Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കല്ല, ചങ്കിടിപ്പാണ് പൃഥ്വി; ആരാധകരുടെ ‘രാജുവേച്ചി’ മനസ്സ് തുറക്കുന്നു

athira-santhosh-viral-dubsmash-girl-interview

ഡിഗ്രി കഴിഞ്ഞിരിക്കുന്ന വെക്കേഷന്‍. തുടർപഠനത്തിനായി പുറത്തേക്ക് പറക്കാനുള്ള കാത്തിരിപ്പ്. ഈ വേളയില്‍ ഒരു കട്ട ആരാധികയ്ക്ക് എന്താണ് ചെയ്യാനുണ്ടാകുക. ഇഷ്ടതാരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പരതി നടക്കാം, അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് രസിക്കാം, ഉദ്ഘാടനത്തിനെത്തുന്ന ഇടങ്ങളിലൊക്കെ ആവേശത്തോടെ ചെല്ലാം. പക്ഷേ ആതിര സന്തോഷ് എന്ന പെണ്‍കുട്ടി തന്റെ പ്രിയ താരത്തിന്റെ സിനിമകളിലെ കുറച്ച് മാസ് സീനുകള്‍ ഡബ്‌സ്മാഷ് ചെയ്തും മ്യൂസിക്കലി ചെയ്തും ആഘോഷിക്കുകയാണ്. എന്നാൽ ആ ആഘോഷം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ലേഡീ പൃഥ്വിരാജ് എന്ന പേരും ഈ ആരാധികയ്ക്ക് അവർ ചാർത്തിക്കൊടുത്തു.

അതുകൊണ്ടാണ് ഇത്രേം ആരാധന

നന്ദനം തൊട്ടു തുടങ്ങിയ ആരാധനയാണ്. ഒരു സിനിമ താരത്തിന്റെ അഭിനയവും വ്യക്തിത്വവും ഒരുപോലെ ഇഷ്ടമാകുക. പൃഥ്വിരാജിന്റെ കാര്യത്തില്‍ രണ്ടും മാസ് ആണ്. സിനിമയില്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അതു നന്നാക്കുകയും ചെയ്യും. വ്യക്തി ജീവിതത്തിലാകട്ടെ ഭയമൊന്നും കൂടാതെ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയും. അതുകൊണ്ടാണ് പൃഥ്വിയോട് ഇത്രയിഷ്ടം. പൃഥ്വിയുടെ മാത്രമല്ല, ലാലേട്ടന്റെയും കട്ട ഫാന്‍ ആണ്. പക്ഷേ, എനിക്കു കൂടുതല്‍ ചേരുക പൃഥ്വി ചെയ്ത വേഷങ്ങളിലെ ചില സീനുകള്‍ ആയിരിക്കുമെന്നു ഉള്ളതുകൊണ്ടാണ് അത് ഡബ്‌സ്മാഷ് ചെയ്യുന്നത്. 

‍‍ഡബ്സ്മാഷ് ചെയ്യുന്നതിനു കുറച്ചു മുന്നൊരുക്കങ്ങൾ ചെയ്യാറുണ്ട്. അതു പിന്നില്‍ കെട്ടിവച്ചതു കൊണ്ടാണ് ബോയ് കട്ട് ആണെന്നു തോന്നുന്നത്. പൃഥ്വിയുടെ പുരികം കൂര്‍ത്തതാണ്. അതുപോലെ പുരികവും മേക്കപ്പ് ചെയ്യും. പിന്നെ കണ്ണുകള്‍ മയങ്ങിയതു പോലെയാണല്ലോ. അങ്ങനെ കുറച്ച് ഒരുക്കങ്ങളെ വേണ്ടി വരാറുള്ളൂ. എനിക്കു ചേരുന്ന സീനുകള്‍ തപ്പിയെടുക്കലാണ് പണി. പിന്നെ അഭിമുഖം ആകുമ്പോള്‍ ശരിക്കുള്ള വ്യക്തിയായിട്ടല്ലേ സംസാരിക്കുക. അന്നേരത്തെ ശരീരഭാഷ പഠിക്കുന്നത് ഒരു പണിയാണ്. അത്യാവശ്യം തയ്യാറെടുപ്പുകളൊക്കെ ചെയ്താണ് വിഡിയോ ചെയ്യുന്നത്. പുതിയത് ഇതുവരെ റെഡിയായിട്ടില്ല.

പ്രതീക്ഷിച്ചില്ല

കോഴിക്കോട് എംഇഎസില്‍ നിന്നാണ് ഡിഗ്രി ചെയ്തത്. അച്ഛന്‍ സന്തോഷ് ലണ്ടനിലാണ്. അവിടത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നു എംബിഎ ചെയ്യണം എന്നുണ്ട്. അതിനുള്ള തയാറെടുപ്പുകളിലാണ് ഇപ്പോള്‍. ഒഴിവുസമയം ധാരാളമുള്ളതിനാലാണ് ഇങ്ങനെയൊക്ക ഇങ്ങനെയൊക്കെ വിഡിയോ ചെയ്യുന്നത്. മുന്‍പും ഇതുപോലെ വിഡിയോകള്‍ ചെയ്തിരുന്നു. പക്ഷേ വാട്‌സ് ആപ്പ് സ്റ്റാറ്റസ് മാത്രമേ ആക്കിയിരുന്നുള്ളൂ. അന്നും നല്ല പ്രതികരണമായിരുന്നു. ലേഡി പൃഥ്വിരാജ്, പൃഥ്വിയുടെ സഹോദരിയെ പോലെയുണ്ട് എന്നൊക്കെ കൂട്ടുക്കാർ പറയുമായിരുന്നു. ഇപ്പോള്‍ ടിക് ടോക് വന്നപ്പോഴാണ് ഫെയ്‌സ്ബുക്കില്‍ ഇട്ടതും അതിന് ഇത്രയധികം ആളുകളെ കാഴ്ചക്കാരായി കിട്ടിയതും. പ്രതീക്ഷിച്ചതേയില്ല മീഡിയ ഇത് ഏറ്റെടുക്കും എന്ന്. 

കണ്ടിട്ടില്ല, ജസ്റ്റ് മിസ് ആയി. മറക്കില്ല ആ താങ്ക് യൂ

പൃഥ്വിരാജിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫിസിലാണ് അമ്മ ജോലി ചെയ്യുന്നത്. അവിടെവെച്ച് ഇന്ത്യന്‍ റുപ്പിയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. അറിഞ്ഞ് അവിടെ എത്തുമ്പോഴേക്കും ആൾ പോയിരുന്നു. ജസ്റ്റ് മിസ്. എന്നെങ്കിലും കാണാനാകും എന്നു കരുതുന്നു. ഇനിയിപ്പോ വെക്കേഷനല്ലേ, കോഴിക്കോട് ചില ഉദ്ഘാടനങ്ങള്‍ക്കു വരുമെന്ന് അറിയുന്നു. അന്ന് പോകണം.

പൃഥ്വി ഫാന്‍സിന്റെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് ഇപ്പോള്‍ രണ്ടായിട്ട് പൃഥ്വി ക്വീന്‍സ് എന്ന്ു പറഞ്ഞ് പെണ്‍കുട്ടികള്‍ മാത്രമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫാന്‍ പേജ് ഉണ്ട്. നല്ല വ്യൂവേഴ്‌സ് ഉള്ള പേജ് ആണത്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പൃഥ്വിയുടെ വാട്‌സ് ആപ്പ് നമ്പര്‍ കിട്ടിയിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറെ പരിചയപ്പെടുന്നതും അങ്ങനെയാണ് . മെസേജ് അയച്ചോളൂ, മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ പൃഥ്വി എല്ലാം കാണും എന്നും അറിഞ്ഞു. അങ്ങനെ രണം പുറത്തിറങ്ങുന്ന സമയത്ത് ആശംസകള്‍ നേര്‍ന്നു മെസേജ് അയച്ചു. താങ്ക്യൂ ആതിര എന്നു മറുപടി വന്നു. ഞെട്ടിപ്പോയി ഞാന്‍.

പൃഥ്വിയെ കുറിച്ച് എല്ലാവരും പറയുമായിരുന്നു ജാഡ ആണെന്ന്. പക്ഷേ വാട്‌സ് ആപ്പ് വഴിയും അല്ലാതെയും അദ്ദേഹത്തെ നേരിട്ട് അറിഞ്ഞവരെല്ലാം പറഞ്ഞത് അങ്ങെനെയൊരാളേ അല്ല എന്നാണ്. പിന്നീട് അദ്ദേഹം പല വിഷയങ്ങളിലും ഇടപെടുന്നത് കണ്ടപ്പോഴും ചില അഭിമുഖങ്ങളില്‍ സംസാരിക്കുന്നത് കണ്ടപ്പോഴും അതെല്ലാം ബോധ്യമായി. എന്തായാലും ഞാനൊരു കട്ട ഫാന്‍ ആണ്.

വീട്ടില്‍ ഫാന്‍സിന്റെ മേളം

വീട്ടില്‍ അമ്മയും ചേട്ടനും മമ്മൂട്ടി ഫാന്‍സ് ആണ്. അമ്മമ്മ അല്ലു അര്‍ജുന്റെയും. ഞാനും അവരുമായി ഓരോന്നു പറഞ്ഞ് ഇക്കാര്യത്തില്‍ തര്‍ക്കിക്കും. പക്ഷേ പൃഥ്വിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആയതുകൊണ്ട് പ്രശ്‌നമില്ല.