Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷബ്നയെ കാണാതായിട്ട് 4 മാസം; വേദനയോടെ കുടുംബം

shanbana-missing-case-no-evidenceafter-four-months

നീരാവിൽ സ്വദേശി ഷബ്നയുടെ (18) തിരോധാനത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം. മകളെ കാണാതായിട്ട്  നാലു മാസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിന്റെ വേദനയിൽ നീറുകയാണ് ഈ കുടുംബം. തൃക്കടവൂര്‍ നീരാവില്‍ ചിറയില്‍ ഇബ്രാഹിം കുട്ടി  റജീല ദമ്പതികളുടെ മകളാണ് ഷബ്ന. നിര്‍ധനരായ ഈ  കുടുംബത്തിന്റെ ഏക പ്രതീക്ഷ. 

ജൂലൈ 17നു പിഎസ്‌സി കോച്ചിങ് സെന്ററിലേക്കെന്നു പറഞ്ഞു നീരാവിലിലെ വീട്ടിൽ നിന്ന് പോയ ഷബ്നയെയാണ് പിന്നീട് കാണാതായത്. പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ  കൊല്ലം ബീച്ചില്‍ നിന്ന് ഷബ്നയുടെ ബാഗ് കണ്ടെടുത്തു. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തെങ്കിലും പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇയാൾ വാങ്ങി നൽകിയതെന്നു പറയുന്ന മൊബൈൽ ഫോൺ വീടിന്റെ ഷെയ്ഡിനു മുകളിൽ ഉപേക്ഷിച്ചാണ് ഷബ്ന അന്ന് വീട്ടിൽനിന്നു പോയത്. കാണാതായ ദിവസവും ഈ ഫോണിൽനിന്ന് യുവാവിനെ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യം നുണപരിശോധനയ്ക്ക് തയാറാണെന്നു പൊലീസിനോടു പറഞ്ഞ യുവാവ് കോടതിയിലെത്തിയതോടെ നിലപാട് മാറ്റി. യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നെങ്കിലും കൂടുതലായൊന്നും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ഇക്കാലയളവിനിടയിൽ അന്വേഷണസംഘത്തെ മാറ്റിയെങ്കിലും ഷബ്ന എവിടെയെന്ന ചോദ്യം ബാക്കിയായി.

ഷബ്നയുടെ തിരോധാനം മാസങ്ങള്‍ പിന്നിട്ടതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മനുഷ്യവകാശ കമ്മിഷൻ, മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർക്കു പരാതി നല്‍കി. ലോക്കല്‍ പൊലീസ് പരാജയപ്പെട്ടതോടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍  കേസന്വേഷിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്‍റെ ആവശ്യം. ഷബ്ന മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടരുകയാണ് ഇബ്രാഹിമും കുടുംബവും.