ADVERTISEMENT

കോട്ടയം പ്രദീപ് എന്നു പറഞ്ഞാൽ മെഗാസീരിയൽ പ്രേക്ഷകർ ഒരു നിമിഷം ഒന്ന് ആലോചിക്കും. പക്ഷേ, പരസ്പരം സീരിയലിലെ കൃഷ്ണേട്ടൻ എന്നു പറഞ്ഞാലോ... എല്ലാ പ്രേക്ഷകരുടെയും കണ്ണിൽ ഒരു സ്നേഹത്തിളക്കം ഉണ്ടാവും. അവർ ഒരൊറ്റ സ്വരത്തിൽ പറയും ‘ഞങ്ങടെ ചങ്കാണ് കൃഷ്ണേട്ടൻ’. ‘പരസ്പരം’ സീരിയലിലെ ആ കഥാപാത്രം കോട്ടയം പ്രദീപിന് ഉണ്ടാക്കിക്കൊടുത്ത മൈലേജും ആരാധകരുടെ എണ്ണവും ചെറുതല്ല. എവിടെ തിരിഞ്ഞാലും ഇപ്പോഴും സ്നേഹത്തോടെ "കൃഷ്ണേട്ടാ..." എന്ന വിളികൾ മാത്രം.

കോട്ടയം പ്രദീപിന്റെ വിശേഷങ്ങളിലൂടെ.

കലാരംഗത്തെ തുടക്കം

സ്കൂൾ, കോളജ് നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്കു കടന്നുവന്നത്. പെരുമ്പാവൂർ പുല്ലുവഴി ജയകേരളം സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലും സ്കൂൾ നാടകങ്ങളിൽ അഭിനയിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. പിന്നീട്, കോട്ടയം മണർകാട് സെന്റ് മേരീസ് കോളജിലെ പ്രീഡിഗ്രി പഠന കാലത്തും നാടകങ്ങളിൽ അഭിനയിച്ചു.

പ്രഫഷനൽ നാടകരംഗത്തേക്ക്

ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ചേർന്ന് ഒരു തിയറ്റർ ഗ്രൂപ്പുണ്ടാക്കി. ഏകാംഗ നാടകങ്ങളാണു ഞങ്ങൾ അവതരിപ്പിച്ചിരുന്നത്. 23–ാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായി ഒരു പ്രഫഷനൽ നാടകത്തിൽ അഭിനയിക്കുന്നത്. കോട്ടയം ഉജ്ജയിനി തീയേറ്റേഴ്സിന്റെ "സബർമതിയിൽ നിന്ന് ഒരു അതിഥി "എന്ന നാടകം.

പ്രശസ്ത എഴുത്തുകാരനായിരുന്ന സുനിൽ പരമേശ്വരനായിരുന്നു നാടകത്തിന്റെ രചന നിർവ്വഹിച്ചത്. കലാരംഗത്തെ എന്റെ ഗുരുനാഥനും ട്രൂപ്പ് ഉടമയുമായ ജോയ് ആറാട്ടുകളമാണ് നാടകം സംവിധാനം ചെയ്തത്. അപ്പു എന്ന ഹോട്ടൽ ബോയിയുടെ വേഷമായിരുന്നു അതിൽ. 

നൂറ്റി അറുപതോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു. തുടർന്ന് ചങ്ങനാശ്ശേരി അണിയറയുടെ ‘അഭിമന്യു’, കോട്ടയം ദൃശ്യവേദിയുടെ ‘ആൾരൂപം’, അങ്കമാലി പൂജയുടെ ‘ഒരു ഇതിഹാസ കാവ്യം’ എന്നീ നാടകങ്ങളിൽ അഭിനയിച്ചു.

എം.എസ്.തൃപ്പൂണിത്തുറ, സിദ്ധരാജ്, പൊന്നമ്മ ബാബു എന്നിവരോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ഇടയ്ക്ക് തിരുവനന്തപുരത്ത് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലർക്കായി ജോലി ലഭിച്ചു. അതോടെ അഭിനയ ജീവിതത്തിന് ഒരു ഇടവേള ഉണ്ടായി.

kottayam-pradeep1

സീരിയൽ രംഗത്തേക്ക്

യന്ത്രാമീഡിയയുടെ ബാനറിൽ ശ്യാം സുന്ദർ പ്രൊഡ്യൂസ് ചെയ്ത ‘സ്വരരാഗം’ ആണ് ആദ്യ സീരിയൽ. അതിലെ ‘വെങ്കിച്ചു’ എന്ന വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുധാകർമംഗളോദയം രചന നിർവഹിച്ച സീരിയലിന്റെ സംവിധായകൻ ബിജു വർഗീസ് ആയിരുന്നു. ഇതുവരെ 42 സീരിയലുകളിലും ആറ് സിനിമകളിലും അഭിനയിച്ചു.

സിനിമ

രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത 'ഇത് നമ്മുടെ കഥ' ആണ് ആദ്യ സിനിമ. നാടോടികൾ എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയുടെ റീമേക്ക്  ആയിരുന്നു അത്.

തിലകൻ ചേട്ടൻ പഠിപ്പിച്ച പാഠം

മനോരമ വിഷന്റെ ചക്കര വാവ എന്ന സീരിയലിൽ തിലകൻ ചേട്ടന്റെ മകനായി അഭനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. മൂന്നു നാല് ആർട്ടിസ്റ്റുകൾക്കൊപ്പമുള്ള ഒരു കോമ്പിനേഷൻ സീൻ ആയിരുന്നു അന്ന് ചെയ്യാനുണ്ടായിരുന്നത്. ഞങ്ങൾക്കൊപ്പം പ്രായമുള്ള ഒരു ജൂനിയർ ആർട്ടിസ്റ്റും ഉണ്ടായിരുന്നു. എട്ടു ടേക്ക് ആയിട്ടും അയാൾ അഭിനയിക്കുന്നത് ശരിയായില്ല. തിലകൻ ചേട്ടൻ ആണെങ്കിൽ ബൈപാസ് സർജറി കഴിഞ്ഞ സമയം. ഏറെ ശാരീരിക വിഷമതകളുമായാണ് അദ്ദേഹം അഭിനയിക്കുന്നത്.

സെറ്റിലുള്ള എല്ലാവർക്കും ബുദ്ധിമുട്ടായി.  ജൂനിയർ നടനോട് ദേഷ്യം ആയി. പക്ഷേ, തിലകൻ ചേട്ടന്റെ മുഖത്തു മാത്രം യാതൊരു ഭാവഭേദവും ഇല്ലായിരുന്നു. തിലകൻ ചേട്ടൻ അയാളെ അടുത്തു വിളിച്ച് അഭിനയിച്ചു കാണിച്ചു കൊടുത്തു. അടുത്ത ടേക്കിൽ സീൻ ഒക്കേ ആയി. ഇത് എനിക്ക് മറക്കാൻ പറ്റാത്ത അനുഭവപാഠമാണ്. കൂടെ അഭിനയിക്കുന്നവരെ ഇത്രത്തോളം പിന്തുണയ്ക്കുന്ന ഒരു ആർട്ടിസ്റ്റിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

പ്രിയ കഥാപാത്രം

സംശയമെന്താ.. അത് പരസ്പരം സീരിയലിലെ' കൃഷ്ണേട്ടൻ എന്ന കഥാപാത്രമാണ്. 1,524 എപ്പിസോഡ് സംപ്രേഷണം ചെയ്ത ആ സീരിയൽ എനിക്ക് ഒരുപാട് പ്രശസ്തി നേടി തന്നു. ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം തേടിയെത്തി. സീരിയൽ തീർന്നിട്ടും ഞാൻ അവർക്കു കൃഷ്ണേട്ടനാണ്.

കുടുംബം

ഭാര്യ മായ. ഏകമകൾ ശ്രീലക്ഷ്മി എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജിൽ രണ്ടാം വർഷ ബി.എച്ച്.എം.എസ്.വിദ്യാർഥിനി.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com