ADVERTISEMENT

പരീക്ഷാദിവസം കുതിരപ്പുറത്ത് സ്കൂളിലേക്കു കുതിച്ച മിടുക്കിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വ്യവസായി ആനന്ദ് മഹീന്ദ്ര ഈ വിഡിയോ ട്വീറ്റു ചെയ്തതോടെ ദേശീയതലത്തിലും താരമായിരിക്കുകയാണ് മാള ഹോളി ഗ്രസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കൃഷ്ണ. 

മാളയിലെ ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൃഷ്ണ കുതിര സവാരിയിൽ പരിശീലനം ആരംഭിക്കുന്നത്. ഝാൻസി റാണിയെ പോലെയുള്ള സ്ത്രീകൾക്കേ കുതിര സവാരി സാധ്യമാകൂ എന്നു സുഹൃത്തു പറഞ്ഞതാണു പരിശീലനം നേടുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കാരണമെന്നു കൃഷ്ണ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.‘‘എല്ലാ ബുധനാഴ്ചയും സ്കൂളിൽ കുതിര സവാരി പരിശീലനം ഉണ്ടായിരുന്നു. ആ സമയത്ത് എനിക്കു പേടിയായിരുന്നു. കുതിര സവാരി എളുപ്പമുള്ള കാര്യമല്ല എന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. ഒരു പെൺകുട്ടിക്ക് അത് അസാധ്യമാണ്. എന്നാൽ ഝാൻസി റാണിയെ പോലെയുള്ള സ്ത്രീകൾക്ക് സാധിക്കുമെന്നും അവൻ പറഞ്ഞു. എന്നാൽ എന്തുകൊണ്ടു സാധാരണ പെൺകുട്ടിക്കു കുതിര സവാരി സാധ്യമവില്ല എന്നാണു ഞാന്‍ ചിന്തിച്ചത്’’– കൃഷ്ണ പറഞ്ഞു.

പരിശീലകനോടു കുതിര സവാരി പഠിക്കാനുള്ള താൽപര്യം അറിയിച്ചപ്പോൾ വീട്ടുകാരുടെ സമ്മതം വാങ്ങാനാണ് ആവശ്യപ്പെട്ടത്. ഉറച്ച പിന്തുണയുമായി മാതാപിതാക്കൾ കൂടെ നിന്നു. കൃഷ്ണയുടെ പ്രകടനം മികച്ചതാണെന്നു പരിശീലകൻ പറഞ്ഞതോടെ മകൾക്ക് ഒരു കുതിരയെയും വാങ്ങി നൽകി.

കടയില്‍ പോക്കും നാട്ടിലെ കറക്കവും കുതിരപ്പുറത്താണ്. എന്നാൽ പത്താം ക്ലാസു പരീക്ഷയുടെ അവസാനദിവസം സ്കൂളിലേക്കുള്ള കൃഷ്ണയുടെ യാത്രയാണു വൈറലായത്. തന്റെ സ്ക്രീന്‍ സേവറാക്കാന്‍ കൃഷ്ണയുടെയും കുതിരയുടെയും ഒരു ചിത്രം വേണമെന്നാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവച്ചു കുറിച്ചത്.

മാള പുത്തൻവേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദി– ഇന്ദു ദമ്പതിമാരുടെ ഏക മകളാണ് കൃഷ്ണ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com