Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ നിമിഷങ്ങൾ പങ്കുവെച്ച് കാമുകന്റെ ആത്മഹത്യ: വിശദീകരണവുമായി നടി

nilani-lalith

ഷൂട്ടിങ് സൈറ്റിലെത്തി കാമുകൻ തീവെച്ചു അത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പ്രശസ്ത തമിഴ് സീരിയൽ നടി നിലാനി രംഗത്ത്. നിലാനിയുടെ കാമുകനായി അറിയപ്പെട്ടിരുന്ന ഗാന്ധി ലളിത് കുമാർ എന്ന യുവാവാണ് കെ.കെ നഗറിലെ സീരിയൽ സെറ്റിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. സെപ്റ്റംബർ 15ന് ആയിരുന്നു സംഭവം. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.

എന്നാൽ ലളിത് കുമാറിന്റെ മരണത്തിൽ തെളിവുകൾ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ അപസർപ്പക കഥകൾ മെനയുകയായിരുന്നുവെന്നാണ് നിലാനിയുടെ ആരോപണം. ഇൗ കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മാധ്യമങ്ങൾക്കു മുൻപിലും നിലാനി എത്തിയത്. ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു. 

മൂന്ന് വർഷം മുൻപാണ് ലളിതിനെ പരിചയപ്പെടുന്നത്. രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന സ്ത്രീയെന്ന നിലയിൽ പല കാര്യങ്ങളിലും അയാൾ സഹായിക്കുമായിരുന്നു. ആ പരിചയത്തില്‍ അയാൾ വിവാഹ ആലോചനയുമായി  മുന്നോട്ട് വന്നു. എന്നാൽ വിവാഹാഭ്യർത്ഥന താൻ നിരസിച്ചു. കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്. ലളിതുമായുള്ള വിവാഹം ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാൽ അയാൾ ഒരു സ്ത്രീലമ്പടനാണെന്ന് പിന്നീട് മനസ്സിലായി.  

സഹോദരനും സഹോദരിയും അയാൾക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവംമൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു. പല സ്ത്രീകളിൽ നിന്നു പണം തട്ടി ലളിത് കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് അയാളുമായി അകലം പാലിച്ചത്. അതിനുശേഷം അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. 

തൂത്തുക്കുടി സമരത്തിന്റെ പേരിലുളള കേസിൽ എന്നെ പുറത്തു കൊണ്ടു വന്നത് ലളിതായിരുന്നു. ഞാൻ ആവശ്യപ്പെടാതെയാണ് അയാൾ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാൾ സമ്മതിച്ചതുമാണ്. എന്നോ‌ട് പ്രണയമാണെന്നും അയാൾ പറഞ്ഞു. പിന്നെ അഭ്യർഥന ഭീഷണിയാകാൻ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് പറഞ്ഞു. ഒരുപാട് ശാരീരിക മർദനങ്ങൾക്കും ഞാൻ വിധേയയായി. എന്റെ സീരിയൽ സെറ്റിൽ വന്നാണ് അയാൾ സ്വയം തീ കൊളുത്തി മരിച്ചത്.  ഞാൻ ഒളിവിൽ പോയിട്ടില്ല. നിങ്ങൾക്കു മുൻപിലുണ്ടെന്നും നിലാനി പറഞ്ഞു. 

തമിഴ് സീരിയലുകളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് നിലാനി. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധത്തിനിടെ പതിമൂന്ന് പേരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് നിലാനി വാർത്തകളിൽ ഇടം നേടിയത്. പൊലീസ് വേഷത്തിൽ ലൈവിലെത്തിയതിന് നിലാനിക്കെതിരെ പൊലീസ് അന്ന് കേസെടുക്കുകയും ചെയ്തിരുന്നു.