sections
MORE

മേലാസകലം പൊള്ളി 28 ദിവസം ആശുപത്രിയിൽ, തിരിച്ചുവരവ് ഉണ്ടാകില്ലെന്നു കരുതി: അനീഷ് രവി

HIGHLIGHTS
  • മിന്നുകെട്ടിലെ വിമൽ ജീവിതത്തിലെ വഴിത്തിരിവായി
  • ഷൂട്ടിങ്ങിനിടെ രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടു
serial-actor-aneesh-ravi-on-his-life
അനീഷ് രവി
SHARE

‘കാര്യം നിസ്സാരം’ എന്ന സീരിയലിലെ വില്ലേജ് ഓഫിസറെ ഓർമ്മയില്ലേ? ആദർശവാനായ മോഹനകൃഷ്ണനെ! അല്ലെങ്കിൽ ‘അളിയൻ Vs അളിയൻ’ എന്ന സീരിയലിലെ കനകനെ അറിയില്ലേ? അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്താൻ ഈ രണ്ടു കഥാപാത്രങ്ങൾ ധാരാളം. മെഗാസീരിയൽ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകർക്കു തിരിച്ചറിയാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ. പല കഥാപാത്രങ്ങളിലൂടെ അനീഷ് എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രോഗ്രാമുകൾക്ക് അവതാരകനായും തിളങ്ങി. അനീഷിന്റെ വിശേഷങ്ങളിലൂടെ...

കലാരംഗത്തേക്കുള്ള വരവ്

സ്കൂൾതലം മുതലേ കലാരംഗത്തു സജീവമാണ്. എന്റെ വീട് ചിറയിൻ കീഴിലെ മഞ്ചാടിമൂട് എന്ന സ്ഥലത്താണ്. ശാർക്കര ദേവീ ക്ഷേത്രത്തിനടുത്ത്. ധാരാളം കലാസാംസ്കാരിക സമതികളും ക്ലബ്ബുകളും ഉള്ള സ്ഥലമാണ്. കലാപ്രവർത്തനങ്ങളിൽ ഞാൻ സജീവം ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ‘ഭാവിയിൽ ആരാവണം’ എന്ന ടീച്ചറുടെ ചോദ്യത്തിന് എന്റെ ഉത്തരം ‘ഒരു നടൻ ആവണം’ എന്നായിരുന്നു. അതു സാധിച്ചു. ഈശ്വരനു നന്ദി. 

ക്യാമറയ്ക്ക് മുമ്പിലേക്ക്

ബലിക്കാക്കകൾ എന്ന ഹ്രസ്വ ചിത്രത്തിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്. ചെറിയ വേഷം ആയിരുന്നു. പിന്നീട്, ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘മോഹനം’ എന്ന സീരിയലിൽ അഭിനയിച്ചു. ജനങ്ങൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് ആ സീരിയലിലൂടെയാണ്. സംസ്ഥാന അവാർഡ് നേടിയ ‘ശ്രീ നാരായണഗുരു’എന്ന സീരിയലിൽ ഗുരുവിന്റെ വേഷം അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.

വഴിത്തിരിവ്

മെഗാ സീരിയലായ ‘മിന്നുകെട്ടിൽ’ വിമൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പിന്നീട്, തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മിന്നുകെട്ടിനുശേഷം തമിഴ് ആയിരുന്നു തട്ടകം. ‘മേഘല’ എന്ന സൂപ്പർഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രം. അതു കഴിഞ്ഞ് ‘ശാന്തി നിലയം.’ അതിനുശേഷമാണു ‘കാര്യം നിസ്സാരം’. 

ഓരോ എപ്പിസോഡിലും ഓരോ കഥ പറയുന്ന സീരിയൽ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഉണ്ണി ചെറിയാൻ ആയിരുന്നു രചനയും സംവിധാനവും. പിന്നീട്, ‘മൂന്ന് പെണ്ണുങ്ങൾ’ എന്ന സീരിയലിൽ നായകനായി. ഇപ്പോൾ ചെയ്യുന്ന സീരിയലാണ് ‘അളിയൻ Vs അളിയൻ.’ രാജേഷ് തലച്ചിറയാണ് സംവിധാനം.

aneesh-ravi-anu-joseph
കാര്യം നിസ്സാരത്തിലെ ഒരു രംഗം

മറക്കാനാവാത്ത നിമിഷങ്ങൾ

ഷൂട്ടിങ്ങിനിടെ രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടു. അതൊരിക്കലും മറക്കാനാവില്ല. ‘ഓപ്പോൾ’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കു തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്.

കടലിൽ മുങ്ങിപ്പോയപ്പോൾ

ദുബായിൽ ഒരു പരിപാടിയുടെ അവതാരകനായുള്ള ഷൂട്ടിങ്ങിനിടെയാണ് അതു സംഭവിച്ചത്. ബർ-ദുബായ് ക്രീക്കിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു ഞാൻ വീണു. രണ്ടു തവണ മുങ്ങിപ്പോയി. മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു. കയ്യിലെ ഒരു ഞരമ്പ് മുറിഞ്ഞിരുന്നു. എന്നെയും കൊണ്ടു സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പാഞ്ഞു. എല്ലാവരും വാവിട്ട് കരയുകയായിരുന്നു.

ആശുപത്രിയിൽ എത്തി അൽപം കഴിഞ്ഞ് എല്ലാം സാധാരണ നിലയിലായപ്പോൾ പഴ്സ് തുറന്ന് മകന്റെ ചിത്രമെടുത്തു നോക്കി. പിന്നെ, പൊട്ടിക്കരഞ്ഞു. ഒരുപാടു പേർ മുങ്ങി മരിച്ച സ്ഥലത്താണു ഞാൻ വീണത്. രക്ഷപ്പെട്ടവരിൽ അപൂർവം ചിലരിൽ ഒരാളായിരുന്നു ഞാൻ.

മറ്റൊരിക്കൽ ‘കാക്കി നക്ഷത്രം’  എന്ന സിനിമയുടെ ഷൂട്ടിങ്ങിനുശേഷം രാത്രി കാറോടിച്ചു പോകുന്നതിനിടെ ഞാൻ ഉറങ്ങിപ്പോയി. കാർ ഒരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറി. കാർ പൂർണ്ണമായി തകർന്നെങ്കിലും ഞാൻ രക്ഷപ്പെട്ടു. മൂന്ന‌ു വലിയ അപകടങ്ങളിൽ നിന്ന് ഈശ്വരൻ എന്നെ കാത്തു.

aneesh-ravi-1

കുടുംബം

ഭാര്യ ജയലക്ഷ്മി. പി.എസ്.സിയിൽ ജോലി ചെയ്യുന്നു. അദ്വൈത്, അദ്വിക് എന്നാണ് മക്കളുടെ പേര്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA