sections
MORE

വഴിത്തിരിവായ ‘സുന്ദരിയേ വാ’, കണ്ണുനീർ തുടച്ച ഗീതു മോഹൻദാസ്; സംഗീത മനസ്സു തുറക്കുന്നു

sangeetha-sivan-memories-of-chembakame-album-geethu-mohandas
സംഗീത ശിവൻ
SHARE

മലയാളത്തിൽ ആൽബങ്ങൾ തരംഗമായിരുന്ന കാലം. പുതിയ റിലീസുവേണ്ടി മലയാളികൾ കാത്തിരുന്നു. ക്യാംപസുകളിൽ മുഴങ്ങുന്ന മുളിപ്പാട്ടുകളിൽ സിനിമാ ഗാനങ്ങളെ ആൽബങ്ങൾ പിന്തള്ളി. ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍, യുവ ഗായകർ, മികച്ച നടീ–നടന്മാർ അങ്ങനെ ആൽബം ഗാനങ്ങൾ മലയാളികൾ ഹൃദയത്തിൽ ചേർത്തുവച്ച കാലം.

പതിവുപോലെ തരംഗങ്ങൾ മാറി. ആൽബങ്ങൾ പിന്തള്ളപ്പെട്ടു. പക്ഷേ, കാലമെത്ര കഴിഞ്ഞാലും ഓർത്തുവയ്ക്കുന്ന ചിലതിനു ജന്മം നല്‍കിയാണു കാലം മുന്നോട്ടു കുതിച്ചത്. നിത്യഹരിതമായ ഒരുപിടി ഗാനങ്ങൾ. അക്കൂട്ടത്തിലൊന്നാണ് ‘ചെമ്പകമേ’ എന്ന ആൽബത്തിലെ ‘‘സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ’’ എന്ന ഗാനം. ഇന്നും ഫെയ്സ്ബുക്കിലേ, യൂട്യൂബിലോ ആ പാട്ടു കണ്ടാൽ നമ്മൾ ഒന്നു നിൽക്കും. ഫ്രാങ്കോയുടെ ഹൃദ്യമായ ശബ്ദത്തിനൊപ്പം ആ പ്രണയദൃശ്യങ്ങൾ മലയാളികളെ ഇന്നും പിടിച്ചിരുത്തും.

ആ ഗാനരംഗത്ത് കത്തുംകൊണ്ടു സൈക്കിളില്‍ വരുന്ന സുന്ദരിയായ പോസ്റ്റ് വുമണിനെയും ആരും മറന്നിട്ടുണ്ടാവില്ല. അന്ന് ആ പെണ്‍കുട്ടി സൈക്കിൾ ചവിട്ടി കയറിയത് മലയാളികളുടെ ഹൃദയത്തിലേക്കായിരുന്നു. സംഗീത ശിവൻ. സംഗീതയുടെ വിശേഷങ്ങളിലൂടെ...

കലാരംഗത്തേക്ക്

പാട്ടിനോടുള്ള എന്റെ ഇഷ്ടം മനസ്സിലാക്കി അച്ഛനും അമ്മയും അഞ്ചാം വയസ്സിൽ സംഗീതം അഭ്യസിക്കാൻ ചേർത്തു. അരങ്ങേറ്റം കഴിഞ്ഞ ശേഷം ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാപാരായണം എന്നിങ്ങനെയുള്ള മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. ഏലൂർ സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂളിലാണു പഠിച്ചത്. സ്കൂൾ തലത്തിൽ യൂത്ത് ഫെസ്റ്റിവെലിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ഞാൻ പാട്ടുകാരിയാവും എന്നാണ് അധ്യാപകരും വീട്ടുകാരും കരുതിയിരുന്നത്.

ക്യാമറയ്ക്കു മുമ്പിൽ

2003 മുതൽ ടിവി പരിപാടികളിൽ അവതാരകയായി. അതു കണ്ടിട്ട് ഒരു പരസ്യം ഡബ്ബ് ചെയ്യാൻ വിളിച്ചു. ഡബ്ബിങ്ങിനെ കുറിച്ച് കൂടുതലൊന്നും അറിയാതെയാണ് അന്ന് ചെയ്തത്. ചുണ്ടനക്കം ശ്രദ്ധിക്കാതെ വെറുതെ ഡയലോഗ് പറയുകയായിരുന്നു. അഞ്ഞൂറു രൂപയാണ് അന്നു പ്രതിഫലം ലഭിച്ചത്.

എറണാകുളത്ത് വാഴക്കാലയിലുള്ള മെട്രോ സ്റ്റുഡിയോയിലാണ് ആദ്യമായി ഡബ്ബ് ചെയ്തത്. ‘മിന്നുകെട്ട്’ സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷനിലുണ്ടായിരുന്ന അനിൽ ചേട്ടനാണു ഡബ്ബിങ് രംഗത്തേക്കു കൊണ്ടുവന്നത്. ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ സജിത്ത് ചേട്ടനും (സജിത് ദേവദാസ്) ഭാര്യയും പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റുമായ വത്സമ്മ ചേച്ചിയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായി തന്നെയാണു സീരിയലിലേക്കുള്ള വരവ്. ആയിരത്തിലേറെ എപ്പിസോഡുകൾ പിന്നിട്ട ‘മിന്നുകെട്ടാണ്’ ആദ്യ സീരിയൽ. പിന്നീട് കളിപ്പാട്ടങ്ങൾ, അനന്തം, മനപ്പൊരുത്തം ,നിലവിളക്ക് എന്നീ സീരിയലുകളിൽ അഭിനയിച്ചു.

sangeetha-vinu-3

സിനിമാലോകത്ത്

‘തസ്കരവീരൻ’ എന്ന സിനിമയിലാണ് ആദ്യമായി ഡബ്ബ് ചെയ്തത്. തുടർന്ന് ചാന്തുപൊട്ട്, രാപകല്‍, കൃത്യം, ചിന്താമണി കൊലക്കേസ് തുടങ്ങി ഇരുന്നൂറോളം സിനിമകൾക്ക് ഇതുവരെ ഡബ്ബ് ചെയ്തിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലെ ഒരു പാട്ടു രംഗത്താണ് ആദ്യമായി അഭിനയിക്കുന്നത്

‘ഉദയശങ്കരൻ’ സംവിധാനം ചെയ്ത ‘ചെമ്പകമേ’ എന്ന ആൽബത്തിൽ അഭിനയിക്കാൻ കഴിഞ്ഞതാണു ജീവിതത്തിലെ വഴിത്തിരിവ്. ഒരു പോസ്റ്റ് വുമണിന്റെ കഥാപാത്രമായിരുന്നു അതിൽ ചെയ്തത്. ഇന്നും ആളുകൾ ഓർത്തിരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആൽബമാണത്.

sangeetha-vinu-1

എല്ലാം തകർത്ത ആ വർഷം

2009 ലാണ് അച്ഛൻ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു. ആ അപ്രതീക്ഷിത വേർപ്പാട് എന്നെ മാനസികമായി തളർത്തി. ഇനി അഭിനയവും ഡബ്ബിങ്ങും വേണ്ട എന്നു തീരുമാനിച്ച് വീട്ടിൽ ഒതുങ്ങി കൂടി. ആ സമയത്തു വന്ന അവസരങ്ങളെല്ലാം വേണ്ടന്നുവച്ചു. അപ്പോഴാണു ഗീതു മോഹൻദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കേൾക്കുന്നുണ്ടോ’ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. 

ഗീതു ചേച്ചി വിളിച്ചപ്പോൾ അച്ഛന്റെ മരണവും എന്റെ മാനസികാവസ്ഥയും ഞാൻ പറഞ്ഞു. ഇനി അഭിനയിക്കാനില്ലെന്നും പറഞ്ഞു. പക്ഷേ ചേച്ചി എന്റെ വീട്ടിൽ വന്ന് സംസാരിച്ചും ഒരുപാടു നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണ് ‘കേൾക്കുന്നുണ്ടോ’ എന്ന സിനിമ. കണ്ണിനു കാഴ്ചയില്ലാത്ത ഒരു കുട്ടിയുടെ അമ്മ ആയിട്ടായിരുന്നു അഭിനയിച്ചത്. സ്പോട്ട് ഡബ്ബിങ് ആയിരുന്നു. ഈ സിനിമ ഇപ്പോൾ പത്താം ക്ലാസിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവാഹം

2010 ഡിസംബർ മൂന്നിനായിരുന്നു വിവാഹം. വിനു എന്നാണു ഭർത്താവിന്റെ പേര്. എറണാകുളം മഹാരാജാസിലാണു പഠിച്ചത്. അവിടെ എന്റെ സീനിയറായിരുന്നു. ഒരു റാഗിങ്ങിലൂടെയാണു പരിചയപ്പെടുന്നത്. പിന്നീട് ഇഷ്ടത്തിലായി. വിവാഹശേഷം ഞങ്ങൾ ദുബായിലേക്കു പോയി. ആറു വർഷം അവിടെയായിരുന്നു. ഞാൻ അവിടെ എഫ്.എം.റേഡിയോയിൽ പരസ്യങ്ങൾക്കു ഡബ്ബ് ചെയ്തിരുന്നു. പിന്നെ ഇടയ്ക്കു നാട്ടിൽ വന്നപ്പോൾ ഡബ്ബ് ചെയ്ത സിനിമയാണ് ‘ചാപ്പാ കുരിശ്’

sangeetha-vinu-family

തിരികെ നാട്ടിൽ

2016 ൽ മോൻ ജനിച്ചു. അതോടെ നാട്ടിൽ വന്നു സ്ഥിരതാമസമാക്കി. മകൻ മാധവ്. അമ്മ മഞ്ജുഷ എൽഐസി അഡ്വൈസറാണ്. അനിയത്തി ശ്രുതി സിംഗപ്പൂരിൽ ജോലി ചെയ്യുന്നു. എറണാകളത്തു തന്നെയാണ് വിനുവിന്റെ വീട്. അദ്ദേഹത്തിന്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്.

2017 മുതൽ വീണ്ടും ഡബ്ബിങ് തുടങ്ങി. ഒരു വർഷത്തിനുശേഷം അഭിനയരംഗത്തും സജീവമായി. നീലക്കുയിൽ, മഴവിൽ മനോരമയിലെ സ്ത്രീപദം എന്നീ സീരിയലുകളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA