ADVERTISEMENT

ഒരു മീശയെക്കുറിച്ച് ഇത്ര പെരുപ്പിച്ച് എന്തു പറയാനിരിക്കുന്നു എന്നോർത്ത് സ്വന്തം മീശ പിരിക്കാൻ വരട്ടെ (സ്വന്തമായി മീശയില്ലാത്തവർ ക്ഷമിക്കുക). പറയാൻ പോകുന്നത് നമ്മുടെ അഭിമാനം കാത്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശയെക്കുറിച്ചാണ്. പാക്കിസ്ഥാനിൽ നിന്നു മോചിതനായി വാഗാ അതിർത്തിക്കിപ്പുറത്തേക്ക് അഭിനന്ദന്റെ ആ മടക്കത്തിന് എന്തൊരു മീശയെടുപ്പായിരുന്നു. ഒറ്റക്കാഴ്ചയിൽ ആർക്കും ഒന്നു തൂങ്ങിപ്പിടിച്ചുകയറാൻ തോന്നുന്ന അഴകൊത്ത ആ മീശയ്ക്കു പിന്നാലെയാണ് ഇപ്പോൾ യൂത്തന്മാർ. 

ബ്യൂട്ടി സലൂണുകളിൽ ഇതിനകം അഭിനന്ദന്റെ ഗൺ സ്ലിങ്ങർ സ്റ്റൈൽ ഹിറ്റായിക്കഴിഞ്ഞു. ഒരു സൈക്കിൾ ഹാൻഡിൽ ബാറിനെ ഓർമിപ്പിക്കുന്ന ഈ യമണ്ടൻ മീശത്തുമ്പിലായിരുന്നിരിക്കണം അഭിനന്ദൻ പാക് ഭീകരന്മാരെ തൂക്കിയെടുത്തെറിഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലെ അടക്കംപറച്ചിൽ. ഫാഷൻ ലോകത്തെ പുതിയ ട്രെൻഡ് ആയി മാറുന്ന ‘അഭിനന്ദൻ മീശ’ മുഖത്ത് വരച്ചുചേർത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പെൺകുട്ടികൾ പോലും.

വീതി കുറച്ച് ട്രിം ചെയ്ത മട്ടൻ ചോപ് താടിയും നീണ്ടുവളഞ്ഞു ഷെയ്പ് ചെയ്ത ഗൺസ്ലിങ്ങർ മീശയും ചേർന്ന ക്ലാസിക് കോംബിനേഷൻ അഭിനന്ദന്റെ മുഖത്തിന് ഒരു ഹീറോ ലുക്ക് നൽകുന്നു. (ഫ്രാൻസ് ജോസഫ് സ്റ്റൈൽ എന്നുകൂടി ഈ മീശയ്ക്ക് പേരുണ്ട്.) ‘പേട്ട’യിൽ രജനീകാന്തും ‘സിങ്ക’ത്തിൽ സൂര്യയും പരീക്ഷിച്ച മീശയോട് സാമ്യമുണ്ട് അഭിനന്ദന്റെ മീശയ്ക്ക്. തമിഴകത്തിന്റെ അഴകൊത്ത മീശവടിവിന് ഒരു ഫ്രഞ്ച് ടച്ച് കൂടിയാകുമ്പോൾ പിന്നെ പറയണോ..

1970 മുതലാണ് ഈ സ്‌റ്റൈൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു മുൻപ് യുവാക്കൾക്കിടയിൽ ഏറ്റവും ട്രെൻഡ് ആയി മാറിയത് ബോളിവുഡ് താരം രൺവീർ സിങ്ങിന്റെയും ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെയും മീശ ആയിരുന്നു. കോളജ് കുമാരന്മാരാണ് ഇത്തരം സ്റ്റൈലുകൾ കൂടുതൽ പരീക്ഷിച്ചത്.

എന്നാൽ അഭിനന്ദന്റെ സിഗ്നേച്ചർ സ്റ്റൈൽ മീശ എല്ലാ ചെറുപ്പക്കാർക്കും ചേരില്ലെന്നാണ് ഫാഷൻ സ്റ്റൈലിസ്റ്റുകൾ പറയുന്നത്. കാരണം മീശ വയ്ക്കുന്നത് മുഖത്താണെങ്കിലും ഗൺ സ്ലിങ്ങർ സ്റ്റൈൽ ചേരുന്നത് അഭിനന്ദനെപ്പോലെ നല്ല ചങ്കുറപ്പും ധൈര്യവുമുള്ള ടഫ് ബ്രോസിന് ആണത്രേ. (അതായത് തൊട്ടാവാടികളും പേടിത്തൊണ്ടന്മാരും എടുത്തുവച്ച് അഭിന്ദൻ മീശയുടെ ഇമേജ് കളയരുതെന്ന് ചുരുക്കം). എന്നാൽ ഗൺ സ്ലിങ്ങർ അഴകിനപ്പുറം ആത്മവിശ്വാസം കൂടിയാണെന്നും അതുള്ളപ്പോൾ ഒരു ധൈര്യം കിട്ടുന്ന പോലെയാണെന്നും വിശ്വസിക്കുന്ന പാവത്താന്മാരുമുണ്ടത്രേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com