം വേണം എന്ന്ഈ പ്രളയത്തിനിടയിലും വാശിപ്പിടിച്ചവരുണ്ട്. അവരെ വിമര്‍ശിച്ചിട്ട് കാര്യമില്ല. ബഹുജനം പലവിധം എന്നാണ് എന്റെ പക്ഷം. അതിനൊത്ത് നീങ്ങുക എന്നേയുള്ളൂ. നമ്മുടെ ചിന്തകളില്‍ എപ്പോഴും വ്യക്തത വരുത്തണം എന്നു മാത്രമേ ഞാന്‍ കരതുന്നുള്ളൂ. 

പൊളിറ്റിക്കൽ പ്രഷര്‍ എന്ന മിഥ്യാധാരണ

കേരളത്തിന്റെ കാര്യത്തില്‍ പൊളിറ്റിക്കൽ പ്രഷര്‍ എന്ന സംഗതി സുരേഷ് ഗോപി ചിത്രങ്ങളില്‍ മാത്രം ഉപയോഗിക്കാനാവുന്നതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഇക്കാര്യം വളരെ കുറവാണ്. നമ്മുടെ സമൂഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ചില മൂല്യങ്ങള്‍, സംഘടനാ ശക്തി, മാധ്യമങ്ങള്‍ എന്നിവ കേരളത്തില്‍ ശക്തമാണ് എന്നതാണ് ഇതിനു പിന്നിലെ കാര്യം. 

സെന്‍സേഷണലിസം, റേറ്റിങിനു വേണ്ടിയുള്ള മത്സരം എന്നൊക്കെ പറഞ്ഞാലും സമൂഹത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന വിഷയമാണെങ്കില്‍ മീഡിയ ഒന്നായി നിന്ന് ശക്തമായി പ്രവര്‍ത്തിക്കും. അടുത്തിടെ പല വിഷയത്തിലും നമ്മളതു കണ്ടതുമാണ്. തീര്‍ത്തും നിയമവിരുദ്ധമായ കാര്യം ചെയ്യാന്‍ ഏതെങ്കിലും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് നിര്‍ബന്ധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് അത്തരം അനുഭവം ഉണ്ടായിട്ടില്ല.

ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങൾ കൊണ്ടു തന്നെയാണ് കേരളം അഴിമതി ഇല്ലായ്മയു‌െട‌ കാര്യത്തിലും സാമൂഹിക സുരക്ഷയിലും ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ളത്. പ്രളയത്തിന്റെ സമയത്ത് സ്വയം തീരുമാനത്തിന്റെ ബലത്തില്‍ എത്ര സമഗ്രതയോടെയാണ് നമ്മൾ ഒന്നുചേര്‍ന്ന് പലതലങ്ങളില്‍ നിന്നു പ്രവര്‍ത്തിച്ചത് എന്നതു നോക്കിയാല്‍ മാത്രം മതിയാകും ഇതു മനസിലാക്കാൻ.

പൊളിറ്റിക്കല്‍ പ്രഷറിനേക്കാള്‍ ഉദ്യോഗസ്ഥര്‍ക്കിയില്‍ തന്നെയുള്ള മനസ്സിലാക്കലുകളുടെയും ആശയവിനിമയത്തിലെ പാളിച്ചകളുടെയും പ്രശ്‌നമാണ് അധികമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. 

അത് വലിയ ദുരന്തമാകും

ഭരണമൊക്കെ ഒരു കൂട്ടം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന ആശയം ഞാന്‍ സമൂഹമാധ്യമങ്ങളിൽ പലപ്പോഴായി വായിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ സമൂഹം നേരിടാന്‍ പോകുന്ന സ്വേച്ഛാധിപത്യപരമായ വിപത്ത് ആയിരിക്കും അതെന്നു നിസംശയം പറയാം. 

ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് പ്രസിഡന്റ് ആണ്. കുറഞ്ഞത് 30 വര്‍ഷമെങ്കിലും സര്‍വസീൽ കാണും. ഈ കാലയളവിനിടയില്‍ അവര്‍ക്കു വേണമെങ്കില്‍ ജനങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ സുരക്ഷിതമായി നിന്നു പ്രവര്‍ത്തിക്കാം. ജനങ്ങളെ കണ്ട് അവരുടെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ വരെ പരിഹരിച്ചും തൃപ്തരാക്കിയും മുന്നോട്ടു പോകണമെന്ന ബാധ്യതയില്ല. ജനപിന്തുണയില്ലെന്ന കാരണത്താല്‍ പുറത്തുപോകേണ്ടി വരുമെന്ന അനിശ്ചിതത്വം ഇല്ല. അത് സൃഷ്ടിക്കുക സ്വേച്ഛാധിപത്യപരമായ മനോഭാവം തന്നെയാണ്. 

പക്ഷേ രാഷ്ട്രീയക്കാരുടെ കാര്യം അതല്ല. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അവര്‍ക്കു ജനങ്ങളെ നേരിട്ടേ പറ്റുകയുള്ളൂ. ആ പേടി മനസ്സിലുള്ളതുകൊണ്ട് ബ്യൂറോക്രസിയുടെ ഒരു സ്വേച്ഛാധിപത്യ മനോഭാവം അവരിൽ അത്രയ്ക്ക് ഉണ്ടാവുകയില്ല. ജനങ്ങളെ സേവിക്കേണ്ടതും അവരെ മുന്നോട്ടു നയിക്കേണ്ടതും അവര്‍ തെരഞ്ഞെടുത്തവര്‍ തന്നെയാകണം. ആ തെരഞ്ഞെടുപ്പുകള്‍ക്കു കീഴില്‍ മാത്രമാകണം ബ്യൂറോക്രസി പ്രവര്‍ത്തിക്കേണ്ടത്.