ADVERTISEMENT

ഏതാനും ദിവസങ്ങളായി കരിങ്കോഴിയാണു സമൂഹമാധ്യമങ്ങളിലെ താരം. കരിങ്കോഴി കുഞ്ഞുങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന പരസ്യം പല വാർത്തകളുടെയും ട്രോളുകളുടെയും കമന്റു ബോക്സിൽ പ്രത്യക്ഷപ്പെടുന്നു. ഒമർ ലുലു പങ്കുവച്ച അഡാർ ലവ് സിനിമയുടെ പോസ്റ്ററിനു താഴെ ഈ പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണു ട്രോളുകൾ തുടങ്ങിയത്.

ഇതോടെ ഫോൺ കോളുകളുടെ ബഹളമാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിന്. വ്യാപകമായി പ്രചരിക്കുന്ന കരിങ്കോഴി പരസ്യത്തിലെ ഫോൺ നമ്പർ ഇദ്ദേഹത്തിന്റേതാണ്. അതെ, ട്രോളുകളിലെ ‘സമ്പന്നനായ’ ആ കരിങ്കോഴി കച്ചവടക്കാരൻ. എന്നാൽ കരീമിന് ഇത് ട്രോളല്ല, ജീവിതമാണ്. മണ്ണാർക്കാടുള്ള കടയിൽ മാത്രമാണ് ഇദ്ദേഹത്തിനു കച്ചവടമുള്ളത്. എന്നാൽ ഇന്നു കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നു വിളികളെത്തുന്നു.

കരിങ്കോഴിയെ വില്‍ക്കാനുണ്ട് എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ബുദ്ധി ഉപദേശിച്ചത് ഇദ്ദേഹത്തിന്റെ സുഹൃത്താണ്. അടുത്ത സുഹൃത്തുക്കൾക്കും ഏതാനും ഗ്രൂപ്പുകളിലും മാത്രം പങ്കുവച്ച പരസ്യം എങ്ങനെയാണ് ഇത്ര പ്രചാരം നേടിയതെന്നു കരീമിന് അറിയില്ല. ഇതുപോലൊരു അവസ്ഥയിൽ കാര്യങ്ങളെത്തുമെന്ന് കരുതിയതുമില്ല. അസഭ്യവര്‍ഷം കൊണ്ടു പൊറുതിമുട്ടി. കരീം മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

ഇത്തരമൊരു സാഹചര്യം

എന്റെ സ്നേഹിതൻമാരോടും ചില ഗ്രൂപ്പുകളിലും ഈ പരസ്യം ഷെയറും കമന്റും ചെയ്തിട്ടുണ്ട്. അവർ മറ്റുള്ളവർക്കു ഷെയർ ചെയ്തിരിക്കാം. അങ്ങനെ ഇതു പങ്കുവച്ചു പോയിട്ടുമുണ്ടാകാം. എന്നാൽ ഇപ്പോൾ ട്രോൾ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദിവസവും അഞ്ഞൂറിലധികം കോളുകൾ വരുന്നു. ഇതു സത്യമാണോ എന്നറിയാനാണു വിളിക്കുന്നത്. നാലു ദിവസങ്ങളായി ഇതാണ് അവസ്ഥ. കമന്റ് ചെയ്താൽ പരസ്യം കിട്ടുമെന്ന് ഒരു സുഹൃത്താണു പറഞ്ഞത്. പക്ഷേ ഇതിപ്പോൾ പരസ്യത്തിന്മേൽ പരസ്യമായി മാറി. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ.

വിളിക്കുന്നവരുടെ പ്രതികരണങ്ങൾ

കുറച്ചു നേരത്തെ ഒരാൾ വിളിച്ചിരുന്നു. നേരിട്ടു കണ്ടിട്ടില്ല, എന്നെ അറിയില്ല. ഫോൺ എടുത്തപ്പോൾ തന്നെ അസഭ്യം പറയുകയാണ്. അതുകൊണ്ട് എന്താണു പ്രയോജനം? എനിക്കവരോട് ഒന്നും പറയാനില്ല. 

ഒമർ ലുലുവിന്റെ സിനിമയിൽ പാട്ടു ചെയ്ത ആളാണെന്നു പറഞ്ഞ് ഒരു ചെറുപ്പക്കാരൻ വിളിച്ചു. രണ്ട് ‘അഡാർ’ ജോഡി കരിങ്കോഴികളെ കിട്ടുമോ എന്നു ചോദിച്ചു. ‘അഡാർ ലവ്’ ജോഡി ഉണ്ടെന്നും അതിലും വലിയ ജോഡി വേണമെങ്കിൽ കമ്പനിയിൽ അടിച്ചു തരാമെന്നും ഞാൻ മറുപടി നൽകി. ഇതെല്ലാം ട്രോളാണെന്നു കരുതി വിളിച്ചതാണ്. അതിനുശേഷം അയാൾ മാപ്പു പറഞ്ഞു, മാന്യമായി  സംസാരിച്ചു. 

kareem-karinkozhi-1-
കരിങ്കോഴി കുഞ്ഞുങ്ങൾ

ഒരാൾ വിളിച്ചു ചോദിച്ചതു കരിങ്കോഴിയെ കറിവയ്ക്കണോ, അതോ കൃഷി ചെയ്യണോ എന്നാണ്. സുഹൃത്തേ താങ്കളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്നു ഞാൻ മറുപടി നൽകി. തൊട്ടു പിന്നലെ അസഭ്യവർഷം. എല്ലാവരോടും ഒന്നേ പറയുന്നുള്ളൂ. ഇതെന്റെ അരി മാർഗമാണ്. ആവശ്യക്കാർ എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. സത്യമാണോ എന്നറിയാനാണു കൂടുതൽ ആളുകളും വിളിക്കുന്നത്.

ബുദ്ധിമുട്ടായി അല്ലേ?

എനിക്കല്ല ഇതുകൊണ്ട് യഥാർഥ ബുദ്ധിമുട്ട്. ഇതെല്ലാം കണ്ടു ശരിക്കും കരിങ്കോഴിയെ ആവശ്യപ്പെട്ടു വിളിക്കുന്നവരുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിൽ നിന്നെല്ലാം വിളി വരുന്നു, വീട്ടമ്മമാരാണ്. പക്ഷേ അവിടെയൊന്നും എത്തിക്കാനാവില്ലല്ലോ. കടയില്‍ മാത്രമേ വിൽപനയുള്ളൂ. അങ്ങനെ പ്രതീക്ഷയോടെ വിളിക്കുന്നവർക്ക് എത്തിച്ചു കൊടുക്കാനാവില്ലല്ലോ എന്ന വിഷമമുണ്ട്. 

കരിങ്കോഴിയുടെ പ്രത്യേകതകൾ

kareem-karinkozhi-4-

കറുത്ത ഇറച്ചിയായിരിക്കും. ഔഷധഗുണമുണ്ടെന്നു വിശ്വസിക്കുന്നു. മരുന്നിന് ഉപയോഗിക്കുന്നുണ്ട്. ഇറച്ചിക്കു കൊഴുപ്പു കുറവാണ്. മുട്ടയക്കു നല്ല പോഷകമൂല്യമുണ്ട്. മൂന്നു വർഷത്തോളമായി ഫാം നടത്തുന്നു. പൊള്ളാച്ചിയിൽ നിന്നുമാണ് സ്റ്റോക്ക് എടുക്കുന്നത്. ജോഡിക്ക് 350 രൂപ എന്ന നിരക്കിലാണു വിൽപന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com