Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻസിയുമായുള്ള കെമിസ്ട്രിയ്ക്കു പിന്നിൽ; ആഡിസ് മനസ്സ് തുറക്കുന്നു

nayika-nayakan-fame-addis-antony-interview

മഴവിൽ മനോരമയിലെ നായികാ നായകനിലൂടെ മലയാളികളുടെ സ്വീകരണമുറിയിലേക്കു കടന്നു വന്നയാളാണ് ആഡിസ്. മുറി മലയാളവുമായായി വന്ന ആ പയ്യൻ പിന്നീട് മലയാളികളുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു. പൊട്ടിച്ചിരിക്കുന്ന, ധാരാളം സംസാരിക്കുന്ന ( ആഡിസിന്റെ ഭാഷയിൽ ചളപള സംസാരിക്കുന്ന) എന്തും ആസ്വദിക്കുന്ന, കേരളത്തിൽ ജനിച്ച് മഹാരാഷ്ട്രയിൽ വളർന്ന് അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ഒരുവൻ. മലയാളം ശരിക്ക് അറിയില്ലെന്നത് ആഡിസിന്റെ പ്രകടനത്തെ ബാധിച്ചില്ല, ഷോയിലെ ഫൈനലിസ്റ്റായി.

ആഡിസും മറ്റൊരു മത്സരാർഥിയായ വിൻസിയും ചേർന്ന് അഭിനയിച്ച പ്രേമം റൗണ്ട് കേരളക്കരയിലാകെ തരംഗമായി. സിനിമാ ജീവിതത്തിനു തുടക്കമിടാൻ ഒരുങ്ങുന്ന ആഡിസ് തന്റെ ജീവിത്തെക്കുറിച്ചും ക്രിസ്മസ് ഓർമകളെക്കുറിച്ചും മനോരമ ഓൺലൈനോടു സംസാരിക്കുന്നു. 

എന്നെ ഞാനാക്കിയ നായികാ നായകൻ 

നായികാ നായകൻ എല്ലാ മത്സരാർഥികൾക്കും ഒരു ഐഡിന്റിറ്റി ഉണ്ടാക്കി കൊടുത്ത ഷോയാണ്. ഞങ്ങളെയെല്ലാം സ്വന്തം വീട്ടിലെ കുട്ടി എന്ന പോലെ തോന്നുമായിരുന്നു, അതാണ് ആ ഷോയുടെ ഏറ്റവും വലിയ വിജയം. പുറത്തു പോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നു, ഒരുപാട് പരിചയമുള്ള ആളെ പോലെ സംസാരിക്കുന്നു, എന്നെ ഇഷ്ടമാണെന്നു പറയുന്നു – അതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നും. പ്രേമം റൗണ്ട് നല്ല ഹിറ്റായിരുന്നു, പ്രത്യേകിച്ചു മലബാർ ഭാഗത്ത്, അവിടെയുള്ളവർക്ക് ഒരു പ്രത്യേക സ്നേഹമാണ്. ഇതിനൊക്കെ അർഹതയുണ്ടോ എന്ന് ചില സമയത്തു തോന്നും. ഇതിനെല്ലാം എന്ത് തിരിച്ചുകൊടുക്കാനാവുമെന്നും ആലോചിക്കും. 

മഴവിൽ കുടുംബത്തിലെ പരിപാടികളിൽ അതിഥികളായി ഞങ്ങളെ ക്ഷണിക്കും, ലാൽ ജോസ് സാറിന്റെ സെറ്റിൽ പൊകും, അവിടെ മക്കളെ പോലെയാണ് സാർ ഞങ്ങളെ പരിഗണിക്കുക. തട്ടിൻപുറത്തെ അച്യുതൻ സിനിമയുടെ സെറ്റില്‍ പോയപ്പോൾ വിജയരാഘവൻ സാർ ക്ലാസെടുത്തു. അതൊക്കെ എത്ര ഭാഗ്യമുള്ള കാര്യങ്ങളാണ് – ഒരു സ്വപ്ന ലോകം പോലെ. എല്ലാവരേയും വളരെയേറെ മിസ്സ് ചെയ്യുന്നുണ്ട്. 

addis-antony-akkare (2)

എന്നെ ഷോയ്ക്കു വേണ്ടി നന്നാക്കി എടുത്തത് ഷോയുടെ ഡയറക്ടർ എബ്രഹാം ചുങ്കത്താണ്. എന്നെ ഒരു അനിയനെ പോലെ അദ്ദേഹം നോക്കി. പ്രേമം റൗണ്ടിനുശേഷമാണ് പലർക്കും എന്നോടു കൂടുതൽ  ഇഷ്ടം തോന്നിത്തുടങ്ങിയത്. സത്യത്തിൽ അത് എന്നോടല്ല, ആ കഥാപാത്രത്തോടു തോന്നിയ ഇഷ്ടമാണ്. പ്രേമം റൗണ്ടിന്റെ എല്ലാ അഭിനന്ദനങ്ങളും ഡയറക്ടർ സാറിനും തിരക്കഥാകൃത്തിനുമുള്ളതാണ്. ഞാൻ അതിലെ ഒരു കഥാപാത്രം മാത്രം. അവര്‍ തന്ന സംഭാഷണങ്ങൾ പറഞ്ഞു അത്രയേ ഉള്ളൂ. ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചു ആ പ്രകടനത്തിന്, അതിനെല്ലാം ദൈവത്തിനോടു നന്ദി പറയാനേ പറ്റൂ.

ഏറെ ചിരിപ്പിച്ച മലയാളം

മലയാളം അറിയാത്തത് ഒരിക്കലും ഒരു പോരായ്മയായി കരുതിയിരുന്നില്ല. അല്ലെങ്കിൽ അങ്ങനെ കാണിച്ചിരുന്നില്ല. ഞാൻ പറയുന്ന മലയാളം കേട്ടിട്ട് ഞാൻ തന്നെ ചിരിക്കുകയായിരുന്നു. അതുകൊണ്ട് മുന്നിലിരിക്കുന്ന ആളുകൾ ചിരിച്ചാലും അവർക്കൊപ്പം എനിക്കും ചിരിക്കാനാവുമായിരുന്നു. എന്റെ തെറ്റുകൾ ഞാൻ ആസ്വദിക്കുകയായിരുന്നു. ഞാൻ പറഞ്ഞത് ആലോചിച്ചിട്ടായിരുന്നു പലപ്പോഴും ഷോയ്ക്കിടയിൽ ‌ചിരിച്ചിരുന്നത്. പറഞ്ഞതിനുശേഷം തെറ്റി എന്നു കരുതി ദുഃഖിച്ചിരുന്നിട്ടു കാര്യമില്ലല്ലോ. 

മലയാളം കുറേയൊക്കെ ഇവിടെ വന്നിട്ടു പഠിച്ചതാണ്. ഇതെല്ലാം തേജസ്സ്, വെങ്കി, വിശ്വ, മീനാക്ഷി ഇവരോടൊക്കെ സംസാരിച്ചു പഠിച്ചതാണ്. പിന്നെ വീട്ടിൽ പാചകത്തിന് ഒരു അമ്മാമ്മ ഉണ്ടായിരുന്നു. ആ അമ്മാമ്മ മലയാളം പഠിപ്പിക്കും. മണിചേട്ടന്റെ പാട്ടുകൾ പഠിപ്പിക്കും. അങ്ങനെ പതുക്കെ പഠിച്ചതാണ്. ഇപ്പോൾ മലയാളം ട്യൂഷ്യനു പോകുന്നുണ്ട്. 

ആഡിസ്– വിൻസി കെമിസ്ട്രി

വിൻസി വളരെ മികച്ചൊരു അഭിനേത്രിയാണ്. അവൾ ആരുടെ കൂടെ അഭിനയിച്ചാലും അങ്ങനെ ഒരു കെമിസ്ട്രി ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. നല്ല അഭിനേതാക്കൾക്കു നല്ലൊരു സ്ക്രിപ്റ്റ് നൽകി സംവിധാനം ചെയ്താൽ അത് ക്ലിക് ആകും. അവർ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്നു തോന്നും. സത്യത്തിൽ പ്രേമം റൗണ്ടിൽ ഞാൻ അഭിനയിച്ചിട്ടൊന്നുമില്ല. കൂളിംങ് ഗ്ലാസ് വെച്ചിട്ട് വിൻസി പറഞ്ഞതിനു മറുപടി പറഞ്ഞു എന്നുമാത്രം. 

ഷൂട്ടിനു മുൻപത്തെ ദിവസം എത്ര നല്ലതായാലും മോശമായാലും ഡയറക്ടർ സ്റ്റാർട്ട് കാമറ ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ എല്ലാം മറന്ന് അഭിനയിക്കണം. അഭിനയിക്കുന്നത് അഭിനയമാണെന്നു തോന്നാൻ പാടില്ല. വിശ്വ നന്നായി അഭിനയിക്കും. വെങ്കി നന്നായി അഭിനയിക്കും. ഞാന്‍ അഭിനയം പഠിക്കുന്നതേ ഉള്ളൂ. 

ഒരുപാട് കഴിവുള്ളവര്‍ നമുക്ക് ചുറ്റിലുമുണ്ട്. നായികാ നായകനിൽ തന്നെ അവസരം കിട്ടാതെ പോയവരിൽ ഒരുപാട് കഴിവുള്ള നിരവധി പേരുണ്ട്. ആ ദിവസം അവർക്കു മോശമായതുകൊണ്ട് അവസരം ലഭിക്കാതെ പോയതാകാം. അതുപോലെ അഭിനേതാക്കൾക്കു നൽകുന്ന പ്രാധാന്യം തിരക്കഥാകൃത്തുക്കൾക്കും സംവിധായകർക്കും  നൽകണമെന്നാണ് എനിക്കു തോന്നിയിട്ടുളളത്.

വർക്ക് ഔട്ട്, ആഗ്രഹമുണ്ട് പക്ഷേ... 

നാട്ടിൽ കല്യാണ പാർട്ടികൾ വിളിക്കും. ബെർത്ത് ഡേയ്ക്കു വിളിക്കും. അതിനൊക്കെ പോയി കഴിഞ്ഞാൽ പിന്നെ ഭക്ഷണം കഴിക്കാതിരിക്കാൻ പറ്റില്ല. സ്നേഹത്തെടെ നിർബന്ധിക്കും. ഞാൻ എല്ലാം കഴിക്കും. അതല്ലെങ്കിൽ അവരൊക്കെ വിചാരിക്കും ‘ജാഡ’ ആയി എന്ന്. ജിമ്മിനൊക്കെ പോയി തുടങ്ങിയിട്ടുണ്ട്. എനിക്ക് ഫിറ്റായിരിക്കണം. വീട് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പപ്പ ഒരു കുളം പണിതിട്ടുണ്ട്. കുളി ഇപ്പോൾ അതിലാണ്.

ഈ മാസ് ചിരി...

ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും അപ്പൊ എന്തായാലും ചിരിച്ച് മരിക്കാം. ജീവിതം ആസ്വദിച്ചു തീർക്കാം. കുറച്ചു സമയമല്ലേ ഉള്ളൂ. എല്ലാം ആസ്വദിച്ചു ചെയ്യുക. നന്നായി കഷ്ടപ്പെടുക. കഷ്ടപ്പെട്ടു പ്രവൃത്തിച്ചാൽ എല്ലാവരും നല്ല നിലയിൽ എത്തുമെന്നാ എന്റെ വിശ്വാസം.

ക്രിസ്മസ് ഓർമകൾ

ചെറുതായിരുന്നപ്പോൾ രാത്രി കാരൾ ഗാനം പാടാൻ വേണ്ടി പോകുമായിരുന്നു. നല്ല മഞ്ഞുള്ള രാത്രികൾ. അന്ന് മഹാരാഷ്ട്രയിലായിരുന്നു. മീറജ് എന്ന ഗ്രാമം. അവിടെ ചെറിയൊരു മലയാളി സമാജം ഉണ്ടായിരുന്നു. ക്രിസ്ത്യൻ മലയാളം കുർബാന നടത്തുന്ന പള്ളിയിലായിരുന്നു പോയികൊണ്ടിരുന്നത്. അവിടെ രാത്രി നാലു മണി വരെയൊക്കെ പാടി നടക്കുമായിരുന്നു. എനിക്ക് അന്നും ഡാൻസും പാട്ടുമൊക്കെ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് മിക്കപ്പോഴും ഞാനായിരിക്കും സാന്താക്ലോസ്. രണ്ട് തലയിണ കെട്ടി, മാസ്കും ഡ്രസ്സും ഇട്ട് സാന്തയാവും. ഭയങ്കര ഉഷ്ണമായിരിക്കും. മൂന്നു ദിവസം സാന്ത ആയാൽ വിയർപ്പും തണുപ്പും കാരണം ആറു ദിവസം പനി പിടിച്ചു കിടക്കും. 

അമേരിക്കയിൽ ആയിരുന്നപ്പോൾ പാതിരാകുർബാനയ്ക്കു പോകുമായിരുന്നു. സെന്റ് പീറ്റേഴ്സ് പള്ളിയിൽ അല്ലെങ്കിൽ അപ്ടൗണിലെ സെന്റ് തോമസ് പള്ളിയിൽ പോകും. അവിടെ ഒരു മലയാളം കുർബാന ഉണ്ടാകും.  

ഇക്കുറി അടിച്ചു പൊളിക്കും 

ഇത്തവണ വീട്ടിലായിരിക്കും ക്രിസ്മസ്. ഞങ്ങൾ തറവാട്ടിലാണു താമസിക്കുന്നത്. വലിയ കുടുംബമാണ്. അമ്മാമ്മക്കു മുന്ന് ആൺകുട്ടികളും മൂന്നു പെൺകുട്ടികളുമാണ്. ഇത്തവണ വീട്ടിൽ എല്ലാവരും ഉണ്ടാകും. പാട്ടും കലാപരിപാടിയും അപ്പാപ്പന്റെയും അമ്മാമ്മയുടെയും കഥകളുമൊക്കെ ഉണ്ടാകും. ഇത്തവണ അടിച്ചു പൊളിക്കും ക്രിസ്മസ്. 

ആഡിസ് നായകനായി അഭിനയിച്ച മ്യൂസിക് വിഡിയോ അസുര

ആഗ്രഹങ്ങൾ

അപ്പനും അമ്മയ്ക്കും ഒരു ചീത്ത പേര് ഉണ്ടാകാതെ സിനിമാ ലോകത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ദേ അവന്റെ അപ്പനും അമ്മയും നടന്നു പോണൂ എന്ന് നല്ല അർഥത്തിൽ ആളുകൾ പറയണം. നല്ല സിനിമകളുടെ ഭാഗമാകണം. ദൈവം അനുഗ്രഹിച്ചാൽ ഇതെല്ലാം നടക്കും. വേറെയും കുറേ ആഗ്രഹിക്കാൻ പൈസ കൊടുക്കേണ്ടല്ലോ. അത്രയൊക്കേയുള്ളൂ. ബാക്കിയെല്ലാം സൂപ്പറായിട്ട് പോകുന്നു.