Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സറിയാത്ത കാര്യങ്ങൾക്കു ഞാൻ ക്രൂശിക്കപ്പെടുന്നു: ഷാനവാസ്

മനസ്സറിയാത്ത കാര്യങ്ങൾക്കു ഞാൻ ക്രൂശിക്കപ്പെടുന്നു: ഷാനവാസ്

ഉമ്മച്ചി ഊരിക്കൊടുത്ത സ്വർണവള പണയം വച്ചു കിട്ടിയ കാശുമായി ഒരു ചാക്ക് നിറയെ സ്വപ്നങ്ങളും തലയിലേറ്റി മദ്രാസിലേക്കു വണ്ടി കയറിയ ഒരു ചെറുപ്പക്കാരൻ. എട്ടാം വയസ്സിൽ ഉപ്പയെ നഷ്ടപ്പെട്ടവനു തന്റെ സ്വപ്നങ്ങൾക്കൊപ്പം, മൂത്തുമ്മയും ഉമ്മയും രണ്ട് അനിയത്തിമാരും ഉൾപ്പെടുന്ന കുടുംബത്തെ കര കയറ്റുക എന്നൊരു വലിയ കടമ കൂടി ഉണ്ടായിരുന്നു. പറഞ്ഞു വരുന്നത് ഷാനവാസിനെ കുറിച്ചാണ്. പ്രേക്ഷകർക്കു ഷാനവാസ് രുദ്രനും ഇന്ദ്രനുമാണ്. അടുപ്പക്കാർക്ക് ഷാനുവും. ഷാനവാസിന്റെ വിശേഷങ്ങളിലൂടെ...

ജീവിതം ഒരു പോരാട്ടം ആയിരുന്നു അല്ലേ ?

തീർച്ചയായും. കഷ്ടപ്പെട്ടും ഒരുപാട് കരഞ്ഞുമാണ് ഇവിടെ വരെ എത്തിയത്. അഭിനയം ആയിരുന്നു ജീവിത ലക്ഷ്യം. അതിനു വേണ്ടി പട്ടിണി കിടന്നു, പോരാടി. ഒരൊറ്റ അഭിമാനം മാത്രം. അവസരത്തിനു വേണ്ടി ആരുടെയും കാലു പിടിച്ചിട്ടില്ല. നട്ടെല്ല് വളച്ചിട്ടില്ല. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഉപ്പ സെയ്ദിന്റെ അപ്രതീക്ഷിത മരണം. ഗൾഫിൽ ആയിരുന്ന ഉപ്പ ഹൃദയാഘാതം വന്നായിരുന്നു മരിച്ചത്. അതോടെ ഉമ്മയും അനിയത്തിമാരും ഉപ്പയുടെ ഉമ്മയും അടങ്ങുന്ന കുടുംബത്തിൽ മുഴുവൻ ഉത്തരവാദിത്തം പതിമൂന്ന് വയസ്സുകാരനായ എന്റെ ചുമലിലായി.

പിന്നീടുള്ള ജീവിതം?

കണ്ണീരും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ജീവിതം. ബി.കോം വരെ പഠിച്ചു. പിന്നെ പഠനം നിർത്തി. പഠിക്കാൻ മോശമായിട്ടോ ആഗ്രഹം ഇല്ലാഞ്ഞിട്ടോ അല്ല. അനിയത്തിമാരുടെ പഠിപ്പും ഭാവിയും ആയിരുന്നു പ്രധാനം. ഉമ്മച്ചിയുടെ കണ്ണുനീർ തോരണം. വീട് ഒരു കരയ്ക്ക് എത്തിക്കണം. ഉപ്പ ആശിച്ചു മോഹിച്ചു വച്ച വീടിന്റെ കടം മാത്രം ഒരുപാട് ഉണ്ടായിരുന്നു. ബി.കോമിനു പഠിക്കുമ്പോൾ ഞാൻ രാത്രി ഓട്ടോ ഓടിക്കാൻ പോകുമായിരുന്നു.

ആദ്യ സീരിയേലിലേക്ക്

shanavas (1)

ഒരു പെരുന്നാൾ കാലത്താണ് ആ വിളി വരുന്നത്. ഇന്ദ്രനീലം എന്ന സീരിയലിലേക്ക്. നിത്യാദാസിന്റെ നായകനായി ഉണ്ണി എന്ന കഥാപാത്രം. പതിവ് സീരിയൽ കഥാപാത്രങ്ങൾക്ക് അപ്പുറം ആക്ഷൻ ഹീറോ ആയിരുന്നു ഉണ്ണി. അത് ക്ലിക്കായി. ഞാനും അറിയപ്പെടുന്ന ഒരു നടനായി. മുൻപ് അവസരം തേടി ചെന്നൈയിൽ ഒരു പാട് അലഞ്ഞിട്ടുണ്ട്. ഒരു തമിഴ് സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.

ഉമ്മച്ചിയുടെ ഒരേ ഒരു സ്വർണ്ണവള മാത്രമായിരുന്നു അക്കാലത്തെ ഏക ആശ്രയം. എപ്പോഴും അതു പണയം വയ്ക്കും. ഉമ്മച്ചി ചിരിച്ചുകൊണ്ട് ഊരിത്തരും. ഒരുപാട് അലഞ്ഞു, ഒരു പാട് കരഞ്ഞു. അതിനു പടച്ചവൻ തന്ന സമ്മാനമാണ് ഈ ജീവിതം. ഇന്ദ്രനീലത്തിനു ശേഷം ‘കുങ്കുമപ്പൂവ്’ എന്ന മെഗാഹിറ്റ്സീരിയലിലെ രുദ്രൻ എന്ന കഥാപാത്രം. പിന്നീട് ‘സീത‌’യിലെ ഇന്ദ്രൻ വരെ കുറെ സീരിയലുകൾ.

മലയാള മിനി സ്ക്രീൻ രംഗത്ത് നിരവധി ആരാധകർ

എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ എന്നു പറയാനാണ് എനിക്ക് ഇഷ്ടം. ഒരു പ്രോജക്ടിന്റെ വിജയത്തിനു പിന്നിൽ ഒരുപാട് പേരുടെ അധ്വാനമുണ്ട്. എല്ലാവരോടും നന്ദിയും സ്നേഹവും മാത്രം.

ജീവിതം ഇപ്പോൾ

ജീവിതത്തിലെ ഏറ്റവും  വലിയ സങ്കടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്. ഉമ്മ മൈനുനയുടെ രണ്ടു വൃക്കകളും തകരാറിലാണ്. ഒരാഴ്ച മൂന്ന് ഡയാലിസിസ് വേണം. മകനു വേണ്ടി ജീവിതം മാറ്റിവച്ച എെന്റ ഉമ്മയേയും കൊണ്ട് ആശുപത്രികൾ കയറിയിറങ്ങുകയാണ് ഞാൻ.

ഇതിനിടയിലും ചിലത് തുറന്നു പറയട്ടെ. ഈ വേദനയിൽ ഞാൻ നീറി നിൽക്കുമ്പോഴാണ് ചിലരുടെ ദയ ഇല്ലാത്ത ആക്രമണങ്ങൾ. മനസ്സറിയാത്ത കാര്യങ്ങൾക്കു ഞാൻ ക്രൂശിക്കപ്പെടുന്നു. ഒരു പാട് പേർ ഇല്ല. ഒരു വ്യക്തി. അയാൾ സൃഷ്ടിച്ച തെറ്റിദ്ധാരണയുടെ പുറത്താണു ഞാൻ ആ സീരിയലിൽ നിന്നു പുറത്തായത്. പക്ഷേ, ഞാൻ നിരപരാധി ആണെന്നു കാലം തെളിയിക്കും എന്ന് ഉറപ്പുണ്ട്.

കുടുംബം

വിവാഹിതനാണ്. ഭാര്യ സോന. രണ്ടു മക്കൾ. ഇബ്നു ഷാൻ, നെസ്മി ഷാൻ