മൂന്നു ദിവസത്തെ കോഴിപ്പോര്; ഒഴുകുന്നത് ആയിരം കോടിയിലേറെ!

Capture
SHARE

പക്ഷി സ്നേഹികളുടെ നൂറു കണക്കിനു ഹർജികൾ പരിഗണിച്ച് നിയമം മൂലം നിരോധിച്ച കോഴിപ്പോര്. എന്നിട്ടും  മകരസംക്രാന്തി മുതലുള്ള മൂന്നു ദിവസം ആന്ധ്രപ്രദേശിൽ കോഴികളുടെ ചോര വീഴ്ത്തി വാതുവെയ്പ്പു നടന്നത് 1000 കോടിയിലേറെ രൂപയ്ക്കാണ്. സംസ്ഥാനത്തെ കൃഷ്ണ, പശ്ചിമ ഗോദാവരി, പൂര്‍വ ഗോദാവരി, വിശാഖപട്ടണം എന്നീ നാലു ജില്ലകളിലാണ്‌ സംക്രാന്തി ആഘോഷത്തിന്റെ  ഭാഗമായി കോടി പണ്ടെലു എന്നറിയപ്പെടുന്ന കോഴിപ്പോര് നടക്കുന്നത്. ഇതിൽ പശ്ചിമ ഗോദാവരിയിലെ ഭിമാവരത്തിലായിരുന്നു ഏറ്റവും കൂടുതൽ വേദികളും വാതുവെയ്പ്പും നടന്നത്. കോഴിപ്പോര് നിരോധിച്ച് ഒരോ വർഷവും സുപ്രീം കോടതി ഉത്തരവിടും, എന്നാൽ പന്തയക്കോഴികൾക്കു പിന്നില്‍ രാഷ്ട്രീയക്കാരും വ്യവസായികളും സെലിബ്രിറ്റികളുമുള്ളതിനാൽ  എല്ലാ വർഷവും കോഴിപ്പോര് നടക്കും. 

cock-fight-(2)

നിയമത്തിന്റെ പഴുതുകളിലൂടെയാണു കോഴിപ്പോര് അരങ്ങേറുന്നത്. സർക്കാർ അനുവദിച്ച സ്ഥലത്ത്, നിർദ്ധിഷ്ട സമയത്ത്, പാസ് മുഖേന പ്രവേശനം ഒരുക്കി പൊലീസ് കാവലിലായിരുന്നു കോഴിപ്പോര്. ഒരു പ്രത്യേക പ്രദേശത്ത് ഒരേ വലുപ്പത്തില്‍ നിരവധി പന്തലുകള്‍ കെട്ടിയുണ്ടാക്കി കോഴിപ്പോര് നടത്തുന്നു. പോരടിക്കുന്ന കോഴികള്‍ക്കു ചുറ്റും ആര്‍പ്പു വിളിച്ച് ഊറ്റം കൊള്ളിക്കാന്‍ കാണികള്‍. ലക്ഷങ്ങളും കോടികളും  വാതുവെച്ചവര്‍ ആദ്യത്തെ രണ്ടു നിരകളിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ടാകും. കോഴികള്‍ വെറുതെ കൊത്തു കൂടുന്നതല്ല കോഴിപ്പോര്. ഇത് ആയുധം കൊണ്ടുള്ള യുദ്ധമാണ്.

പോരിനു മുന്‍പായി ഓരോ കോഴിയുടെയും കാല്‍വിരലില്‍ രണ്ടിഞ്ചു മുതല്‍ നാലിഞ്ചു വരെ വലുപ്പമുള്ള കത്തി കൂട്ടികെട്ടും. പിടച്ചു കൊണ്ടിരിക്കുന്ന കോഴിയുടെ കാലില്‍ കത്തി കെട്ടുന്നത് എളുപ്പമല്ല.  ഇതിനായി വൈദഗ്ധ്യം നേടിയവരുണ്ട്. കളത്തിലിറങ്ങുന്നവർ ആദ്യം കോഴികളുടെ കൊക്കുകൾ തമ്മിൽ ഉരുമിപ്പിച്ച് വെറി പിടിപ്പിച്ചതിനു ശേഷം സ്വതന്ത്ര്യരാക്കും. പിന്നെ അങ്കം തുടങ്ങുകയായി. ചുറ്റും നില്‍ക്കുന്ന നൂറു കണക്കിനു കാണികള്‍ ആരവം മുഴക്കും. ഡ്രം അടിച്ചും കുഴലൂതിയും പോര് കൊഴുപ്പിക്കും. 

രണ്ടു വർഷം കൊണ്ടു നേടിയെടുത്ത ആർജ്ജവത്തോടെ കൊക്കും ചിറകും നഖവും ഉപയോഗിച്ചു കോഴികള്‍ കൊത്തിക്കയറും. മെയ് വഴക്കത്തോടെ വായുവില്‍ പറന്ന് അവര്‍ പോരടിക്കും. തൂവലുകളും ചിറകുകളും പറത്തി അങ്കം മുറുകുമ്പോള്‍ കാല്‍ വിരലില്‍ കെട്ടിയ കത്തി ഇരു കോഴികളുടെയും ദേഹത്ത് ചോര പൊടിക്കും. എതിരളികളുടെ ശക്തിക്കു മുന്നില്‍ പൊരുതി നില്ക്കാനാവാതെ വരുമ്പോള്‍ ചില കോഴികള്‍ പന്തയക്കളത്തില്‍ നിന്നു ജീവനും കൊണ്ടു പായും. വാതുവെച്ചയാളുടെ ലക്ഷങ്ങളും കോടികളും അതോടൊപ്പം പറന്നു പോകും. ചില കോഴികള്‍ പൊരുതാനാകാതെ തളർന്നു വീഴും.  

cock-fight

പോരിനു മാത്രമായി കോഴികളില്‍ തന്നെ നിരവധി ഇനങ്ങളുണ്ട്. ടെഗ, പച്ച കാക്കി, കാക്കി, നെമലി ,മൈല, കോടി, കാക്കി, തീട്ടുവ, അര്‍ത്തവരം, പാര്‍ല തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. പോരടിക്കാനുള്ള വൈധഗ്ധ്യത്തെ സൂചിപ്പിക്കുന്നത് ഈ പേരുകളാണ്. ടെഗാ കോഴികള്‍ക്ക് ഉച്ച നേരത്ത് രൗദ്രത കൂടുതലായിരിക്കും. നെമലി വൈകിട്ടാണ് കരുത്ത് കാട്ടുക. പച്ച, കാക്കി, നെമലി എന്നിവയാണ് വിജയം കൊയ്യാന്‍ മികച്ചത്. ഇത്തരം കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഒന്നിന് ആയിരം മുതൽ രണ്ടായിരം വരെ വിലയുണ്ട്. രണ്ടു വര്‍ഷം പരിശീലിപ്പിച്ചാണു പോരടിക്കാന്‍ തയാറാക്കുന്നത്. സംക്രാന്തി സമയത്ത് പോരടിപ്പിക്കാനായി വാങ്ങുന്ന ഈ കോഴികള്‍ക്ക് അയ്യായിരം മുതല്‍ ഒരു ലക്ഷത്തിനു മുകളിൽ വില വരും. കോഴിപ്പോരിനു പ്രശസ്തമായ പശ്ചിമ ഗോദാവരി ജില്ലയിലാണു പന്തയക്കോഴി കച്ചവടവും തകർക്കുന്നത്.

അഞ്ചു ലക്ഷം രൂപ മുടക്കി വാങ്ങിയ നെമലി കോഴിയെ പോരടിപ്പിച്ചു വാതുവെപ്പിലൂടെ വെമ്പ ഗ്രാമത്തിലെ മുരളീ കൃഷ്ണ രാജു ഇത്തവണ  നേടിയത് ഒരു കോടി രൂപ!. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം.

മകര സംക്രാന്തിയോട് അനുബന്ധിച്ചുള ഈ കോടി പണ്ടലു കഴിഞ്ഞാല്‍ പിന്നെ അടുത്ത വര്‍ഷത്തെ സംക്രാന്തി വരെ പന്തയത്തില്‍ ജയിച്ച കോഴികള്‍ക്കു രാജകീയ വിശ്രമമാണ്. പന്തയക്കോഴികളെ പരിപാലിക്കുന്നത് പ്രത്യേക ഫാമുകളിലാണ്‌. നേരം പുലരുന്നതിനു മുൻപായി  തീറ്റ തുടങ്ങും. ആഢംബര ജീവിതം നയിക്കുന്ന മനുഷ്യര്‍ പോലും ഇത്ര സുഖിക്കുന്നുണ്ടാകില്ല. 

cock-fight-(3)

ഒരു ദിവസത്തെ ഭക്ഷണക്രമത്തിനു തുടക്കമിടുന്നത് അണ്ടിപ്പരിപ്പ്, ബധാം, പിസ്ത, പയര്‍ വര്‍ഗങ്ങള്‍ എന്നിവ നല്‍കിയാണ്. ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം കോഴിയിറച്ചിയും ആട്ടിറച്ചിയും ചെറു കഷണങ്ങളാക്കി വേവിച്ചത് ഒന്നിടവിട്ട് നല്‍കും. പിന്നെ ഉച്ചയാകുമ്പോള്‍ പുഴുങ്ങിയ കോഴിമുട്ടയും നൽകും. വൈകുന്നേരം ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകളും മൃഗ ഡോക്ടര്‍ നിർദ്ദേശിച്ച അളവില്‍ ഗോതമ്പ്, തിന, ചോളം, രാഗി തുടങ്ങിയ ധാന്യങ്ങളും നല്‍കും. ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടി ചുക്കും കുരുമുളകും ചേര്‍ത്തുണ്ടാക്കിയ ഗുളികകളുമുണ്ട്.

ഓരോ കോഴിയെയും പ്രത്യേകം തയാറാക്കിയ മുള കൊണ്ടുള്ള കൊട്ടയില്‍ മൂടിയിട്ടാണ് ഉറക്കുന്നത്. പന്തയകോഴികളുടെ പരിപാലനം 24 മണിക്കൂറും പ്രത്യേകശ്രദ്ധ വേണ്ട ഒന്നാണെന്നു ഭിമാവരത്തുള്ള ഫാം ജീവനക്കാരനായ ദുര്‍ഗ്ഗ റാവു പറയുന്നു. ഭക്ഷണം കൊടുത്തതുകൊണ്ടു മാത്രം ഒരു പൂവന്‍ കോഴിയെ പോരാളിയാക്കി മാറ്റിയെടുക്കാനാകില്ല. കോഴികള്‍ക്കും മസിലുകള്‍ ഉണ്ട്. ഇവ ശക്തമാക്കാൻ വേണ്ട ഹോര്‍മോണുകളും മത്സരത്തില്‍ ഉണ്ടാകുന്ന മുറിവുകൾ നേരിടാന്‍ ആന്റി ബയോട്ടിക്കുകളും കുത്തിവെയ്ക്കണം. 

പൊരുതി ജയിക്കാനുള്ള ശക്തി ലഭിക്കുന്നതിനു വേണ്ടി നീന്തല്‍ പരിശീലനവുമുണ്ട്. ഭിമാവരത്തിനടുത്തുള്ള പലക്കൊലുവില്‍ കോഴികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന സ്ഥലമുണ്ട്. സംക്രാന്തിക്കു മുൻപായി കോഴികളുമായി ആളുകൾ ഇവിടെ എത്തുന്നു. സുഖചികിത്സയുടെ ഭാഗമായി ചെറുചൂട് വെള്ളത്തില്‍ കുളി. മസിലുകള്‍ ആയാസമാകുന്നതിനു വേണ്ടിയാണു ഇത്തരം പരിചരണങ്ങള്‍ നല്‍കുന്നത്. കൂടാതെ കായിക ക്ഷമത ലഭിക്കുന്നതിനായി മനുഷ്യര്‍ കഴിക്കുന്ന എനര്‍ജി ടാബലറ്റ് ആയ റെവിറ്റാല്‍ നല്‍കുന്നു.

cock-fight-(1)

ഇക്കഴിഞ്ഞ മകര സംക്രാന്തിക്ക് ആന്ധ്രപ്രദേശിലെ വേദികളിലും ചെറു കവലകളിലുമായി നടന്ന കോഴി പണ്ഡലു  മത്സരങ്ങളുടെ വാതുവെയ്പ് തുക ആയിരം കോടിയിലേറെയാണ്. ഒദ്യോഗിക രേഖകളോ നികുതിയോ ഒന്നും ബാധകമല്ലാത്ത ഈ ഭ്രാന്തന്‍ കളിക്കു സുപ്രീംകോടതിയുടെ വിലക്കുണ്ടയിരുന്നിട്ടും മത്സരങ്ങൾ നടന്നു. ദശലക്ഷങ്ങള്‍ കോഴിപ്പോരിനായി വാതുവെച്ച പലരും പല പ്രമുഖരുടെയും ബിനാമികളാണെന്നതു പരസ്യമായ രഹസ്യമാണ്.

മകരമാസം കഴിയും വരെ ചെറിയ തോതിലുള്ള കോടി പണ്ടെലുകള്‍ ആന്ധ്രയിൽ തുടരും. തൂവല്‍ കൊഴിഞ്ഞും ചിറകൊടിഞ്ഞും മുറിവേറ്റും വിജയവും പരാജയവുമൊക്കെ ഏറ്റു വാങ്ങിയ കോഴികള്‍ സുഖ ചികിത്സക്കായി ഒരുങ്ങിക്കഴിഞ്ഞു. വെറുമൊരു കോഴിയായി ജീവിച്ചിട്ടെന്തു കാര്യം. ഒരു ദേശത്തിന്‍റെ മുഴുവന്‍ വികാര ആവേശങ്ങള്‍ ഏറ്റു വാങ്ങി പടവെട്ടാനറിയാവുന്ന പന്തയക്കോഴിയായി സുഖിച്ചു ജീവിച്ചു തന്നില്‍ വിശ്വാസം അർപ്പിച്ചവർക്കായി പൊരുതി മരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA