Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടശേരിയുടെ ആഭരണപ്പെട്ടി; സിനിമയിലും കലോൽസവത്തിലും ഹിറ്റ്!

ornaments-in-vadasherry

വെട്ടിത്തിളങ്ങുന്ന കല്ലുകളും മുത്തുകളും... കണ്ണഞ്ചുന്ന കനകകാന്തിയിൽ പതക്കങ്ങൾ, വീതിയേറിയ മാലകൾ, ജിമിക്കികൾ,ഒഡ്യാണം, വങ്കി, വളകൾ.. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ ഗരിമയിൽ വടശേരിയുടെ ആഭരണപ്പെട്ടി ഇന്നും കാലത്തിനും കാഴ്ചയ്ക്കും വിസ്മയം!

ടെംപിൾ ജ്വല്ലറിയുടെ മറുവാക്കാണു കന്യാകുമാരി റൂട്ടിൽ നാഗർകോവിലിൽ നിന്നു രണ്ടര കിലോമീറ്റർ അകലയുള്ള വടശേരി എന്ന കൊച്ചുഗ്രാമം. ആഭരണത്തിളക്കമേതുമില്ലാത്ത, നന്നേ ഇടുങ്ങിയ തെരുവുകളിലെ പകിട്ടൊന്നുമില്ലാത്ത വീടുകളിലുണ്ട് തലമുറകളിലേക്കു കൈമാറിക്കിട്ടിയ പ്രൗഢമായ കലാപാരമ്പര്യത്തിന്റ കൊത്തുവേലക്കാർ. അറുപതോളം യൂണിറ്റുകളിലായി ഏതാണ്ട് 350 പേരുണ്ട് ആഭരണനിർമാണത്തിൽ. 

ക്ഷേത്രാഭരണങ്ങൾ

ഒൻപതാം നൂറ്റാണ്ടിലെ ചോളഭരണ കാലം മുതൽ വടശേരിയിലാണു ദൈവങ്ങളുടെ ആമാടപ്പെട്ടി. തനിത്തങ്കത്തിൽ, അമൂല്യരത്നങ്ങളും മുത്തുകളും പതിച്ച കനപ്പെട്ട അഭരണങ്ങൾ ദൈവങ്ങൾക്കായി വടശേരിയിൽ വാർത്തെടുത്തു. പിൽക്കാലത്തു ദക്ഷിണേന്ത്യയിലെ രാജകുടുംബങ്ങൾക്കും പ്രഭു കുടുംബങ്ങൾക്കും വേണ്ടിയായി ആഭരണ നിർമാണം. കാലം മാറി. തനിത്തങ്കം അപ്രാപ്യമായി. പകരം തങ്കം പൂശിയ വെള്ളി. വിലപിടിച്ച കല്ലുകൾ ‘പ്രെഷ്യസ് സ്റ്റോണി’നു വഴിമാറി. ഭരതനാട്യം, കുച്ചിപ്പുഡി നർത്തകരാണ് ഇന്നു ടെംപിൾ ജ്വല്ലറിയുടെ പ്രധാന ആവശ്യക്കാർ. നെറ്റിച്ചുട്ടിയും മാട്ടിയും വങ്കി(തോൾ വള)യും മുടിപ്പിന്നിലെ അലങ്കാരങ്ങളുമായി തമിഴ് വധുക്കൾക്കും ഈ ആഭരണങ്ങൾ വേണം. അന്നുമിന്നും മാറാത്തത് ഒന്നു മാത്രം–ഇവ ചമച്ചൊരുക്കുന്നതിനു പിന്നിലെ അധ്വാനവും ഏകാഗ്രതയും പിന്നെ നിർമാണരീതിയും.

അച്ച് ഇല്ല; ഡിസൈനുകൾ മനക്കണക്ക്

‘‘വെള്ളിയുടെ നീളൻ തകിടുണ്ടാക്കാൻ മാത്രമാണു യന്ത്രത്തെ ആശ്രയിക്കുന്നത്. ബാക്കിയെല്ലാം കൈവേല. നൂറ്റാണ്ടുകളായി പിന്തുടരുന്ന അതേ നിർമാണരീതിയാണ് ഇപ്പോഴും. ഏഴെട്ടു പേർ ജോലികൾ വിഭജിച്ചെടുത്താണ് ഒരു ആഭരണം പണിയുന്നത്. നീളവും വീതിയുമുള്ള വലിയൊരു മാല ചെയ്തെടുക്കാൻ ഒരു മാസം വേണം’’– വടശേരിയിലെ എസ്.ആർ.ജ്വല്ലറി ഉടമ നാഗലിംഗം പറയുന്നു.

മൈസൂരിൽ ഖനനം ചെയ്തെടുക്കുന്ന, സേലം തിരുച്ചങ്കോട്ട് ആകൃതി വരുത്തിയെടുക്കുന്ന കല്ലുകളാണ് ആഭരണത്തിൽ പതിക്കുന്നത്. വെള്ള, പച്ച, നീല, മെറൂൺ, മജന്ത കല്ലുകളും മുത്തു(പേൾ)മാണു പ്രധാനമായും ടെംപിൾ ജ്വല്ലറിയിൽ. ഒരു ആഭരണത്തിനും അച്ചില്ല. ഓരോ ഡിസൈനും കൈകൊണ്ടു മെനഞ്ഞെടുക്കും. 

ക്ഷേത്രഗോപുരം, അരയന്നങ്ങൾ, മയിൽ,തത്ത, താമര, വ്യാളി, മാങ്ങ തുടങ്ങിയ പരമ്പരാഗത ഡിസൈനുകൾക്ക് എക്കാലവും ആവശ്യക്കാരുണ്ട്. ഇപ്പോൾ പുതുമയുള്ള പല ഡിസൈനുകളും നൽകി അതുപോലെ പതക്കങ്ങളും ജിമിക്കികളും മറ്റും ചെയ്യിപ്പിച്ചു വാങ്ങുന്നവരും ധാരാളം. ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും ഓർഡർ കിട്ടിയേ തീരൂ– നാഗലിംഗം പറയുന്നു. ആഭരണ അറ്റകുറ്റപ്പണിയും ഇവർ ഏറ്റെടുക്കുന്നുണ്ട്.

അരങ്ങിലേക്ക്

സിനിമയിലും നൃത്തത്തിലും താരങ്ങളായ തിരുവിതാംകൂർ സഹോദരിമാർ ലളിത–പത്മിനി–രാഗിണിമാരാണു നൃത്തലോകത്തു വടശേരിയുടെ ‘ബ്രാൻഡ് അംബാസഡർ’മാരായത്. സിനിമയുടെ അരങ്ങിലും അങ്ങനെ ഈ ആഭരണങ്ങളെത്തി. കേരളത്തിൽ കലോൽസവമെത്തിയാൽ വടശേരിയിൽ പണിത്തിരക്കിന്റെ നാളുകളാണ്. എല്ലാവർക്കും അണിയാവുന്ന തരത്തിലുള്ള ഭാരം കുറഞ്ഞ ഡിസൈനർ ആഭരണങ്ങളിലേക്കും വടശേരിക്കാർ കടന്നിരിക്കുന്നു. ഓൺലൈൻ വഴിയും വ്യാപാരമുണ്ട്. കാഞ്ചീപുരം സാരിക്കെന്ന പോലെ വടശേരി ടെംപിൾ ജ്വല്ലറിക്കും ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചിട്ടുണ്ട്.

അതിജീവനത്തിന്റെ പോരാട്ടത്തിൽ

വിലകുറഞ്ഞ, ഡ്യൂപ്ലിക്കേറ്റ് നൃത്താഭരണങ്ങൾ വിപണിയിലെത്തുന്നതും അധ്വാനത്തിനനുസരിച്ചുള്ള കൂലി കിട്ടാത്തതിനാൽ പുതു തലമുറയ്ക്ക് ഈ കൈത്തൊഴിലിനോടുള്ള താൽപര്യക്കുറവുമാണു വടശേരി നേരിടുന്ന വെല്ലുവിളി. വടശേരിയുടെ വില അറിയാവുന്നവർ ഈ ഇടുങ്ങിയ ഗ്രാമത്തെരുവുകൾ തേടി എങ്ങനെയും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ തൊഴിൽ പുലരുന്നത്. 

കയ്യും കണ്ണും തളരുമ്പോഴും അതിനാൽ വടശേരിക്കാർ പണിപ്പുരകൾ ഉപേക്ഷിക്കുന്നില്ല. ദൈവത്തിന്റെ കൈവേലക്കാർക്ക് ഇതു പാരമ്പര്യത്തിന്റെ അഭിമാനം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.