ഈ മിടുക്കി എന്റെ ഹീറോ, ഇവളുടെ ചിത്രം സ്ക്രീൻ സേവർ ആക്കണം: ആനന്ദ് മഹീന്ദ്ര

HIGHLIGHTS
  • കുതിരപ്പുറത്തു സവാരി ചെയ്താണു കൃഷ്ണ പരീക്ഷയ്ക്കു പോയത്
  • കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് സ്വപ്നം.
anand-mahindra-tweet-on-horse-riding-girl-thrissur
SHARE

സ്കൂളിലേക്ക് കുതിരപ്പുറത്തു പായുന്ന മാള ഹോളി ഗ്രസ് സ്കൂളിലെ പത്താം ക്ലാസു വിദ്യാർഥിനി കൃഷ്ണ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. അവളുടെ തലയെടുപ്പിനും ചങ്കൂറ്റത്തിനും അഭിനന്ദന പ്രവാഹമായിരുന്നു. രാജ്യവ്യാപകമായി പ്രചരിച്ച ഈ വിഡിയോ കണ്ടവരുടെ കൂട്ടത്തിൽ വ്യവസായി ആനന്ദ് മഹീന്ദ്രയുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കഴിവുള്ളവരെ ലോകത്തിനു പരിചയപ്പെടുത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്ന ആനന്ദ് മഹീന്ദ്ര ഇത്തവണയും പതിവുതെറ്റിച്ചില്ല.

എന്നാൽ അഭിനന്ദനങ്ങൾ അറിയിക്കുക മാത്രമല്ല, കൃഷ്ണയുടെയും അവളുടെ കുതിര റാണാ കൃഷ്ണയുടെയും ചിത്രം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് മഹീന്ദ്ര. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറയിച്ചത്.‘തൃശൂരിലുള്ള ആർക്കെങ്കിലും ഈ മിടുക്കിയെ അറിയാമോ? അവളുടെയും കുതിരയുടെയും ഒരു ചിത്രം വേണം, എന്റെ സ്ക്രീന്‍ സേവറാക്കാൻ. അവള്‍ എന്‍റെ ഹീറോ ആണ്. സ്കൂളിലേക്കുള്ള അവളുടെ യാത്ര എന്നിൽ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ നിറക്കുന്നു’– മഹീന്ദ്ര കുറിച്ചു.

നേരത്തെ കൃഷ്ണ കുതിരപ്പുറത്തു യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് ‘ ലോകം മുഴുവൻ കാണേണ്ട ദൃശ്യങ്ങളാണിത്’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കുറിച്ചത്.

മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണു കൃഷ്ണ. കുതിരപ്പുറത്തു സവാരി ചെയ്താണു കൃഷ്ണ പരീക്ഷയ്ക്കു പോയത്. സ്കൂളിലേക്കു മാത്രമല്ല, കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നതും കുതിരപ്പുറത്താണ്. കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് കൃഷ്ണയുടെ സ്വപ്നം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA