Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്ത ഹൃദയകൂട്ടിൽ ഹൃദയം ചേർത്തു വച്ചു; തോമസ് ചോക്കും പെൻസിലും

thomas-pulimurukan

ച‌‌െറുതാണ് മനോഹരം, പലപ്പോഴായി കേട്ടു പഴകിയ വാചകം. എന്നാൽ ആ വാചകം എത്രമേൽ സത്യമാണെന്ന് അറിയാം തോമസ് ജേക്കബിനെ പരിചയപ്പെട്ടാൽ. ചോക്കിലും പെൻസിലിലും ചെറുശില്പങ്ങൾ തീർക്കുന്ന മൈക്രോ ആര്‍ട്ടിസ്റ്റാണ് തോമസ്. ഇൗച്ചയെന്ന സിനിമയിൽ നായികാ കഥാപാത്രമായ ബിന്ദു(സാമന്ത) പെൻസിലിൽ തീർക്കുന്ന ഹൃദയക്കൂട് കണ്ടി‌ട്ടില്ലേ, ഒരു പക്ഷേ അന്നായിരിക്കാം അങ്ങനെയൊന്നുണ്ടെന്ന് പലരും അറിയുന്നത്. ഉത്സവപറമ്പിലെ അരിമണിയിൽ പേരെഴുന്നതു അത്ഭുതത്തോടെ നോക്കി നിന്ന നമുക്ക് പെൻസിലിൽ വിരിഞ്ഞ ആ ഹൃദയം വിസ്മയമായിരുന്നില്ലേ. 

ആ ചോക്കും കോംപസും

നാലാം ക്ലാസിൽ പഠിക്കുമ്പോൾ കയ്യിൽ കിട്ടിയ ചോക്കിൽ കോംപസുകൊണ്ട് ചുരണ്ടി തുടങ്ങിയതാണ് തോമസ്. നന്നായി ചിത്രം വരയ്ക്കുന്ന ആ പയ്യൻ പല മുഖങ്ങളും രൂപങ്ങളും ചോക്കിൽ വിരിയിച്ചു. താൻ ചെയ്യുന്നതിന്റെ പേരെന്താണന്നോ അത് ചെയ്യുന്ന മറ്റ് ആളുകളുണ്ടോ എന്നോ പോലും അറിയാത്ത കാലത്ത് തോമസിന്റെ കൗതുകവും കലയോടുള്ള അഭിനിവേശവും ജന്മം കൊടുത്തത് നിരവധി രൂപങ്ങൾക്ക്. ഒപ്പം അയാൾ സ്വയം പഠിക്കുകയായിരുന്നു എന്തൊക്കെ ചെയ്യാം, എങ്ങനെയൊക്കെ ചെയ്യാം. 

art തോമസ് ജേക്കബ് ചോക്കിൽ തീർത്ത ശില്പങ്ങൾ

ആരും ഉത്തരം തരാതെ...

കാലം കടന്നു പോയി, മനസ്സില്‍ കലയോടുള്ള അഭിനിവേശം ശക്തം, പക്ഷേ കുഞ്ഞൻ കലയുടെ സാധ്യതകൾ കണ്ടെത്താൻ സമൂഹമാധ്യമങ്ങളില്ല. അറിയുന്ന ആളുകളില്ല ഇതൊരു ഭാവിയായി എ‌ടുക്കാമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. പിന്നീട് എഞ്ചിനിയറിങ്, എംബിഎ പഠനം, െഎടി മേഖലയിൽ ഉയർന്ന വരുമാനത്തോടു കൂടിയുള്ള ജോലി. ഭാര്യയും മക്കളുമുള്ള സന്തുഷ്ട കുടുംബം. എല്ലാം സുഖകരമായി മുന്നോട്ടു പോകുമ്പോഴും അയാൾ അസംതൃപ്തനായിരുന്നു. കലയോടുള്ള അടങ്ങാത്ത അഭിനിവേശം െഎടി മേഖലയിലെ ജോലിയിൽ കണ്ടെത്താനായില്ല. 

thomas-superstars മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തോമസ്

എല്ലാം ഉപേക്ഷിച്ച് വീണ്ടും...

മൈക്രോ ആർട്ടിന്റെ വലിയ ലോകമുണ്ടെന്ന തിരിച്ചറിവ് പത്തുവർഷത്തെ ജോലി ഉപേക്ഷിച്ച് കലയുടെ ലോകത്തേക്ക് സാഹസിക പ്രയാണം നടത്താനുള്ള കരുത്ത് തോമസിന് നൽകി. സമൂഹമാധ്യമങ്ങൾ ലോകത്തിന്റെ അറ്റങ്ങളെ കൂട്ടിമുട്ടിച്ചപ്പോൾ പുതിയ സാധ്യതകളുടെയും അറിവിന്റെയും വലിയ ലോകം ആ കലാകാരനു മുൻപിൽ തുറന്നു. 

kerala-flood മത്സ്യത്തൊഴിലാളികൾക്ക് ആദരമായി നിർമിച്ച ശില്പം

കലയുടെ ലോകത്തേയ്ക്കു പൂർണമായൊരു പറിച്ചുനടൽ. ചോക്കിലും പെൻസിലിലും രൂപങ്ങൾ നിർമിക്കുന്നതു കൂടാതെ കേക്ക് ആർട്ട്, വോൾ ആർട്ട്, അരിമണിയിൽ ചിത്രംവര, കടലാസ് രൂപങ്ങൾ, ചിത്രരചനാ ക്ലാസുകൾ എന്നിങ്ങനെ സകല സാധ്യതകളും ഉപയോഗിക്കുകയാണ് തോമസ്. വിശേഷങ്ങൾക്ക് പ്രിയപ്പെട്ടവർക്കു സമ്മാനം നൽകാൻ ചോക്കിലും പെൻസിലിലും തീർത്ത രൂപങ്ങൾ തേടി ആളുകൾ വരുന്നു. കണ്ടു മടുത്ത സമ്മാനങ്ങൾ ഒഴിവാക്കി മനോഹരമായ കുഞ്ഞൻ സമ്മാനങ്ങൾ നൽകാൻ തോമസിനോട് പറഞ്ഞ് രൂപങ്ങൾ തീർക്കുന്നവരുണ്ട്. 

വൈറലായ പുലിമുരുകൻ 

തോമസ് ചോക്കിൽ തീർത്ത പുലിമുരുകൻ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. മുണ്ടുമടക്കി കുത്തി നിൽക്കുന്ന മുരുകനെ മോഹൻലാലിന് സമ്മാനിക്കുക എന്ന ആഗ്രഹവും സഫലമായി. ട്രെയിനിലിരുന്ന് ഉണ്ടാക്കിയ ഗ്രേറ്റ് ഫാദർ രൂപം മമ്മൂട്ടി നൽകിയതും നിവിൻ പോളിക്ക് സമ്മാനം നൽകിയതും മറക്കാനാവാത്ത നിമിഷങ്ങൾ.

collage3 തോമസിന്റെ പെൻസിൽ ശില്പങ്ങള്‍

പ്രളയവും ആ കുട്ടികളും

പ്രളയക്കാലത്ത് ഹെലികോപ്റ്ററിൽ ഗര്‍ഭിണിയായ യുവതിയെ രക്ഷിക്കുന്ന രൂപം പെൻസിൽ മുനയിൽ ജനിച്ചു. കേരളത്തിന്റെ ഹീറോകളായ കടലിന്റെ മക്കള്‍ക്ക് കലയിലൂടെ തോമസിന്റെ ആദരം, ഒപ്പം അതിജീവന പ്രതീകമായ ചേക്കുട്ടി പാവകൾക്കും പെൻസിൽ മുനയിൽ ജന്മം.

rescue

തായ്‌ലാന്റിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്ന രൂപം കടുപ്പമേറിയതായിരുന്നു. കുട്ടിയും രക്ഷാപ്രവർത്തകനും ഒാക്സിജൻ സിലിണ്ടറും ഉൾപ്പെടുന്ന ആ ശില്പത്തോ‌ട് കുറച്ച് ഇഷ്ടക്കൂടുതലുണ്ടെന്ന് തോമസ് പറയുന്നു.

tailand തായ്‌ലാന്റിലെ രക്ഷാപ്രവർത്തനം പെൻസിൽ ശിലപ്മായപ്പോൾ

ഇപ്പോ...ടെക്നിക് പിടിക്കിട്ടി...

ലോകത്തിന്റെ പല കോണുകളിലും വലിയ അംഗീകാരം നേടി കഴിഞ്ഞു മൈക്രോ ആർട്ടസ്. നമ്മുടെ നാട്ടിൽ ആളുകൾ ഇതിനെക്കുറിച്ച് അറിഞ്ഞ് വരുന്നേതയുള്ളൂ. നമ്മുടെ ചെറുപ്പക്കാർക്ക് മൈക്രോ ആർട്ടിനോടു താൽപര്യം കൂടി വരുന്നുണ്ട്. പലരും വിളിച്ച് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

nivin-thomas നിവിൻ പോളിക്കൊപ്പം

ആർട്ട് ക്നൈഫ് ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണം. സാധാരണ ബ്ലൈഡും ധാരാളം. വിദേശരാജ്യങ്ങളിൽ മൈക്രോ സ്കോപ് ഉപയോഗിച്ച് വളരെ സൂക്ഷ്മമായി ചെയ്യുന്നവരുണ്ട്. കട്ടികൂടിയ ലെഡ് ഉള്ള പെൻസിലാണ് ഉപയോഗിക്കുന്നത്. പൊട്ടുകയോ തെറ്റുകയോ ചെയ്താൽ വീണ്ടും ചെയ്തു തുടങ്ങുക മാത്രമേ മാർഗമുള്ളൂ. പേരിൽ മൈക്രോ ഉണ്ടെങ്കിലും സംഗതി വമ്പൻ തന്നെയാണ്. വളരെയധികം ക്ഷമയും സൂക്ഷ്മതയും ആവശ്യമുള്ള കല.

ricegrain അരിമണിയിൽ യേശുക്രിസ്തു

പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നതിനോടൊപ്പം ഒക്ടോബർ 2 മുതൽ 7 വരെ കൊച്ചി ദർബാർ ഹാളിൽ നടക്കുന്ന കലാപ്രദർശനത്തിൽ തോമസിന്റെ മൈക്രോ ആർട്ടുകളുമുണ്ട്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് ‘തോമസിന്റെ ആർട്ട് വേൾഡിന്റെ’ വെളിച്ചം. കോട്ടയം സ്വദേശിയായ ഇദ്ദേഹം കാക്കനാടാണ് താമസിക്കുന്നത്.

കൂടുതൽ അറിയാൻ