ADVERTISEMENT

മൂന്നു സീരിയലുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണു സ്വാസിക. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന സീരിയലിലൂടെ മിനിസ്ക്രീനിൽ അരങ്ങേറി പ്രേക്ഷകരുടെ ദത്തുപുത്രിയായി മാറിയ താരം. നർത്തികയും മോഡലുമായി തിളങ്ങിയിട്ടുണ്ട് സ്വാസിക.

സിനിമയിലും മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയായി. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീതയാണ് സ്വാസിക. താരത്തിന്റെ വിശേഷങ്ങളിലൂടെ...

അഭിനയരംഗത്തേയ്ക്ക്

തുടക്കം സിനിമയിലാണ്. നർത്തകി ആയിരുന്നു. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യം. അങ്ങനെയിരിക്കെ ഒരു തമിഴ് സിനിമയിൽ  നായിക ആയാണു ആദ്യ വിളി വരുന്നത്.  തുടരെ മൂന്നു തമിഴ് സിനിമകൾ. 2010 -2012 കാലഘട്ടത്തിനിടയിൽ നാല് സിനിമകൾ. പിന്നീട്, ഒരു നീണ്ട ഇടവേള വന്നു. മോഡലിങ്ങിൽ ശ്രദ്ധിച്ചു. ഭരതനാട്യത്തിൽ ബി.എ എടുത്തു.

അങ്ങനെയിരിക്കുമ്പോഴാണു സംവിധായകൻ ലാൽ ജോസ് നായികയെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ‘ബിഗ് ബ്രേക്ക്’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതും വിജയിക്കുന്നതും. അങ്ങനെ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയിലെത്തി. പിന്നീട്, ഒറീസ, പ്രഭുവിന്റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങൾ. ഇതുവരെ, പതിനഞ്ചിലേറെ സിനിമകൾ.

മിനിസ്ക്രീനിലേക്ക്

രണ്ടായിരത്തി പതിമൂന്നിൽ ‘മഴവിൽ മനോരമ’ യ്ക്കു വേണ്ടി എ.എം നസീർ സംവിധാനം ചെയ്ത ‘ദത്തുപുത്രി’ എന്ന സീരിയലിലൂടെയാണു തുടക്കം. കൺമണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഒരു ഉരുൾപൊട്ടലിൽ അനാഥയാവുകയും സർക്കാരിന്റെ ദത്തുപുത്രിയായി മാറുകയും ചെയ്യുന്ന ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ. പിന്നീട്, ‘മിസ്റ്റർ മരുമകൻ’ എന്ന സീരിയൽ ചെയതു. ഇപ്പോൾ മൂന്നു വർഷമായി ഞാൻ സീതയാണ്.

പ്രിയപ്പെട്ട കഥാപാത്രം

അത് സീത തന്നെ. എനിക്ക് ഇത്രയേറെ സൗഭാഗ്യങ്ങൾ തന്നതു സീതയാണ്. എന്നെ അഭിനയജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉയരങ്ങളിൽ എത്തിച്ച കഥാപാത്രമാണു സീത. പ്രേക്ഷകരുടെ സ്നേഹം, ഒരുപാട് നൃത്തവേദികൾ, സ്റ്റേജ് ഷോകൾ അങ്ങനെ ജീവിതത്തിൽ എല്ലാം നൽകിയ കഥാപാത്രം. ഈശ്വരന്റെ അനുഗ്രഹവും ചാനലിന്റെയും നിർമാതാവിന്റെയും സംവിധായകന്റെയും അകമഴിഞ്ഞ പിന്തുണയുമാണ് ഈ വലിയ വിജയത്തിനു പിന്നിൽ.

മരണത്തെ മുമ്പിൽ കണ്ടു

ദത്തുപുത്രി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിന് ഇടയിലാണു മരണത്തെ മുഖാമുഖം കണ്ട സംഭവം. സീരിയലിനു വേണ്ടി ഒരു ഉരുൾപൊട്ടൽ കൃത്രിമമായി സൃഷ്ടിക്കുന്നുണ്ട്. മെഗാസീരിയൽ രംഗത്ത് ആദ്യമായിട്ടായിരുന്നു അത്രയും സാഹസികമായി ഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കുന്നത്. മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളിൽ നിന്ന് അതിശക്തമായി വെള്ളം പമ്പ് ചെയ്താണ് ഉരുൾപൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്. 

അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി  വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.‌ ഞാൻ അടിതെറ്റി വീണു. വെള്ളപ്പാച്ചിലിൽ ഒരു പാറയുടെ അടിയിൽ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്പിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയിൽ സെറ്റിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.

സ്വപ്നങ്ങൾ

സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യണം. നല്ല സംവിധായകരുടെ കൂടെ കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങൾ. പിന്നെ, ഒരു റസ്റ്റോറന്റും നൃത്ത വിദ്യാലയവും തുടങ്ങണമെന്നുണ്ട്. എന്തായാലും നൃത്ത വിദ്യാലയം ഉടനെ ആരംഭിക്കും.

വിവാഹം

ഈശ്വരൻ അനുഗ്രഹിച്ചാൽ വിവാഹം ഈ വർഷം തന്നെയുണ്ടാകും. കൂടുതൽ ഒന്നും പറയാറായിട്ടില്ല.

കുടുംബം

അച്ഛൻ വിജയകുമാർ. ബഹ്ൈറനിൽ അക്കൗണ്ടന്റ് ആണ്. അമ്മ ഗിരിജ. സഹോദരന്‍ ആകാശ് അവസാന വര്‍ഷ എൻജിനീയറിങ് വിദ്യാർഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com