ടീം ടിം ബോയ്ഡ്; ആത്മവിശ്വാസത്തിന്റെ സമൂഹം

interview-with-theosophical-society-president-tim-boyd
SHARE

ഭീതി കശക്കിയെറിഞ്ഞ നാട്ടിലെ കുട്ടികളെ കണ്ട്, അവർക്ക് കുറേ കഥകൾ പറഞ്ഞു കൊടുത്താണ്  ടിം ബോയ്ഡ് തൃശൂരിൽ വരുന്നത്. പ്രകൃതി ദുരന്തം വിതച്ച  പ്രതിസന്ധിയിൽ പകച്ചുനിന്ന  ആ നാടിന്റെ പേര് പോർട്ടറിക്ക. 2018ലാണ് ടിം അവിടെ പോയത്. കാറ്റ് ഉഴുതു മറിച്ചിട്ട ആ മണ്ണിലെ, ആത്മവിശ്വാസം പകരുന്ന കഥകളിൽ ചിലതു ബാക്കിയുണ്ട്; പ്രളയം കുതിർത്ത മണ്ണിൽ വിതറാൻ. 

തിയോസഫിക്കൽ സൊസൈറ്റിയുടെ രാജ്യാന്തര അധ്യക്ഷനായ ടിം ജനിച്ചത് അമേരിക്കയിലാണ്. സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം  പ്രവർത്തിക്കുന്നതു ചെന്നൈ അഡയാറിൽ. ഭരണ ചുമതല നിർവഹിക്കാൻ അഡയാറിൽ കഴിയുന്ന സമയം ഒഴിച്ചാൽ പിന്നെ ലോകപര്യടനത്തിലാണ് ടിം. 90ൽ അധികം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന, ജാതി, മത, വർഗ, വർണ, ലിംഗഭേദങ്ങളിൽ വിശ്വസിക്കാത്ത ആത്മീയധാരയെയാണ് അദ്ദേഹം നയിക്കുന്നത്. 2014 ഏപ്രിലിലാണ് ടിം ബോയ്ഡ്  ഈ പദവിയിലക്ക് തിരഞ്ഞെടുക്കപ്പെട്ടത്.  

സൊസൈറ്റി വിവിധ രാജ്യങ്ങളിലായി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. ഇന്ത്യയിൽ ബനാറസ് ഹിന്ദു സർവകലാശാല അടക്കം പല പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളും തുടങ്ങുന്നതിൽ  സൊസൈറ്റിക്കു  കാര്യമായ പങ്കുണ്ട്. ലോകത്തിലെ  മികച്ച ലൈബ്രറികളിലൊന്നാണ് അഡയാറിലുള്ളത്. ഇതിലെ വൈജ്ഞാനികശേഖരം ഇനി കൂടുതൽ ജനകീയമാവുകയാണ് ടിമ്മിന്റെ നേതൃത്വത്തിൽ. ഗവേഷണവിദ്യാർഥികൾക്കും മറ്റും ഇത് ഏറെ പ്രയോജനപ്പെടും. 

interview-with-theosophical-society-president-tim-boyd1

കാലടി സർവകലാശാലയുമായി ഈ ശേഖരം പങ്കുവയ്ക്കാനുള്ള ധാരണാ പത്രം ഒപ്പിടും.  തെക്കേ മഠത്തിൽ വേദപഠനം നടത്തുന്ന വിദ്യാർഥികൾക്കും ഇതിന്റെ  പ്രയോജനം ലഭിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ടിം ബോയ്ഡ് ആദ്യം പോയത് അതിരപ്പിള്ളിയിലേക്കായിരുന്നു.  സൊസൈറ്റി ഭാരവാഹികളായ ഡോ.എം.എ.രവീന്ദ്രൻ, കെ.ദിനകരൻ, ഡോ. ജെ.കെ.നായർ എന്നിവർക്കൊപ്പമുള്ള യാത്രയിൽ, തകർന്ന റോ‍ഡുകളും സുരക്ഷാ ഭിത്തികളും കണ്ടപ്പോൾ സംസാരം പ്രളയത്തെക്കുറിച്ചായി. അപ്പോഴാണ് ടിം പ്യൂർട്ടോറിക്കയിലെ കുട്ടികളെയും അവിടെ പറഞ്ഞ കാര്യങ്ങളും ഓർത്തത്. കൗൺസിലിങ്ങിന്റെ ഫലം ചെയ്ത ആ വാക്കുകൾ ഇങ്ങനെയായിരുന്നു. 

‘‘ പുനർനിർമാണം എളുപ്പമല്ല. പക്ഷെ,  അസാധ്യവുമല്ല. സമയമെടുത്തിട്ടായാലും അതു നടക്കുക തന്നെ ചെയ്യും. എന്നാൽ ദുരന്തത്തെ അതിജീവിച്ചവരുടെ മനസിലാണ് യഥാർഥ  പുനർനിർമാണം നടക്കേണ്ടത്. കുട്ടികളും യുവാക്കളുമടങ്ങുന്ന തലമുറയുടെ മനസിൽ’’

ഭയത്തിൽ നിന്നുള്ള മോചനം

സഞ്ചരിച്ച നാടുകളിലൊക്കെ ഞാൻ കണ്ടതിലധികവും  സന്തോഷം നിഷേധിക്കപ്പെട്ട മനുഷ്യരായിരുന്നു. അവരുടെയൊക്കെ കണ്ണുകളിൽ എന്തിനെന്നറിയാത്ത ഭീതി തളം കെട്ടി നിന്നു. ഭാവിയെ കുറിച്ചുള്ള ആശങ്കകൾ, നഷ്ടപ്പെട്ട വസരങ്ങളെക്കുറിച്ചോർത്തുള്ള നിരാശ, മക്കൾ പ്രതീക്ഷയ്ക്കൊത്തുയരുമോ എന്ന മാതാപിതാക്കളുടെ സന്ദേഹം, അമിത പ്രതീക്ഷയുടെ ഭാരത്തിൽ വലഞ്ഞ കുട്ടികൾ..എന്നെ കേൾക്കാൻ വന്നവരോട് ഞാൻ ആദ്യം ആവശ്യപ്പെട്ടത് ഈ ഭയത്തിൽ നിന്നു മോചനം നേടാനാണ്. ഭീതിയൊഴിവാക്കാതെ ഒരു തത്വജ്ഞാനവും ഫലിക്കില്ലെന്നു ഞാനവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

interview-with-theosophical-society-president-tim-boyd2

ആത്മബോധം

പ്രതീക്ഷകളും നിരാശകളുമൊക്കെ വല്ലാതെ പൊറുതി മുട്ടിക്കുമ്പോൾ ചെറിയൊരു കാര്യം ചെയ്യുക. മനസുകൊണ്ട് സ്വന്തം ശരീരബോധത്തിൽ നിന്നു മാറിനിന്ന് പരിതസ്ഥിതി  ഒന്നു നിരീക്ഷിക്കുക. ഒരു തരം നിഷ്പക്ഷ നിരീക്ഷണം. 

നിശബ്ദത

ദിവസത്തിൽ നിശ്ചിത സമയം മറ്റെല്ലാ തിരക്കുകളിൽ നിന്നു മാറി ശാന്തനായിരിക്കുക. ധ്യാനമാണ് വേണ്ടത്. അതിനു പറ്റില്ലെങ്കിൽ കുറച്ചുനേരമെങ്കിലും ഏകാന്തതയിലേക്കു പിൻവാങ്ങുക.മാനസിക സമ്മർദത്തിൽ വീർപ്പുമുട്ടിജോലിയെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്ന ഒരു സ്കൂൾ അധ്യാപിക എന്നോടു പറഞ്ഞത് അവരുടെ ഓർമയിൽ എങ്ങും ഇങ്ങനെ ഒറ്റയ്ക്കിരുന്ന അനുഭവമില്ല എന്നായിരുന്നു.

സേവനം

സേവനം ജിവിതത്തിന്റെ ഭാഗമാക്കണം. അന്യരെ സഹായിക്കാൻ സ്വന്തമായി ഒരു വഴി എല്ലാവരും കണ്ടെത്തണം. കുട്ടികളുടെയും യുവാക്കളുടെയും സ്വഭാവ രൂപീകരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണിത്.

അഞ്ചാമതായി ഒരു നിർദേശം കൂടിയുണ്ട്. മേൽപ്പറഞ്ഞ നാലു കാര്യങ്ങളും കുറച്ചുകൂടി തീവ്രമായി അനുഷ്ഠിക്കുക.

തിയോസഫിക്കൽ സൊസൈറ്റിയും തൃശൂരും

കൊച്ചി ദിവനായിരുന്ന എ.ശങ്കരയ്യ സൊസൈറ്റിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് നഗരത്തിലെ  ശങ്കരയ്യ റോഡ്. 1873ൽ തൃശൂരിൽ പബ്ളിക് ലൈബ്രറി സ്ഥാപിച്ചത് ശങ്കരയ്യയാണ്. 1892ൽ അന്നത്തെ മൈസൂർ ദിവാൻ ശേഷാദ്രി അയ്യരുടെ കത്തുമായി തൃശൂരിലെത്തിയ സ്വാമി വിവേകാനന്ദന് ആതിഥ്യമരുളിയതും ഇതേ ശങ്കരയ്യ ആയിരുന്നു. അമേരിക്കൻ സൈനികനായിരുന്ന കേണൽ എച്ച്എസ്  ഒൾകോട്ട്, ഹെലെന ബ്ളോവസ്കി, ഡബ്ള്യു.ക്യു. ജ‍ഡ്ജ് എന്നിവർ ചേർന്ന് 1875 ലാണ് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്.  സൊസൈറ്റിയുടെ പ്രവർത്തനം  ഇന്ത്യയിൽ കൂടുതൽ പ്രശസ്തമായത് ആനി ബസന്റ്, ജിദ്ദു കൃഷ്ണമൂർത്തി എന്നീ പേരുകളിലൂടെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA