അംഗീകരിക്കേണ്ട, കുത്തി നോവിക്കരുത്; വൈറലായ ആ ‘ഡെലിവറി ബോയ്’ പറയുന്നു

shamanas
SHARE

കൊച്ചുമകന്റെ ചികിൽസാ ചെലവിനു പണം തികയാതെ മൊബൈല്‍ ഫോൺ വിൽക്കാൻ നടന്ന സ്ത്രീയെ സഹായിച്ചത് സമൂഹമാധ്യമത്തിലൂടെ ഷംനാസ് എന്ന യുവാവ് പങ്കുവെച്ചിരുന്നു. ആ നന്മയുടെ കഥ നിറകയ്യടികളോടെയാണു നവമാധ്യമങ്ങൾ വരവേറ്റത്. ആ കുറിപ്പ് നിരവധി പേർ വായിക്കുകയും പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ ഇതിനൊപ്പം കെട്ടുകഥ ഉണ്ടാക്കി കയ്യടി നേടാനുള്ള ശ്രമമെന്നുള്ള ആക്ഷേപവും ഷംനാസ് നേരിടുകയാണ്. ആ സഹായത്തെ മോശമായി ചിത്രീകരിച്ചുള്ള കമന്റുകളും സന്ദേശങ്ങളും  ലഭിക്കുന്നു.

ആ കുറിപ്പിൽ ആ സ്ത്രീക്ക് 40 വയസ്സും കൊച്ചു മകന് 18 വയസ്സും തോന്നിക്കും എന്ന് കുറിച്ചതാണു ചിലർ ചൂണ്ടിക്കാണിക്കുന്നത്. ആ ഫോൺ വാങ്ങി പണം നല്‍കിയതു പോലെയായി എന്ന കമന്റുകളുണ്ട്. നോവലിന്റെ ബാക്കി ചോദിച്ച് അപഹസിക്കുന്നവരുമുണ്ട്. ഒരാളെങ്കിലും ഇതു വായിച്ചു മറ്റൊരാളെ സഹായിച്ചാൽ അതു വലിയ കാര്യമല്ലേ എന്നു കരുതിയാണു ഇക്കാര്യം പോസ്റ്റ് ചെയ്തതെന്നും അതിന്റെ പേരിൽ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുമെന്നു കരുതിയില്ലെന്നും ഷംനാസ് മനോരമ ഓൺലൈനോടു പറഞ്ഞു. 

ഓണ്‍ലൈനിൽ ഓർഡർ ചെയ്ത ഉത്പന്നം ഡെലിവറി ചെയ്യാൻ തൊടുപുഴയിലുള്ള ഒരു ആശുപത്രിയിലെത്തിയതായിരുന്നു ഷംനാസ്. കാശും വാങ്ങി ഇറങ്ങുമ്പോഴായിരുന്നു റിസപ്ഷനിലിരിക്കുന്നവരുടെ മുമ്പിൽ മൊബൈൽ ഫോണുമായി നടക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്. കൊച്ചുമകനെയും കൊണ്ടു ആശുപത്രിയിലെത്തിയതായിരുന്നു അവർ. പണം തികയാത്തതിനാൽ കയ്യിലുള്ള ഫോണെടുത്ത് 1500 രൂപ തരണം എന്നായിരുന്നു ആവശ്യം. തൊടുപുഴ സ്റാൻഡിലുള്ള സുഹൃത്തിന്റെ കടയിൽ ചെന്നു മൊബൈൽ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആവശ്യപ്പെട്ട പണം ലഭിക്കില്ലെന്നു മനസ്സിലാക്കി ഷംനാസ് 500 രൂപ കടം വാങ്ങി തിരിച്ചു. അടുത്തുള്ള എടിഎമ്മിൽ നിന്നു തന്റെ അക്കൗണ്ടിലുള്ള 1300 രൂപയിൽ നിന്ന് 1000 എടുത്ത് ആശുപത്രിയിലെത്തി പണം നൽകുകയായിരുന്നു. മരുന്ന് വാങ്ങിച്ച് തൊടുപുഴ സ്റ്റാൻഡിൽ നിന്ന് വണ്ണപ്പുറം ബസിൽ കയറ്റി യാത്രയാകുമ്പോൾ ആ അമ്മ തന്നെ അനുഗ്രഹിച്ചു എന്നായിരുന്നു ഷംനാസിന്റെ കുറിപ്പ്.

പത്തുപേരെങ്കിലും ആ കുറിപ്പിനെ നല്ലതായി കരുതുന്നെങ്കിൽ അതുമതിയെന്നും ഈ ആരോപണങ്ങൾ കാര്യമാക്കുന്നില്ലെന്നുമാണ് ഷംനാസിന്റെ നിലപാട്. ‘‘ആ സ്ത്രീയെ കണ്ടപ്പോള്‍ എനിക്കു തോന്നിയ പ്രായമാണ് പോസ്റ്റിൽ കുറിച്ചത്. അല്ലാതെ സഹായം ചോദിക്കുന്ന ഒരാളോടു പ്രായം ചോദിക്കാനാവില്ലല്ലോ?. ഒരാൾ വിളിച്ച് എന്നോട് അവരുടെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. അവരുടെ നമ്പറോ വിലാസമോ ഒന്നും തന്നെ എന്റെ കയ്യിലില്ല എന്ന് പറഞ്ഞു. അതോടെ കഥകളുണ്ടാക്കി കാശുണ്ടാക്കാനാണു ഞാൻ ശ്രമിക്കുന്നത് എന്നായി അയാൾ.’’– ഷംനാസ് പറഞ്ഞു. 

തികച്ചും അഭിമാനിയാണ് അവർ എന്ന ഉത്തമ ബോധ്യം എനിക്കുള്ളതിനാലാണ് ആ ഫോൺ വാങ്ങിയതെന്നും അല്ലെങ്കിൽ അവർ പണം വാങ്ങില്ലെന്ന് ഉറപ്പായിരുന്നതായും ഷംനാസ് പറയുന്നു. ഇതിന്റെ പേരിൽ ആരുടെ കയ്യിൽനിന്നും ഒന്നും വാങ്ങിയിട്ടില്ലെന്ന് നേട്ടമുണ്ടാക്കുന്നു എന്ന ആരോപണങ്ങളോട് ഷംനാസ് പ്രതികരിക്കുന്നു. ആരേയും ഒന്നും ബോധിപ്പിക്കാനില്ലെന്നും എല്ലാം ദൈവത്തിനറിയാമെന്നും ആരോപണങ്ങളോടു പ്രതികരിച്ചു പോസ്റ്റു ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു. തനിക്കു ലഭിച്ച കമന്റുകളില്‍ ചിലതും കുറിപ്പിനൊപ്പം  പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

വളരെയധികം വിഷമത്തോടെ ആണ് ഇന്ന് ഈ പോസ്റ്റ് ഇടുന്നത് . ഇടണമോ എന്ന് കുറെ ചിന്തിച്ചതിനു ശേഷമാണു എഴുതുന്നത്...

കഴിഞ്ഞ ദിവസം ഡെലിവറി പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഞാൻ ഫേസ്ബുക് വഴി കുറിച്ചിരുന്നു... സഹായം അഭ്യര്ഥിക്കുന്നവരുടെ മുന്നിൽ നിസ്വാർഥം സേവിക്കാൻ ഒരാൾ എങ്കിലും മുന്നോട്ടുവരണം എന്ന ആഗ്രഹത്തോടെ ഞാൻ ചെയ്ത പോസ്റ്റിനു പ്രതീക്ഷക്കുമപ്പുറമുള്ള റീച് ആണ് കിട്ടിയത്. അനേകായിരങ്ങൾ വായിച്ചു ഷെയർ ചെയ്തു ലൈക് ചെയ്തുഎ അനേകം ഗ്രൂപ്പുകളിൽ ചർച്ചകൾ വന്നു പല പേജുകളും അത് റീപോസ്റ് ചെയ്തു... അനേകായിരങ്ങൾ ഫേസ്ബുക് വഴി സ്നേഹം അറിയിച്ചു. മനസ്സിന് ഉണ്ടായ സന്ദോഷത്തിനു അതിരില്ലായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി എന്റെപോസ്റ്റിനു കമന്റായും എനിക്ക് പേർസണൽ മെസ്സേജ് ആയും വന്ന ചിലപരാമര്ശങ്ങള് മനസ്സിന് വല്ലാതെ വിഷമം നൽകുന്നതാണ്.... എന്റെ പോസ്റ്റിനുള്ള ചോദ്യങ്ങൾക്കു മറുപടി തരാൻ ഞാൻ ബാധ്യസ്ഥനുമാണ്

1. ആ അമ്മയുടെ പ്രായം: 

എന്റെ മുന്നിൽ സഹായം ചോദിച്ച ആ അമ്മയുടെ പ്രായം എനിക്കറിയില്ല. ഒരു മധ്യവയസ്കയാകാം എന്ന് കരുതി എന്റെ അനുമാനത്തിനുള്ള ഒരു പ്രായമാണ് രണ്ടുപേർക്കും നൽകിയത്. ദുരുദ്ദേശപരമല്ലത്ത പോസ്റ്റ് ആയതിനാൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് psc question ചെയ്യുന്ന പോലെ മകന്റെ പ്രായവും അമ്മയുടെ പ്രായവുമൊന്നും ഞാൻ എഴുതി കൂട്ടിയില്ല

2) ഫോൺ വാങ്ങിയത്

തികച്ചും അഭിമാനിയാണ് അവർ എന്ന ഉത്തമ ബോധ്യം എനിക്കുള്ളത്കൊണ്ടാണ് ഞാൻ ആ ഫോൺ വാങ്ങിയത്. അല്ലാതെ അവർ ക്യാഷ് മേടിക്കില്ല. അവിടുണ്ടായിരുന്ന ഒരു മേലാളനും അവരെ തിരിഞ്ഞു നോക്കാതിരുന്ന സാഹചര്യത്തിലാണ് അവരെ ഞാൻ കണ്ടത്.

3 ) ഞാൻ നേട്ടമുണ്ടാക്കുന്നു

എന്റെ പോസ്റ്റ് വായിച്ച അനേകായിരങ്ങളിൽ ധാരാളം ആളുകൾ എന്റെ അക്കൗണ്ട് നമ്പർ ചോദിച്ചു. അനേകമാളുകൾ പണം ഓഫർ ചെയ്തു ലണ്ടനിൽ ഉള്ള ഒരു ചേട്ടൻ വിസ വരെ തരാമെന്നു മെസ്സേജ് ചെയ്തു. എല്ലാവര്ക്കും കൊടുത്ത മറുപടി ഒന്ന് തന്നെയാണ് നിങ്ങളുടെ മുന്നിൽ ആദ്യം കാണുന്ന സഹായം അവശ്യമുള്ളവന് എന്ന് തോന്നുന്നവന് അത് നൽകുക. അല്ലാതെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ചെയ്യുന്നത് സഹായമല്ല മറിച്ചു കടം നൽകുന്നതാണ്

4) അമ്മയും കൊച്ചുമോനും എന്നെ പറ്റിച്ചു എന്നുപറയുന്നവരോട്:

സാരമില്ല ചേട്ടന്മാരെ അവർ എന്നെ കൊന്നിട്ടൊന്നുമില്ലല്ലോ. പിന്നെ 1500 രൂപയ്ക്കു തൊടുപുഴ ടൗണിൽ 5 സെന്റ് സ്ഥലമൊന്നും അവർ മേടിക്കാൻ പോകുന്നില്ല. അതിനുപുറമെ എനിക്കില്ലാത്ത വിഷമം നിങ്ങള്ക്ക് തോന്നേണ്ട ആവശ്യമുണ്ടോ

5) കെട്ടുകഥയും നോവലും കൊണ്ട് ഫേമസ് ആകാൻ ഇറങ്ങിയവൻ എന്ന് വിളിക്കുന്നവരോട്

ചേട്ടന്മാരെ അങ്ങിനെ നടന്നുവെന്ന് എനിക്കും ദൈവത്തിനുമറിയാം. പിന്നെ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ. എന്നാലും നിങ്ങള്ക്ക് വേണമെങ്കിൽ നോക്കാൻ ഈ പോസ്റ്റിനു താഴെ എന്റെ sbi മെസ്സേജ് സ്ക്രീന്ഷോട് ഇട്ടിട്ടുണ്ട്... പിന്നെ പണ്ട് യാക്കോബിന്റെ കാലം മുതൽ ഉള്ളതാണല്ലോ ഈ സ്വന്തം കൂടയുള്ളവനെ ചവിട്ടുന്ന സ്വഭാവം. അതുകൊണ്ട് ഞാനത് കാര്യമാക്കുന്നില്ല..

എന്റെ കൂട്ടുകാരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ നന്മ ചെയ്യുന്നോ ഇല്ലയോ എന്ന് കാര്യമാക്കണ്ട . ഒരാൾ അവനാൽ കഴിയുന്നത് ചെയ്യുമ്പോൾ അംഗീകരിക്കുകയും വേണ്ട. പക്ഷെ അവരെ അതിന്റെ പേരിൽ കുത്തി നോവിക്കരുത്. കാരണം ആ ഒരു അനുഭാവം മതി അവൻ പാടെ മാറാൻ.

എന്റെ പോസ്റ്റ് കൊണ്ട് ഞാൻ ബാബ അംതയെപോലെ മഹാൻ ആണെന്നോ എല്ലാവരും ഗാന്ധിജി പോലെ ആകണമെന്നൊന്നും ഞാൻ പറയുന്നില്ല 20K വ്യൂവേഴ്‌സിൽ ഒരാൾ നല്ലതു ചെയ്യണമെന്ന് ചിന്തിച്ചാൽ അതുമതി.

കുറ്റം പറയുന്ന ചേട്ടന്മാർ ഇതൊരു ബ്ലാക്ക് ഹ്യുമർ ആയിക്കണ്ടാൽ മതി

സ്നേഹത്തോടെ 

ഷംനാസ് തൊടുപുഴ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA