Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സംഭവത്തോടെ പ്രതികരിക്കാൻ ഭയം: ഷാജു

shaju

സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളെ ചിലർ ചൂഷണം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി സീരിയൽ താരം ഡോ. ഷാജു. ഒരു വർഷം മുൻപുണ്ടായ ദുരനുഭവമാണ് ഷാജു ഒരഭിമുഖത്തിനിടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. 

‘ഒരു വർഷം മുൻപ് ഐഎഫ്എഫ്കെയുടെ സമയത്താണ് സംഭവം. സിനിമ കാണാൻ പോകുംവഴി എന്റെ വണ്ടിയില്‍ മറ്റൊരു വണ്ടി തട്ടി. വണ്ടിയിൽ നിന്നിറങ്ങിച്ചെന്നു. മുന്നിലിരിക്കുന്ന രണ്ട് പുരുഷന്മാർ മദ്യപിച്ചിരുന്നതായി തോന്നി. 'മദ്യപിച്ചിട്ടുണ്ടോ, നിങ്ങൾക്ക് കണ്ണ് കാണില്ലേ' എന്ന് ചോദിച്ചു. അപ്പോഴാണ് പിൻസീറ്റില്‍ ഒരു പെൺകുട്ടിയെ കണ്ടത്. കുടുംബമായി യാത്ര ചെയ്യുകയാവും എന്ന് കരുതി അവിടെവെച്ച് സംസാരിക്കേണ്ട എന്ന് തീരുമാനിച്ചു. വിഷയം പൊലീസ് സ്റ്റേഷനിലെത്തി.

''പൊലീസ് സ്റ്റേഷനിൽ പരാതി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പരിചയമുള്ള ഒരു പൊലീസുകാരൻ അടുത്തുവന്ന് വണ്ടിക്ക് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന് ചോദിച്ചു. 5000 രൂപയുടെ പണിയുണ്ടാകും എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഈ കേസ് വേണ്ടെന്ന്. അപ്പോൾ കാര്യം മനസ്സിലായില്ല. പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്.

''സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ ആ പെൺകുട്ടിയെക്കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയായിരുന്നു വണ്ടിയിലുണ്ടായിരുന്ന ആളുകൾ. വണ്ടി തട്ടിയപ്പോൾ ദേഷ്യപ്പെട്ട ഞാൻ അവരുടെ വണ്ടിയുടെ ഡോർ തുറന്ന് പെൺകുട്ടിയെ അസഭ്യം വിളിച്ചെന്നാണ് പരാതി. ആ പരാതി പൊലീസ് സ്വീകരിച്ചാൽ ഞാൻ പ്രതിയാകും. എനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും. 

‘‘പിന്നെ എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. വളരെ ഇളിഭ്യനായി ഞാൻ സ്റ്റേഷനിൽ നിന്നിറങ്ങിപ്പോന്നു. സംരക്ഷണം നൽകുന്ന നിയമങ്ങളെ എത്ര മോശമായാണ് വളച്ചൊടിക്കുന്നത്. പിന്നീട് പ്രതികരിക്കാൻ തന്നെ ഭയമായി, സ്ത്രീ പീഡനക്കേസില്‍ അകത്തുപോകേണ്ടി വരും എന്ന ഭയമാണിപ്പോൾ’’– ഷാജു പറയുന്നു.