ADVERTISEMENT

‘മൂന്നു മണി‌’ യിലെ ബാലേട്ടൻ ‘അരുന്ധതി’യിലെ ജയകൃഷ്ണൻ! രണ്ടു സീരിയലുകളിലെ നായക വേഷം കൊണ്ട് മിനിസ്‌ക്രീനിലെ വിജയ ഫോർമുലകളുടെ അമരത്ത് എത്തിയ താരമാണ്  അജയ് തോമസ്. പ്രേക്ഷകരുടെ നെഞ്ചിൽ നെരിപ്പോടായി എരിഞ്ഞ രണ്ട് കഥാപാത്രങ്ങിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരമായി അജയ് മാറി. മൂന്നു മണിയ്ക്കൊപ്പം പ്രേക്ഷകരും വിളിച്ചു വല്യേട്ടാ. അജയ് തോമസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കലാരംഗത്തെ തുടക്കം

സ്കൂൾ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് എത്തുന്നത്.1995 ൽ സംസ്ഥാന സ്കൂൾ യുവജനോത്സത്തിൽ ഭരതനാട്യത്തിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. പിന്നെ നാട്ടിലുള്ള ജയ്ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം നാടകങ്ങളിലും ഷോർട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ

നാട്ടിലുള്ള മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ വൈസ് പ്രസിഡന്റാണു ഞാൻ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ഷോർട് ഫിലിമുകളിലും മ്യൂസിക്കൽ ആൽബത്തിലും ആണ് ആദ്യമായി ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചത്. നെൽവയൽ നികത്തുന്നതിനെതിരെ ‘നമ്മൾ കൊയ്യും വയലെല്ലാം’ എന്ന പേരിൽ ചെയ്ത ഷോർട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നെ, വെണ്ണിലാവായ് എന്ന മ്യൂസിക്കൽ ആൽബം.

ആദ്യ സീരിയൽ

‘സത്യമേവ ജയതേ' ആണ് ആദ്യ സീരിയൽ. ഒരു കുറ്റാന്വേഷണ സീരിയലായിരുന്നു. നെഗറ്റീവ് ടച്ചുള്ള ഒരു സി.ഐ.യുടെ റോളായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ അറിയപ്പെട്ടത് ‘മൂന്നു മണി’ സീരിയലിലൂടെയാണ്.

ajai-thomas-family-4
അജയ് തോമസ് ഭാര്യയ്ക്കും മകനുമൊപ്പം

ബാലേട്ടനായി തിളങ്ങി

ബാലേട്ടൻ എന്ന കഥാപാത്രം ഇപ്പോഴും ആളുകൾ ഓർത്തിരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒന്നാണ്. പ്രസാദ് നൂറനാടാണ് സീരിയലിലേയ്ക്ക് എന്നെ നിർദേശിച്ചത്. അരുന്ധതി' എന്ന സീരിയലിന്റെ സെറ്റിൽ പോലും എന്നെ എല്ലാവരും ബാലേട്ടൻ എന്നാണ് വിളിച്ചിരുന്നത്. എല്ലാവരും ഒത്തൊരുമയോടെ വർക്ക് ചെയ്തിരുന്ന സെറ്റായിരുന്നു മൂന്നു മണിയുടേത്. അരുന്ധതിയിലെ ജയകൃഷ്ണൻ എന്നകഥാപാത്രവും മികച്ചതായിരുന്നു.

മറക്കാനാവാത്ത മുഹൂർത്തം

‘മൂന്നു മണി’ സീരിയലിലേയ്ക്കുള്ള എൻട്രിയാണ് മറക്കാനാവാത്ത മുഹൂർത്തം. ഈ സീരിയലിനു വേണ്ടി പ്രസാദ് നൂറനാട് എന്നെ ഒഡീഷനു വിളിച്ചിരുന്നു. അപ്പോൾ നാട്ടിൽ ഇല്ലാതിരുന്നതിനാൽ എനിക്ക് ഒഡീഷനിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ആ അവസരം നഷ്ടപെട്ടു എന്നു കരുതി ഇരിക്കുമ്പോൾ പ്രസാദ് നൂറനാട് എന്നെ വീണ്ടും വിളിച്ചിട്ട് ഡയറക്ടർ വേണു ചേലക്കോട് എറണാകുളത്തുണ്ട് ഒന്നു പോയി കാണാൻ പറഞ്ഞു. 

അടുത്ത ദിവസം ഞാൻ അദ്ദേഹത്തെ പോയി കണ്ടു. ഒരു സീൻ അഭിനയിച്ചു കാണിച്ചു. അത് ടാബിൽ ഷൂട്ട് ചെയ്ത് അദ്ദേഹം പ്രൊജക്ട് ഹെഡ് ബൈജു ദേവരാജ് സാറിന് അയച്ചുകൊടുത്തു. വളരെ ബോറായിട്ടാണ് അത് ചെയ്തതെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ, ബൈജു സാർ എന്നെ സെലക്ട് ചെയ്തു. എനിക്ക് ആദ്യം വിശ്വസിക്കാനേ ആയില്ല. ഇതുവരെയുള്ള ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തം അതാണ്.

മറക്കാനാവാത്ത ലൊക്കേഷൻ അനുഭവം

മൂന്നു മണി സീരിയലിന്റെ ഫസ്റ്റ് ഷെഡ്യൂളിൽ ബാലന്റെ പലചരക്കുകട ഷൂട്ടു ചെയ്യുമ്പോൾ ഞാൻ അഭിനയിക്കുന്ന ഒരു സീൻ ശരിയാവുന്നില്ല. കുറേ റീടേക്കുകൾ കഴിഞ്ഞപ്പോൾ ക്യാമറാമാൻ ലൈജു ചേട്ടനു ദേഷ്യമായി. ‘അഭിനയിക്കാനറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഈ വേഷം ചെയ്യിച്ചാൽ പോരായിരുന്നോ’ എന്നു ചോദിച്ചു. എന്റെ അഭിനയം ഒട്ടും ശരിയാവുന്നില്ലെന്ന് എനിക്കു തന്നെ അറിയാമായിരുന്നെങ്കിലും എല്ലാവരുടെയും മുമ്പിൽ വച്ച് അങ്ങനെ പറഞ്ഞപ്പോൾ സങ്കടമായി. പക്ഷേ ഞാൻ അത് പോസിറ്റീവ് സെൻസിലാണ് എടുത്തത്. ലൈജു ചേട്ടൻ അന്ന് പറഞ്ഞു തന്ന പല കാര്യങ്ങളും എന്റെ അഭിനയത്തെ മെച്ചപ്പെടുത്താൻ ഉപകരിച്ചു. ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം.

ajai-thomas-family1
അജയ് തോമസ് കുടുംബാംഗങ്ങളോടൊപ്പം

കുടുംബം

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. ഭാര്യ അനു എയർ ഇന്ത്യയിൽ എയർഹോസ്റ്റസാണ്. ഒരേ നാട്ടുകാരാണ് ഞങ്ങൾ. അറേഞ്ച്ഡ് ലൗ മാര്യേജ് എന്നു പറയാം. രണ്ടു വയസ്സുള്ള മകനുണ്ട്. പേര് അഭിഷേക്. അച്ഛൻ തോമസ്, അമ്മ ത്രേസ്യാമ. രണ്ടു പേരും അധ്യാപകരായിരുന്നു. ഒരു സഹോദരിയുണ്ട്. പേര് അഞ്ജു. എം.എസ്.സി നഴ്സിംഗ് കഴിഞ്ഞ് അയർലന്റിൽ പോകാൻ തയാറെടുക്കുന്നു. അച്ഛനമ്മമാരുടെ പ്രോത്സാഹനവും പിന്തുണയും കൊണ്ടാണ് ഞാൻ ഇവിടം വരെ എത്തിയത്

സ്വപ്നം

എല്ലാ ആർട്ടിസ്റ്റുകളെയും പോലെ സിനിമ എന്റെയും സ്വപ്നമാണ്. നല്ല റോളുകൾ സിനിമയിൽ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com