Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഞാൻ കാത്തിരുന്ന തിരിച്ചു വരവ്: ധന്യ മേരി വർഗീസ്

ഇത് ഞാൻ ഏറെ കാത്തിരുന്ന തിരിച്ചു വരവ്: ധന്യ മേരി വർഗീസ്

മലയാളത്തിന്റെ പ്രിയപ്പെട്ട താരം ധന്യ മേരി വർഗീസ് സിനിമകളിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹം. അതിനുശേഷം ധന്യ ഒരു ഇടവേള എടുത്തു. കുറച്ചു കാലം കാമറക്കണ്ണുകളിൽ നിന്നു മാറി നിന്ന ധന്യ വീണ്ടും അഭിനയ ലോകത്ത് സജീവമാവുകയാണ്. മെഗാ സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ധന്യയുടെ തിരിച്ചു വരവ്. മാസത്തിലെ 15 ദിവസം ഷൂട്ടിങ്ങിനായും 15 ദിവസം മകനും ഭർത്താവിനുമൊപ്പം ചെലവഴിക്കാനും മാറ്റി വച്ചിരിക്കുകയാണ് ധന്യ. തിരിച്ചു വരവിൽ അഭിനയരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കണം, നൃത്തരംഗത്ത് സജീവമാകണം എന്നിങ്ങനെ ധന്യയുടെ മനസ്സിലെ ലക്ഷ്യങ്ങൾ നിരവധിയാണ്.

മടങ്ങി വരവ്

ഇത്ര വേഗത്തിൽ മടങ്ങി വരാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. അഭിനയസാധ്യതകൾ ഏറെയുള്ള ഒരു വേഷം ലഭിച്ചതിന്റെ  ത്രില്ലിലാണ്. സീത എന്ന കഥാപാത്രം വളരെ ഇമോഷനൽ ആണ്. കഥാപാത്രവും സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് സീരിയലിന്റെ ഇതിവൃത്തം. അവരുടെ പ്രശ്നങ്ങളിലൂടെ സീരിയൽ കടന്നു പോകുന്നു. തുടക്കത്തിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർ കഥാപാത്രത്തെ ഏറ്റെടുത്തു. ഇപ്പോൾ പതിന്മടങ്ങ് ആത്മവിശ്വാസത്തോടെ കഥാപാത്രത്തോട് ഇഴകി ചേർന്നാണ് അഭിനയിക്കുന്നത്.

ധന്യയും സീരിയലിലെ സീതയും 

സ്നേഹിക്കുന്നവർക്കു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുന്ന, സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കുന്ന വ്യക്തിയാണ് സീത. ജീവിതത്തിൽ ഞാനും അതുപോലെയാണ്. കുടുംബത്തിനും പ്രിയപ്പെട്ടവരുടെ സന്തോഷത്തിനുമാണ് മുൻ‌തൂക്കം നൽകുന്നത്. ജീവിതത്തിൽ നിരവധി പ്രശ്നങ്ങളെ കരുത്തോടെ നേരിടുന്നവളാണ് സീത. ഈ സീരിയലിലെ പല സീനുകളും അഭിനയിക്കുമ്പോൾ, ഞാൻ കടന്നു വന്ന എന്റെ വ്യക്തി ജീവിതം തന്നെയാണ് ഓർമ വരിക. പ്രശ്നങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിടുന്ന ഈ കഥാപാത്രം അതുകൊണ്ട് തന്നെയാണ് എനിക്ക് പ്രിയപ്പെട്ടതാകുന്നു. 

ഇടവേള മകനു വേണ്ടി

ആ ഇടവേളയിൽ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഷൂട്ടിങ് ദിനങ്ങളാണ്. അഭിനേത്രി ആയിരുന്ന വ്യക്തിക്ക് അഭിനയമല്ലാതെ മറ്റൊരു പ്രഫഷനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മകൻ വലുതാകുന്നത് വരെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കാനാണ് തീരുമാനിച്ചത്. എത്രയും വേഗം അഭിനയത്തിലേക്കു മടങ്ങിയെത്തണം എന്ന് ആഗ്രഹിച്ചിരുന്നു. അതുപോലെത്തന്നെ നല്ലൊരു കഥാപാത്രത്തിലൂടെ എനിക്ക് അഭിനയത്തിൽ സജീവമാകാൻ സാധിച്ചു. 

dhanya-john

ലൊക്കേഷൻ വിശേഷങ്ങൾ

സിനിമ ചെയ്യുന്ന കാലത്തും ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്നത് ലൊക്കേഷൻ ദിനങ്ങളായിരുന്നു. രാവിലെ ഏഴിന് ലൊക്കേഷനിൽ എത്തിയാൽ പിന്നെ ഒരു കുടുംബം പോലെയാണ്. കളിയും ചിരിയും ഷൂട്ടിങ്ങുമായി വളരെ ആസ്വദിച്ചാണ് 15 ദിവസങ്ങൾ പോകുന്നത്. ഈ ദിവസങ്ങളിൽ മകൻ ജൊഹാൻ അടുത്തുണ്ടാകില്ല എന്നതു മാത്രമാണ് വിഷമം. 

മകൻ അമ്മയെ മിസ് ചെയ്യുന്നോ?

തീർച്ചയായും. ജൊഹാന് ഇപ്പോൾ അഞ്ചു വയസ്സായി. അവൻ കൂത്താട്ടുകുളത്തെ എന്റെ അമ്മവീട്ടിലാണുള്ളത്. ഷൂട്ടിങ് നടക്കുന്നത് തിരുവനന്തപുരത്തെ പേയാട് എന്ന സ്ഥലത്താണ്. അതിനാൽ ദിവസവും അവന്റെ അടുത്തേക്കു തിരിച്ചെത്താൻ കഴിയില്ല. രാവിലെ 7ന് തുടങ്ങി രാത്രി വരെ ഷൂട്ട് നീളും. ഈ 15 ദിവസങ്ങളിൽ തിരുവനന്തപുരത്താണ് താമസം. ഞാൻ തിരിച്ചെത്തുന്ന തീയതി കലണ്ടറിൽ അടയാളപ്പെടുത്തി കാത്തിരിക്കും ജൊഹാൻ. ഷൂട്ട് കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള ദിനങ്ങളത്രയും അവനു വേണ്ടി മാത്രമുള്ളതാണ്. ഇപ്പോൾ ‍ഞാനഭിനയിക്കുന്ന സീരിയൽ കാണലാണ് കക്ഷിയുടെ പ്രധാന ഹോബി. ഞാൻ അടുത്തുണ്ടെന്ന അവനപ്പോൾ തോന്നും. 

പ്രഫഷനും കുടുംബവും ഒന്നിച്ച് കൊണ്ടുപോകാൻ

മകന്റെ കാര്യത്തിലാണ് ഏറ്റവും വലിയ ടെൻഷൻ. എന്നാൽ ഞാൻ വിചാരിച്ചതിനേക്കാൾ വേഗത്തിൽ അവൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. എന്റെ അമ്മയുടെ കൂടെ അവൻ സന്തോഷമായി 15  ദിവസങ്ങൾ ചെലവഴിക്കുന്നു. ഭർത്താവും കുടുംബവും പൂർണ്ണ പിന്തുണയാണ് നൽകുന്നത്. എല്ലാകാര്യങ്ങളും തുറന്നു സംസാരിച്ച് തീരുമാനങ്ങൾ എടുക്കും. ഞാൻ വീട്ടിൽ നിന്നു മാറി നിൽക്കുകയാണ് എന്ന് അവർക്കോ എനിക്കോ തോന്നാത്തവിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങൾ

ഷൂട്ട് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എങ്കിൽ ധാരാളം ഉറങ്ങും. ഉച്ചവരെ വേണമെങ്കിൽ ഉറങ്ങും. പിന്നെ ധാരാളം പാട്ടുകൾ കേൾക്കും. ഷൂട്ടിങ് തിരക്കുമൂലം കാണാതെ പോയ പുതിയ സിനിമകൾ കാണും. ഭർത്താവിനും മകനും ഒപ്പം ചെലവഴിക്കും. അവർക്കു വേണ്ടി പാചകം ചെയ്യും, പുറത്തു പോകും, ഷോപ്പിങ് നടത്തും, മകന്റെ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കും, അടുത്ത ഷെഡ്യൂളിലേക്കു വേണ്ട വസ്ത്രങ്ങൾ തയ്പ്പിക്കും. അങ്ങനെയാണ് ആ ദിവസങ്ങൾ ചെലവിടുക. 

സീതയുടെ വ്യത്യസ്തമായ വസ്ത്രധാരണം

കഥാപാത്രത്തിന്റെ സ്വഭാവം പോലെ വ്യത്യസ്തമായ ഔട്ട്ലുക്ക് നൽകുന്നതായിരിക്കണം വസ്ത്രധാരണമെ‌ന്ന് ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപേ പറഞ്ഞിരുന്നു. ആ ഒരു ചിന്ത മനസ്സിൽ വച്ചാണ് വസ്ത്രങ്ങൾ വാങ്ങിയത്. ഭർത്താവാണ് ഇപ്പോഴും ഷോപ്പിങ്ങിനായി കൂടെ വരുന്നത്. ഏത് വസ്ത്രമായാലും ഞങ്ങൾ ഒരുമിച്ചാണ് തെരഞ്ഞെടുക്കുന്നത്. 

തിരിച്ചു വരവിൽ  കൂടുതൽ സുന്ദരി

വിവാഹശേഷം ശരീരഭാരം നന്നായി കൂടിയിരുന്നു. പ്രസവത്തോടെ പിന്നെയും വർധിച്ചു. ഒരിക്കൽ എന്റെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ഒന്നിച്ചു കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി. എങ്ങനെ ഇത്ര തടിച്ചുവെന്ന് ഞാൻ തന്നെ ചോദിച്ചു പോയി. പിന്നെ ഭക്ഷണത്തിനു നിയന്ത്രണം കൊണ്ടുവന്നു. വർക്ക്ഔട്ട് ചെയ്തു. അങ്ങനെ 10 കിലോ കുറച്ചു. സീരിയലിനു വേണ്ടിയല്ല ഭാരം കുറച്ചത്. എന്നാൽ സീരിയലിൽ അത് ഗുണകരമായി.

ഡയറ്റും വർക്ക്ഔട്ടും 

കൃത്യമായി ഇത്ര മണിക്കൂർ വർക്ക്ഔട്ട് ചെയ്യും എന്ന നിർബന്ധമൊന്നുമില്ല. സമയം ലഭിക്കുമ്പോഴെല്ലാം വർക്ക്ഔട്ട് ചെയ്യും. ആ അവസരങ്ങളിൽ പൂർണമായി അതിൽ തന്നെ ശ്രദ്ധിക്കും. ഭക്ഷണം നന്നായി നിയന്ത്രിക്കുന്നുണ്ട്. വാരിവലിച്ച് തിന്നുന്ന സ്വഭാവമില്ല. ഫാറ്റി ഫുഡ് വളരെക്കുറച്ചേ കഴിക്കൂ. ധാരാളം വെള്ളം കുടിക്കും, പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കും. 

ഭാവി പദ്ധതികൾ 

അഭിനയത്തിൽ നിന്നു വിട്ടുനിന്ന കാലത്ത് പുതിയ കുട്ടികൾ ചെയ്യുന്ന കഥാപാത്രങ്ങൾ കണ്ട് അത്തരമൊന്ന് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ അഭിനയത്തിലേക്കു തിരിച്ചെത്തി. ഇനി നല്ല കഥാപാത്രങ്ങൾ ചെയ്യുക, നൃത്ത പരിശീലനം മുന്നോട്ടു കൊണ്ടു പോവുക എന്നെല്ലാമാണ് ലക്ഷ്യങ്ങൾ. കുടുംബത്തിന്റെയും പ്രത്യേകിച്ച് മകന്റെയും കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.  പ്രഫഷനും കുടുംബവും ഒന്നിച്ചു മുന്നോട്ടു കൊണ്ടു പോകണം.