വീഴ്ച ‘ഒറിജിനൽ’ ആണോ എന്നു ചോദിച്ചവർക്ക് മറുപടിയുമായി ആ മാധ്യമപ്രവർത്തകൻ

HIGHLIGHTS
  • രാഹുലും പ്രിയങ്കയും വന്നതോടെ കാര്യങ്ങൾ വേഗത്തിലായി
  • അവർക്കു വേണമെങ്കിൽ തിരിഞ്ഞു നോക്കാതെ പോകാമായിരുന്നു.
rahul-priyanka-gandhi-injured-journalist-wayanad-facebook-post
വാനിലിരുന്ന് റിപ്പോർട്ട് ചെയ്യുന്ന റിക്സൺ ഉമ്മൻ (ഇടത്), നിലത്തു വീണ റിക്സണെ പരിചരിക്കുന്ന രാഹുലും പ്രിയങ്കയും
SHARE

രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ വാനിൽ നിന്നു വീണു മാധ്യമപ്രവർത്തകര്‍ക്കു പരുക്കേറ്റതും, രാഹുലും പ്രിയങ്കയും അവരെ ശുശ്രൂഷിച്ചതും വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഇതു പദ്ധതിയിട്ടു നടപ്പിലാക്കിയതാണെന്ന പരിഹാസവുമായി ചിലർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഈ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കുകയാണ് അപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകരില്‍ ഒരാളും ഇന്ത്യാ എഹെഡ് എന്ന ദേശീയ മാധ്യമത്തിന്റെ പ്രതിനിധിയുമായ റിക്സൺ ഉമ്മൻ. 

വാനിൽ നിന്നു വീണു പരുക്കേറ്റ റിക്സണു സമീപമെത്തി രാഹുലും പ്രിയങ്കയും പ്രഥമ ശുശ്രൂഷ നൽകി. ഇരുവരുടെയും നേതൃത്വത്തിലാണ് ഇദ്ദേഹത്തെ ആംബുലൻസിൽ കയറ്റിയത്. ‘ചങ്കു പറിച്ചു കാണിച്ചാലും ചെമ്പരത്തി പൂവാണോ എന്നു ചോദിക്കല്ലേ’ എന്നു തുടങ്ങുന്ന കുറിപ്പിലൂടെയാണു ‘വീഴ്ച ഒറിജിനലാണോ’ എന്ന സംശയം ചോദിച്ചവർക്കുള്ള മറുപടി റിക്സൺ നൽകിയത്. അന്നേ ദിവസത്തെ സംഭവങ്ങള്‍ കുറിപ്പിൽ വിവരിക്കുന്നു.

അണികൾക്കു നിർദേശം കൊടുത്ത് രാഹുലിനും പ്രിയങ്കയ്ക്കും തിരിഞ്ഞു നോക്കാതെ പോകാമായിരുന്നു. എന്നിട്ടും അവര്‍ ഇറങ്ങി വന്നതും പരിചരിച്ചതും അവരുടെ കരുണയും നേതൃത്വ ഗുണവും കൊണ്ടാണ്. രാഷ്ട്രീയ ബോധമുണ്ടെന്നും അതൊരിക്കലും തൊഴിലിൽ കലർത്തിയിട്ടില്ലെന്നും റിക്സൺ പറയുന്നു. വാനിൽ നിന്നുള്ള വീഴ്ചയിൽ റിക്സന്റെ വലതുകെപത്തിക്കും തോളെല്ലിനും പരുക്കേറ്റു.

റിക്സൺ ഉമ്മന്റെ കുറിപ്പ് വായിക്കാം: 

ചങ്ക് പറിച്ച് കാണിക്കുന്ന എല്ലാവരോടും ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ.....

കഴിഞ്ഞ രണ്ട് ദിവസം എവിടെയായിരുന്നു ഇവൻ എന്നാകും നിങ്ങൾ അദ്യം ചിന്തിക്കുക. ഇപ്പോഴും കടുത്ത വേദനയുണ്ട്. ഈ കുറിപ്പ് ഇപ്പോൾ ഇട്ടില്ലേൽ ശരിയാവില്ലെന്ന് തോന്നി. വീഴ്ച്ചയിൽ വലതു കൈപത്തിക്കു പൊട്ടലുണ്ട്. തോളെല്ലിനും പരിക്കുണ്ട്. ഇന്ന് അതിരാവിലെയാണ് വയനാട്ടിൽ നിന്നു തിരുവനന്തപുരത്ത് എത്തിയത്.

വണ്ടിയിൽ നിന്നു വീണതിനു ശേഷം ഒത്തിരി കോളുകൾ വന്നു. പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും കരുതലിനും നന്ദി. വിളിച്ചവരിൽ ചിലർക്ക് അറിയേണ്ടിയിരുന്നത് എന്റെ ഷൂസിനെ പറ്റിയാണ്. ചിലർക്ക് വീഴ്ച്ച 'ഒറിജിനൽ' ആയിരുന്നോ എന്ന്. മറ്റു ചിലർക്ക് എന്റെ രാഷ്ട്രീയവും....

rahul-gandhi
പരുക്കേറ്റ മാധ്യമ പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി

എനിക്ക് വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടെന്നു മാത്രമല്ല പ്രവർത്തിച്ചിട്ടുമുണ്ട്. പക്ഷെ അത് ഒരിക്കലും എന്റെ തൊഴിലിൽ ഞാൻ കലർത്തിയിട്ടില്ല, കലർത്താൻ ഉദ്ദേശിക്കുന്നുമില്ല. ഈ അപകടവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. അത് അവരുടെ കഞ്ഞിയുടെയും രാഷ്ട്രീയത്തിന്റെയും കാര്യം. അതിലും എനിക്ക് കുഴപ്പമില്ല. ഞാൻ കണ്ടതും അനുഭവിച്ചതുമായ കുറച്ചു കാര്യം ഞാൻ പറയാം.

വ്യാഴാഴ്ച രാത്രിയോടെയാണ് രാഹുൽ ഗാന്ധിയുടെ നോമിനേഷൻ സമർപ്പണവുമായി ബന്ധപ്പെട്ടു വയനാട്ടിലെത്തിയത്. വ്യാഴാഴ്ച നല്ല തിരക്കുള്ള ദിവസമായിരുന്നു. ആദ്യ ബുള്ളറ്റിൻ മുതൽ കലക്ട്രറ്റിന് മുന്നിൽ നിന്നു ലൈവ് നൽകി. പതിനൊന്നു മണിയോടെയാണ് മാധ്യമങ്ങൾക്കായി ഒരുക്കിയ മിനി ടെമ്പോ വാനിലേക്കു കയറിയത്. നിന്നു തിരിയാൻ ഇടമില്ലായിരുന്നു. എങ്കിലും അതിൽ കയറിയാൽ നല്ല വിഷ്വലും ഒരു പി.ടു.സി യും ചെയാൻ പറ്റുമെന്നു തോന്നി. ദൂരം കൂടുതൽ ഉള്ളതുകൊണ്ട് വാളണ്ടിയേഴ്സ് വണ്ടിയുടെ ഇരുവശത്തും തുങ്ങി നിന്നാണ് റോഡ് ക്ലിയർ ചെയ്തത്. പതിയേ ഞാൻ ഇരു സൈഡിലും ഇരുമ്പ് കമ്പികൾ കൊണ്ടുള്ള ബാരിക്കേഡിന്റെ മുകളിൽ സ്ഥാനമുറപ്പിച്ചു. യാത്രയുടെ ആദ്യ അര മണിക്കൂറിനുശേഷം അവിടെയിരുന്നാണു ലൈവ് നൽകാൻ ശ്രമിച്ചത് എന്നാൽ ജാമറിന്റെ പ്രശ്നം കാരണം ഒന്നും നടന്നില്ല...

ഹമ്പുകൾ കേറുമ്പോൾ ഉണ്ടയിരുന്ന പ്രശ്നങ്ങൾ ഒഴിച്ചു സേഫ് ആയിരുന്നു ആ ഇരിപ്പ്. റോഡ് ഷോ തീർന്ന ശേഷം ഹെലിപ്പാടുള്ള ഗ്രൗണ്ടിലേക്ക് ആദ്യം കയറിയത് ഞങ്ങളുടെ വണ്ടിയാണ്. വണ്ടി തിരിഞ്ഞതും കൂറെ ആളുകൾ ഒരു സൈഡിലേക്ക് തിരിഞ്ഞു, തൂങ്ങി കിടന്നവർ കൂടുതൽ ബലം നൽകി ബാരിക്കേഡ് പൂർണ്ണായി തകർന്ന് ഏറ്റവും മുകളിൽ ഇരുന്ന ഞാൻ താഴെ വീണു. വണ്ടി അപ്പോഴും മൂവിങ്ങിലായിരുന്നു. അത്ര ഉയരത്തിൽ നിന്നു നെഞ്ചും വലതു കൈപത്തിയും ഇടിച്ചു വീണ എനിക്ക് ഒരു മരവിപ്പു മാത്രായിരുന്നു, ആരൊക്കെയോ ദേഹത്തേക്കു വീണു. പെട്ടെന്നു തന്നെ എല്ലാവരും ഓടിയെത്തി സഹായിച്ചു. രാഹുലും പ്രിയങ്കയും വന്നതോടെ കാര്യങ്ങൾ വേഗത്തിലായതെന്ന് ഇപ്പോൾ തോന്നുന്നു. അവർ രണ്ടുപേരും ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞങ്ങൾക്കു ചികിൽസ വൈകുമായിരുന്നു എന്നു മാത്രമല്ല, ആ തിരക്കിനിടയിൽ കൂടി ആശുപത്രിയിൽ എത്തുവാൻ പോലും സാധിക്കില്ലായിരുന്നു.‌

എന്റെ ഷൂ കാലിൽ നിന്ന് ഊരിയതും ഷർട്ടിന്റെ ബട്ടൺ അഴിച്ചതും പ്രിയങ്ക ഗാന്ധിയാണ്. അതിനെ അവരവരുടെ സംസ്കാരവും വളർന്ന സാഹചര്യവും അനുസരിച്ച് എങ്ങനെയും വ്യഖ്യാനിക്കാം. എനിക്ക് അത് ഒരു ഫസ്റ്റ് എയ്ഡ് ആയിരുന്നു. അപകടം പറ്റിയ ആൾക്ക് പരമാവധി ശുദ്ധവായു ലഭ്യമാക്കാനാണ് അവർ ശ്രമിച്ചത്.

എന്നാൽ അവർ എന്റെ ഷൂ നഷ്ടപ്പെടാതെ കയ്യിൽ പിടിച്ചിരിക്കുന്ന വീഡിയോ ഞാൻ കണ്ടു. ആ പ്രവർത്തിക്കു പക്ഷേ ഫസ്റ്റ് എയ്ഡിനെ പറ്റി ഉള്ള അറിവു മാത്രം പോരെന്ന് തോന്നുന്നു. അതിനു മനുഷ്യത്വമുള്ള ഒരു മനസ്സ് കൂടി വേണം. അതു രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട് എന്നാണ് എന്റെ അനുഭവത്തിലൂടെ മനസ്സിലായത്.

ഒരു നേതാവിന്റെ ഗുണമാണത്. അവർക്കു വേണമെങ്കിൽ തിരിഞ്ഞുപോലും നോക്കാതെ, അല്ലെങ്കിൽ അണികൾക്ക് നിർദേശം നൽകി ഹെലികോപ്റ്ററിൽ കയറി പോകാമായിരുന്നു. അവരതു കാണിച്ചില്ലല്ലോ. അതിനെയാണ് കരുണ, കരുതൽ, മനുഷ്യത്വം, നേതൃഗുണം എന്നൊക്കെ വിളിക്കുന്നത്. ഇതു പറഞ്ഞതുകൊണ്ട് എന്നെ കോൺഗ്രസ് പാളയത്തിൽ കെട്ടണ്ട കാര്യമില്ല.

രണ്ടു കാര്യങ്ങൾ കൂടി ,

നമ്മളെല്ലാവരും ഫസ്റ്റ് എയ്ഡ് എന്താണെന്ന് പഠിക്കുന്നത് നല്ലതായിരിക്കും .പിന്നെ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിക്കുമ്പോൾ അവരുടെ ബിലോഗിംഗ്സ് കൂടി എടുത്ത് സുരക്ഷിതമായി ഏൽപ്പിക്കുവാനും ശ്രദ്ധിക്കണത് നന്നാവും...

(ഇതിനൊക്കെ ഇടയിലും എന്നേ ചേർത്ത് പിടിച്ചവരോട് )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA