Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രേഖകൾ അടങ്ങിയ പഴ്സ് തിരികെ നൽകി നഴ്സിങ് വിദ്യാർഥിനിയുടെ മാതൃക

nursing-student-returns-wallet-she-found-on-road രേഷ്മയുടെ സഹോദരി ഗ്രീഷ്മയിൽ നിന്നു പഴ്സ് വാങ്ങുന്ന ശാന്തി. എസ്

തുറവൂർ എസ്എൻജിഎം ഫാർമസി കോളജ് പ്രിൻസിപ്പലായ ശാന്തി‌യുടെ പഴ്സ് ക്ലാസു കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കയാത്രയിൽ നഷ്ടമായി. കോളജിലെ ആവശ്യങ്ങൾക്കായി എല്ലാ രേഖകളും പഴ്സിൽ സൂക്ഷിച്ചിരുന്നു. ഇതിൽ ദുഃഖിച്ചിരിക്കുമ്പോഴാണു ശാന്തിയെ തേടി മുഹമ്മ സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി രേഷ്മയുടെ കോൾ എത്തുന്നത്. രേഖകളടങ്ങിയ പഴ്സ് കിട്ടിയിട്ടുണ്ടെന്നായിരുന്നു സന്ദേശം. 

തുറവൂരിൽ നിന്നു ചേർത്തലയ്ക്കു കെഎസ്ആർടിസി കൊല്ലം ഫാസ്റ്റ് പാസഞ്ചറിലാണു ശാന്തി കയറിയത്. ‘‘ചേർത്തലയിലിറങ്ങി വാച്ചിന്റെ സ്ട്രാപ് മാറി പൈസ കൊടുക്കാൻ നോക്കിയപ്പോഴാണു ബാഗിൽ പഴ്സ് ഇല്ലെന്നു മനസ്സിലാക്കുന്നത്. ഇതോടെ മനസ്സ് ആകെ അസ്വസ്ഥമായി. വീട്ടിലും മറ്റുമായി തിരച്ചിൽ തുടരുമ്പോഴാണു രേഷ്മയുടെ കോൾ വരുന്നത്’’– ശാന്തി പറഞ്ഞു. 

ചേർത്തല എക്സറേ കോളജിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ രേഷ്മ ക്ലാസുകഴിഞ്ഞു വീട്ടിലെത്തി ചോറ്റുപാത്രമെടുക്കാൻ ബാഗ് തുറന്നപ്പോഴാണു പഴ്സ് കാണുന്നത്. തുടര്‍ന്നു രേഖകൾ പരിശോധിക്കുകയും ഉടമയെ തിരിച്ചറിഞ്ഞു ബന്ധപ്പെടുകയുമായിരുന്നു.

ചേർത്തല എക്സറേ സ്റ്റോപ്പിൽ നിന്നു മുഹമ്മയിലേക്ക് ഒരു   ഒരു സ്വകാര്യ ബസിലായിരുന്നു രേഷ്മ യാത്ര ചെയ്തത്. ബസിൽ തിരക്കായതിനാൽ ബാഗ് പിടിക്കാൻ ഏൽപ്പിച്ചിരുന്നതായി രേഷ്മ പറഞ്ഞതായും ഇങ്ങനെയായിരിക്കും ആ പഴ്സ്  ബാഗിലെത്തിയിരിക്കുകയെന്നും രേഷ്മയുടെ പിതാവ് റോയ് പറയുന്നു. താൻ സഞ്ചരിച്ച ബസിൽ മോഷണം നടത്തിയ ആളുകൾ അതിനുശേഷം രേഷ്മ സഞ്ചരിച്ച ബസിൽ കയറിയിരിക്കാമെന്നു ശാന്തി കരുതുന്നു . പഴ്സിലുണ്ടായിരുന്ന 1500 രൂപയോളം നഷ്ടപ്പെട്ടെങ്കിലും രേഖകൾ തിരിച്ചു കിട്ടിയ സന്തോഷത്തിലാണു ശാന്തി. അതു തിരിച്ചേൽപ്പിച്ച രേഷ്മ റോയ്ക്കും കുടുംബത്തിനും ശാന്തി നന്ദി പറയുന്നു. രേഷ്മയുടെ കുടുംബാംഗങ്ങളിൽ നിന്നും ശാന്തി പഴ്സ് വാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.